
ശവപ്പെട്ടി നിര്‍മ്മാണവും കയറ്റുമതിയുമൊക്കെ കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലുള്ള ഹെസെ (Heze) എന്ന നഗരത്തില്‍ ഒരു വന്‍കിട ബിസിനസ്സായി മാറിയിരിക്കുകയാണ്. പരിസ്ഥിതി സൗഹൃദമായ ഉല്‍പ്പന്നങ്ങളും ഇലക്ട്രോണിക് റീത്തുകളും ഇവര്‍ തെക്കുകിഴക്കന്‍ ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. 2020-ല്‍ ഈ ഗ്രാമത്തിലെ ശവസംസ്കാര വിതരണ വ്യവസായം 100 കോടി യുവാന്‍ വാര്‍ഷിക ഉല്‍പ്പാദന മൂല്യം കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഹെസെയില്‍ നിന്നുള്ള ലിസ ലിയു (29) എന്ന യുവതി മുന്‍പ് ഒരു അധ്യാപികയായിരുന്നു. ക്ലാസ് മുറിയിലെ സമ്മര്‍ദ്ദം മൂലവും നിരന്തരമായ സംസാരം കാരണം തൊണ്ടയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനാലും 2023 ജൂലൈയില്‍ അവര്‍ തന്റെ ജീവിതം മാറ്റിമറിച്ച ഒരു തീരുമാനമെടുത്തു. തുടര്‍ന്ന് ലിയു ശവപ്പെട്ടി വില്‍പ്പന രംഗത്തേക്ക് കടന്നു. യൂറോപ്യന്‍ വിപണിയില്‍, പ്രത്യേകിച്ച് ഇറ്റലിയിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഹെസെയില്‍ നിര്‍മ്മിക്കുന്ന ശവപ്പെട്ടികള്‍ പരമ്പരാഗത ചൈനീസ് ഡിസൈനുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ചൈനയിലെ ഭാരമേറിയതും കടും നിറമുള്ളതുമായ മോഡലുകള്‍ക്ക് പകരം, ഇറ്റാലിയന്‍ ശവപ്പെട്ടികള്‍ ഭാരം കുറഞ്ഞതും മതപരമായ കൊത്തുപണികളാല്‍ അലങ്കരിച്ചതുമാണ്.
ഭാരം കുറഞ്ഞതും പെട്ടെന്ന് തീ പിടിക്കുന്നതുമായ ‘പൗലോണിയ’ (Paulownia) മരങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഹെസെയില്‍ ഏകദേശം 30 ലക്ഷം പൗലോണിയ മരങ്ങളുണ്ട്. ഹെസെയില്‍ നിര്‍മ്മിക്കുന്ന ശവപ്പെട്ടികള്‍ക്ക് 90 മുതല്‍ 150 ഡോളര്‍ വരെയാണ് വില. എന്നാല്‍ യൂറോപ്പില്‍ ഇതിന് സാധാരണയായി 1,100 മുതല്‍ 2,100 ഡോളര്‍ വരെ വിലവരും. ലിയുവിന്റെ ഫാക്ടറി പ്രതിവര്‍ഷം ഏകദേശം 40,000 ശവപ്പെട്ടികള്‍ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നു. ഇതിലൂടെ ഏതാണ്ട് 40 ദശലക്ഷം യുവാന്‍ (ഏകദേശം 6 മില്യണ്‍ ഡോളര്‍) വാര്‍ഷിക വരുമാനം ഇവര്‍ക്ക് ലഭിക്കുന്നു.
ഹെസെ മാത്രമല്ല, ഹെബെയ് പ്രവിശ്യയിലെ മിബെയ്ഷുവാങ് (Mibeizhuang) ഗ്രാമവും ശവസംസ്കാര ഉപകരണങ്ങളുടെ ഒരു പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നു. ശവസംസ്കാര വസ്ത്രങ്ങള്‍, പൂമാലകള്‍, ബോഡി ബാഗുകള്‍ എന്നിവ വില്‍ക്കുന്ന കടകളാല്‍ ഇവിടം സമൃദ്ധമാണ്.



