ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ വിരാട് കോഹ്ലിക്ക് മുന്നേറ്റം. ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന പരമ്പരയിലെ പ്രകടനം കോഹ്ലിയെ രണ്ടാം സ്ഥാനത്തെത്തിച്ചു. രോഹിത് ശര്‍മ ഒന്നാം സ്ഥാനത്തു തുടര്‍ന്നു. ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ അഞ്ചാമതുണ്ട്.
ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചലിനെയാണു കോഹ്ലി രണ്ടാം സ്ഥാനത്തുനിന്നു പിന്തള്ളിയത്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ കോഹ്ലി 151 ശരാശരിയില്‍ 302 റണ്ണെടുത്തു. തുടരെ രണ്ട് സെഞ്ചുറിയടിച്ച മുന്‍ നായകന് അവസാന മത്സരത്തില്‍ 65 റണ്ണുമായി പുറത്താകാതെനിന്നു. നായകനായിരുന്ന ലോകേഷ് രാഹുല്‍ രണ്ട് സ്ഥാനങ്ങള്‍ കയറി 12 ലെത്തി. രാഹുല്‍ ഒന്നാം ഏകദിനത്തില്‍ 60 റണ്ണും രണ്ടാം ഏകദിനത്തില്‍ 66 റണ്ണുമെടുത്തു.
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ കുല്‍ദീപ് യാദവ് മൂന്ന് സ്ഥാനങ്ങള്‍ കയറി മൂന്നിലെത്തി. ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തിലെത്തി.
ടെസ്റ്റ് റാങ്കിങ്ങിൽ യശസ്വി ജയ്സ്വാൾ എട്ടാമനായപ്പോൾ ഗിൽ 11ഉം ഋഷഭ് പന്ത് 13ഉം സ്ഥാനത്തുണ്ട്. ബുംറ ഒന്നാമതുള്ള ബൗളിങ് റാങ്കിങ്ങിൽ മുഹമ്മദ് സിറാജ് (12th), രവീന്ദ്ര ജഡേജ (13), കുൽദീപ് യാദവ് (14) എന്നിവർ സ്ഥാനങ്ങൾ കയറിയവരാണ്. ബാറ്റിങ്ങിൽ ജോ റൂട്ട് ഒന്നാമതുണ്ട്. കെയിൻ വില്യംസൺ രണ്ടും സ്റ്റീവ് സ്മിത്ത് മൂന്നും സ്ഥാനങ്ങളിലാണ്.




