Crime

വിവാഹ ദിവസം സഹോദരിമാരായ വധുക്കൾ മരിച്ച നിലയിൽ; നേരത്തേ നിശ്ചയിച്ച വിവാഹം വേണ്ടെന്നുവച്ച് വീട്ടുകാര്‍ പുതിയബന്ധമുറപ്പിച്ചതു കാരണം?

രാജസ്ഥാനിലെ ജോധ്പുരിൽ വിവാഹപ്പന്തലിലേക്ക് വരനും സംഘവും എത്താനിരിക്കെ സഹോദരിമാരായ വധുക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ നടുക്കുന്നു. മനായി ഗ്രാമത്തിലെ ദീപ് സിങ്ങിന്റെ മക്കളായ ശോഭ, വിമല എന്നിവരാണ് വിവാഹദിവസം പുലർച്ചെ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി രാജസ്ഥാനി വിവാഹങ്ങളിലെ പരമ്പരാഗത ആചാരമായ ‘ബന്ദോളി’ ചടങ്ങുകൾക്ക് ശേഷം ഉറങ്ങാൻ പോയതായിരുന്നു ഇരുവരും. എന്നാൽ ശനിയാഴ്ച പുലർച്ചെ നാല് മണിയോടെ മുറിയിൽ അവശനിലയിൽ കണ്ടെത്തിയ സഹോദരിമാരെ ഉടൻ തന്നെ ജോധ്പുരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ സ്കൂൾ അധ്യാപികമാരായി ജോലി ചെയ്തുവരികയായിരുന്നു മരിച്ച യുവതികൾ.

യുവതികളുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ നിന്നും വീട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകൾക്കായി തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് പോലീസ് സംഘം സ്ഥലത്തെത്തി ഇടപെട്ടത്. പോലീസ് നിർദ്ദേശപ്രകാരം സംസ്കാരം നിർത്തിവെപ്പിക്കുകയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റുകയും ചെയ്തു. വിഷബാധയേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഇതിനിടെ, യുവതികളുടെ വിവാഹവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകൾ ബന്ധുക്കൾ നടത്തിയിട്ടുണ്ട്. ഇവരുടെ വിവാഹം നേരത്തെ മറ്റ് രണ്ടുപേരുമായി നിശ്ചയിച്ചിരുന്നതാണെന്നും എന്നാൽ അടുത്തിടെ അത് വേണ്ടെന്നു വെച്ചാണ് പുതിയ വിവാഹത്തിന് വീട്ടുകാർ തയ്യാറെടുത്തതെന്നുമാണ് വിവരം.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണത്തിലെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. വിവാഹ ആഘോഷങ്ങൾ നടക്കേണ്ട വീട്ടിൽ പെട്ടെന്നുണ്ടായ ഈ ദുരന്തം ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

Leave a Reply

Your email address will not be published. Required fields are marked *