Featured Oddly News

“എന്നെ ജോലിക്ക് എടുക്കരുത്, കാരണം…” CEOയുടെ കുഴപ്പിക്കുന്ന ചോദ്യം; യുവതിയുടെ മറുപടി വൈറൽ!

ഒരു ജോലിയുടെ ഇന്റര്‍വ്യൂവിന് പോകുന്ന ഓരോ ഉദ്യോഗാര്‍ത്ഥികളും നന്നായി തയ്യാറായി മാത്രമായിരിയ്ക്കും പോകുന്നത്. കാരണം ഏതു തരത്തിലുള്ള ചോദ്യമാണ് തങ്ങള്‍ക്ക് വരുന്നത് എന്നത് പ്രവചിയ്ക്കാന്‍ സാധ്യത കുറവാണ്. ഏത് ചോദ്യത്തിനും തയ്യാറായി മാത്രമായിരിയ്ക്കും പോകുന്നതെങ്കിലും, അപ്രതീക്ഷിതമായ ചില ചോദ്യങ്ങള്‍ കുരുക്കിലാക്കാറുമുണ്ട് എന്നത് സത്യവുമാണ്.

ഇപ്പോള്‍ അത്തരത്തിലുള്ള അപ്രതീക്ഷിതമായ ഒരു ചോദ്യം നേരിടേണ്ടി വന്ന കാത്യാനയനി ശുക്ല എന്ന യുവതിയുടെ അനുഭവമാണ് ശ്രദ്ധേയമാകുന്നത്. ജോലിക്കായുള്ള ഇന്റര്‍വ്യൂവിനിടെ കാത്യാനയനിയോട് സിഇഒ ചോദിച്ച ചോദ്യം ഇതായിരുന്നു : ‘നിങ്ങളെ ജോലിക്ക് എടുക്കാതിരിക്കാന്‍ ഒരു നല്ല കാരണം പറയൂ.’ സാധാരണയായി ‘എന്തുകൊണ്ട് നിങ്ങളെ ജോലിക്ക് എടുക്കണം?’ എന്ന ചോദ്യം പ്രതീക്ഷിച്ചിരുന്ന കാത്യാനയനിക്ക് ഈ ചോദ്യം ഒരു ഞെട്ടലായിരുന്നു.

എന്നാല്‍ ഒട്ടും പതറാതെ അവര്‍ മറുപടി നല്‍കി : ‘ആ ചോദ്യത്തിന് മറുപടി നല്‍കാന്‍ ഞാന്‍ ഇപ്പോള്‍ തയ്യാറല്ല, എനിക്ക് അല്പം സമയം ചിന്തിക്കാന്‍ വേണം.’ പിന്നീട് ഇമെയില്‍ വഴി മറുപടി നല്‍കാമെന്നും അവര്‍ ഉറപ്പു നല്‍കി. സിഇഒ ആ കാര്യം മറന്നുപോകുമെന്ന് കരുതിയെങ്കിലും കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം സിഇഒയുടെ ഫോളോ-അപ്പ് മെസ്സേജ് എത്തി.

ഇതോടെ കാത്യാനയനി തന്റെ പോരായ്മകളെയും അത് എങ്ങനെ പരിഹരിക്കാമെന്നതിനെയും കുറിച്ച് ആലോചിച്ച് വ്യക്തമായ മറുപടി നല്‍കി. ഈ സത്യസന്ധതയും കാര്യങ്ങള്‍ വിശകലനം ചെയ്യാനുള്ള കഴിവും ഇഷ്ടപ്പെട്ട സിഇഒ അവര്‍ക്ക് ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. കാത്യാനയനി പങ്കുവെച്ച ഈ അനുഭവം വൈറലായതോടെ സിഇഒയുടെ ക്രിയേറ്റീവ് ആയ ചോദ്യത്തെയും, ഉടനടി മറുപടി പറയാതെ സമയം ചോദിച്ചു വാങ്ങിയ യുവതിയുടെ പക്വതയെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്.