Featured Healthy Food

മത്തങ്ങ ആള് അത്ര നിസാരക്കാരനല്ല ; ശരീരഭാരം നിയന്ത്രിക്കാന്‍ വരെ സഹായിക്കും

നമ്മുടെ വീട്ടില്‍ കറികളിലോ, സാമ്പാറിലോ, തോരനായോ ഒക്കെ ഇടം പിടിയ്ക്കുന്ന ആളാണ് മത്തങ്ങ. പണ്ടു കാലം മുതലേ പല വിഭവങ്ങളായി ആഹാരക്രമത്തില്‍ ഇത് ഉള്‍പ്പെടുത്തുന്നതിനും ചില കാരണങ്ങള്‍ ഉണ്ട്. വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ (fiber) എന്നിവയാല്‍ സമ്പന്നമായ ഒരു പോഷകപ്രദമായ പച്ചക്കറിയാണ് മത്തങ്ങ. ഇത് പതിവായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും കാഴ്ചശക്തി സംരക്ഷിക്കാനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

അതുപോലെ തന്നെ മത്തങ്ങയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം കൃത്യമായി നടക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് കൂടാതെ, ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് കുറയ്ക്കുന്നതിനും അമിതമായി ആഹാരം കഴിക്കുന്നത് കുറയ്ക്കാനും ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ സഹായിക്കുന്നു. ഇതില്‍ മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് കലോറിയും വളരെയധികം കുറവാണ്. ഇത്രയൊക്കെയുള്ള മത്തങ്ങയുടെ പ്രധാന ഗുണങ്ങള്‍ കൂടി അറിയാം…

  • രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു – മത്തങ്ങയിലുള്ള ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ A, C എന്നിവയും രോഗങ്ങളെ പ്രതിരോധിക്കാന്‍ ശരീരത്തെ സഹായിക്കുന്നു. പ്രത്യേകിച്ച് പനി, ജലദോഷം എന്നിവയുള്ള സമയങ്ങളില്‍ ഇത് പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.
  • കണ്ണിന്റെ ആരോഗ്യത്തിന് നല്ലത് – മത്തങ്ങയില്‍ ബീറ്റാ കരോട്ടിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിനുള്ളില്‍ വെച്ച് വിറ്റാമിന്‍ A ആയി മാറുന്നു. പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന കാഴ്ച പ്രശ്‌നങ്ങള്‍ തടയാന്‍ ഇത് സഹായിക്കുന്നു
  • ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു – കുറഞ്ഞ കലോറിയും ഉയര്‍ന്ന അളവില്‍ നാരുകളും മത്തങ്ങയിലുണ്ട്. ഇത് കഴിക്കുന്നത് വയര്‍ നിറഞ്ഞതായി തോന്നിക്കാനും അമിതാഹാരം ഒഴിവാക്കാനും സഹായിക്കും.
  • ദഹനം സുഗമമാക്കുന്നു – ഇതിലെ നാരുകള്‍ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം ഒഴിവാക്കി വയറിന്റെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു.
  • ഹൃദയാരോഗ്യത്തിന് ഉത്തമം – മത്തങ്ങയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു.