Crime

ചിത്രപ്രിയയും അലനും തമ്മിൽ വഴക്ക് പതിവെന്ന് പൊലീസ്; മൃതദേഹത്തിന് സമീപം മദ്യക്കുപ്പി

കാലടി(കൊച്ചി): മലയാറ്റൂരില്‍ രണ്ടുദിവസം മുന്‍പ്‌ കാണാതായ വിദ്യാര്‍ഥിനി ചിത്രപ്രിയ(19)യെ ആണ്‍സുഹൃത്ത്‌ കരിങ്കല്ലിന്‌ തലയ്‌ക്കിടിച്ചു കൊലപ്പെടുത്തിയത്‌ സംശയം മൂലം. സംഭവവുമായി ബന്ധപ്പെട്ട്‌ കാലടി പോലീസ്‌ കസ്‌റ്റഡിയിലെടുത്ത പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത്‌ കൊറ്റമം കുറിയേടം അലന്‍ ബെന്നി(21)യുടെ അറസ്‌റ്റ്‌ ഇന്നലെ വൈകിട്ടോടെ രേഖപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്‌ അറിയിച്ചു.

കൊല്ലപ്പെട്ട ചിത്രപ്രിയയും സുഹൃത്ത് അലനും തമ്മിൽ നേരത്തെയും പലവട്ടം വഴക്കുണ്ടായിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. പെൺകുട്ടിക്ക് വേറെയും സൗഹൃദങ്ങളുണ്ടെന്ന സംശയത്തിലായിരുന്നു ഇത്. കൊലപാതകം നടന്ന ദിവസം കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പിൽ ഇരുവരും തമ്മിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. മൃതദേഹത്തിനു സമീപം ഒഴിഞ്ഞ മദ്യ കുപ്പിയും 2 സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും കണ്ടെത്തിയിരുന്നു. 

തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ്‌ ചിത്രപ്രിയയുടെ മരണകാരണമെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ വ്യക്‌തമായി. ശനിയാഴ്‌ച മുതല്‍ കാണാതായ പെണ്‍കുട്ടിയെ ചൊവ്വാഴ്‌ച വൈകിട്ടാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെ മകളായ ചിത്രപ്രിയ ബെംഗളുരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയാണ്‌. അമ്പലത്തിലെ ഉത്സവം കൂടാനാണ്‌ ചിത്രപ്രിയ ബെംഗളുരുവില്‍ നിന്ന്‌ മലയാറ്റൂലെത്തിയത്‌.

ശനിയാഴ്‌ച വൈകിട്ട്‌ മുതല്‍ ചിത്രപ്രിയയെ കാണാതായി. കടയിലേക്ക്‌ പോവുകയാണെന്ന്‌ പറഞ്ഞാണ്‌ ചിത്രപ്രിയ വീട്ടില്‍ നിന്ന്‌ ഇറങ്ങിയത്‌. എന്നാല്‍, പിന്നീട്‌ തിരിച്ചെത്തിയില്ല. അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മകളെ കാണാതായതോടെ വീട്ടുകാര്‍ കാലടി പോലീസിന്‌ പരാതി നല്‍കി.
കാണാതായ സംഭവത്തില്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടരുന്നതിനിടെയാണ്‌ ചിത്രപ്രിയയുടെ ആണ്‍സുഹൃത്ത്‌ അലനെ വിളിപ്പിച്ചു മൊഴി എടുത്തത്‌. മൊഴിയെടുത്തശേഷം അലനെ വിട്ടയക്കുകയായിരുന്നു. അതിനിടെയാണ്‌ കഴിഞ്ഞ ദിവസം വൈകിട്ട്‌ നാല്‌ മണിയോടെ മലയാറ്റൂര്‍ നക്ഷത്ര തടാകത്തിനരികില്‍ ഒഴിഞ്ഞ പറമ്പില്‍ ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തുന്നത്‌.

തലയ്‌ക്ക്‌ ആഴത്തില്‍ അടിയേറ്റതായി പോലീസിന്റെ മൃതദേഹ പരിശോധനയില്‍ തന്നെ വ്യക്‌തമായി. ശരീരത്തില്‍ മുറിപ്പാടുകളും കണ്ടെത്തിയത്തോടെ കൊലപാതകമെന്ന്‌ പോലീസ്‌ ഉറപ്പിച്ചു. ഇതോടെ പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി.

ചിത്രപ്രിയയും ആണ്‍സുഹൃത്ത്‌ അലനും ഒരുമിച്ച്‌ മലയാറ്റൂര്‍ ജംഗ്‌ഷന്‍ വഴി ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യവും ഇതിനിടെ പോലീസിന്‌ ലഭിച്ചു. ഇതോടെ നേരത്തേ മൊഴിയെടുത്ത്‌ വിട്ടയച്ച ചിത്രപ്രിയയുടെ ആണ്‍സുഹൃത്ത്‌ അലനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. തുടര്‍ന്നുള്ള വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചുവെന്നും പോലീസ്‌ അറിയിച്ചു. പെണ്‍കുട്ടിയ്‌ക്ക്‌ മറ്റൊരു ആണ്‍സുഹൃത്തുണ്ടെന്ന സംശയത്തില്‍ അലന്‍ കല്ലുകൊണ്ട്‌ തലയ്‌ക്ക്‌ അടിച്ചു കൊല്ലുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്നും പോലീസ്‌ വ്യക്‌തമാക്കി. തലയില്‍ ഒന്നിലേറെ ഭാഗത്ത്‌ ഗുരുതര പരുക്കേറ്റിട്ടുണ്ടെന്നും ആന്തരിക രക്‌തസ്രാവവും മരണകാരണത്തിന്‌ ഇടയാക്കിയെന്നും പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.
വൈകിട്ടോടെ അലന്റെ അറസ്‌റ്റ്‌ കാലടി പോലീസ്‌ രേഖപ്പെടുത്തി. കാലടി ടൗണില്‍ ചെറിയ ജോലികള്‍ ചെയ്യുന്ന വ്യക്‌തിയാണ്‌ അലന്‍. സി.സി. ടിവിയില്‍ മറ്റ്‌ രണ്ട്‌ യുവാക്കളുടെ ദൃശ്യങ്ങള്‍കൂടി ലഭിച്ചില്ലെങ്കിലും അവര്‍ക്ക്‌ കൊലപാതകവുമായി ബന്ധമില്ലെന്നാണ്‌ പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ച്‌ സംസ്‌കരിച്ചു.