അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ നിന്നുള്ള നൂരിയ എന്ന യുവതിയുടെ വാർത്ത അതീവ സങ്കടകരമാണ്. കുടുംബത്തിലെ ഏക വരുമാനമാർഗമായിരുന്ന പിതാവിൻ്റെ മരണശേഷം, കൊടും ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടാനാണ് നൂരിയ പുരുഷവേഷം ധരിച്ച് ജോലിക്ക് ഇറങ്ങിയത്.
നൂർ അഹ്‌മദ് എന്ന പേരിൽ കഴിഞ്ഞ മൂന്ന് വർഷമായി ഒരു കഫേയിൽ ജോലി ചെയ്തുവരികയായിരുന്നു ഇവർ. എന്നാൽ അടുത്തിടെ താലിബാൻ ഭരണകൂടം ഇവരെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
താലിബാൻ അധികാരത്തിൽ വന്നതിനുശേഷം സ്ത്രീകൾക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് നൂരിയയെ ഇത്തരമൊരു സാഹസത്തിന് പ്രേരിപ്പിച്ചത്. ചോദ്യം ചെയ്യലിനിടെ, തന്റെ കുടുംബം പട്ടിണിയിലാണെന്നും മറ്റ് വരുമാന മാർഗങ്ങളില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നും നൂരിയ വെളിപ്പെടുത്തുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അടിസ്ഥാനപരമായ അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് അഫ്ഗാൻ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതപൂർണ്ണമായ ജീവിതത്തിൻ്റെ മറ്റൊരു ഉദാഹരണമായി മാറിയിരിക്കുകയാണ് നൂരിയയുടെ ഈ അനുഭവം.




