Featured Sports

യശസ്സോടെ ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഒന്‍പത് വിക്കറ്റ് വിജയം, ഏകദിനപരമ്പര

വിശാഖപട്ടണം: ടെസ്റ്റ് ക്രിക്കറ്റ് പരമ്പര കൈവിട്ടെങ്കിലും ഗൗതം ഗംഭീറിന്റെ ശിഷ്യന്‍മാര്‍ ഏകദിന പരമ്പരയില്‍ പിഴവ് ആവര്‍ത്തിച്ചില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-1 നു നേടി ഇന്ത്യന്‍ ടീം മാനക്കേട് ഒഴിവാക്കി.
വിശാഖപട്ടണത്ത് നടന്ന അവസാന ഏകദിനം ഒന്‍പത് വിക്കറ്റിനു ജയിച്ചാണ് അവര്‍ പരമ്പര നേടിയത്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ലോകേഷ് രാഹുല്‍ ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു.
തുടര്‍ച്ചയായ 20 ഏകദിന മത്സരങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഇന്ത്യക്ക് ടോസ് കിട്ടുന്നത്. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ (89 പന്തില്‍ ആറ് സിക്‌സറും എട്ട് ഫോറുമടക്കം 106) സെഞ്ചുറിയും നായകന്‍ തെംബ ബാവുമ (67 പന്തില്‍ 48) മികവും ദക്ഷിണാഫ്രിക്കയെ 270 ലെത്തിച്ചു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ കളി തീരാന്‍ 61 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.
കന്നി ഏകദിന സെഞ്ചുറിയടിച്ച ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (121 പന്തില്‍ രണ്ട് സിക്‌സറും 12 ഫോറുമടക്കം പുറത്താകാതെ 116), വിരാട് കോഹ്‌ലി (45 പന്തില്‍ മൂന്ന് സിക്‌സറും ആറ് ഫോറുമടക്കം പുറത്താകാതെ 65) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്. രോഹിത് ശര്‍മ 73 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറുമടക്കം 75 റണ്ണെടുത്തു. ജയ്‌സ്വാളും രോഹിതും ചേര്‍ന്ന് ഇന്ത്യക്കു മികച്ച തുടക്കം നല്‍കി. അവര്‍ 61 പന്തില്‍ 50 റണ്ണും 118 പന്തില്‍ നൂറും 150 പന്തില്‍ 150 റണ്ണും കുറിച്ചു. രോഹിത് 54 പന്തിലും യശസ്വി ജയ്‌സ്വാള്‍ 75 പന്തിലും അര്‍ധ സെഞ്ചുറി കടന്നു. കേശവ് മഹാരാജിന്റെ പന്തില്‍ മാത്യു ബ്രീറ്റ്‌സ്‌കി പിടിച്ചാണു രോഹിത് മടങ്ങിയത്. രോഹിത് ശര്‍മ 20,000 രാജ്യാന്തര റണ്‍ കുറിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡും സ്വന്തമാക്കി.
26-ാം ഓവറില്‍ ടീം സ്‌കോര്‍ 155 ല്‍ നില്‍ക്കെയാണ് രോഹിത് പുറത്തായത്. വിരാട് കോഹ്‌ലി തുടക്കത്തില്‍ ക്ഷമയോടെയാണു ബാറ്റ് ചെയ്തത്. പിന്നീട് വേഗം കൂടി. അതിനിടെ ജയ്സ്വാള്‍ 111 പന്തില്‍ കന്നി സെഞ്ചുറി കടന്നു. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ചുറിയുടെ ബലത്തിലാണ് ദക്ഷിണാഫ്രിക്ക പൊരുതാവുന്ന സ്‌കോറിലേക്കെത്തിയത്. ബാവുമയും മികച്ച ബാറ്റിങ് പുറത്തെടുത്തു. 47.5 ഓവറിലാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് അവസാനിപ്പിച്ചത്.

റയാന്‍ റികല്‍ടണനെ (0) ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് കീപ്പര്‍ കൂടിയായ ലോകേഷ് രാഹുലിന്റെ കൈയിലെത്തിച്ച് അര്‍ഷദീപ് സിങ് ഞെട്ടിച്ചിരുന്നു. ബാവുമയും ഡി കോക്കും ചേര്‍ന്നതോടെ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലെത്തുമെന്നു തോന്നിപ്പിച്ചു. 58 പന്തിലാണ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 50 കടന്നത്. 111 പന്തില്‍ അവര്‍ നൂറും കടന്നു. ഡി കോക്ക് 42 പന്തില്‍ അര്‍ധ സെഞ്ചുറിയും 80 പന്തില്‍ സെഞ്ചുറിയുമടിച്ചു. അര്‍ധ സെഞ്ചുറിക്കടുത്തു വച്ച് ബാവുമയെ രവീന്ദ്ര ജഡേജ ബാവുമയുടെ കൈയിലെത്തിച്ചു. മാത്യു ബ്രീറ്റ്‌സ്‌കി (23 പന്തില്‍ രണ്ട് സിക്‌സറടക്കം 24), ഡെവാള്‍ഡ് ബ്രെവിസ് (29 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 29) എന്നിവര്‍ വെടിക്കെട്ടായെങ്കിലും ക്ഷണത്തില്‍ മടങ്ങി. എയദീന്‍ മാര്‍ക്രം (ഒന്ന്), കോര്‍ബിന്‍ ബോഷ് (ഒന്‍പത്) എന്നിവരെ നിലയുറപ്പിക്കും മുമ്പ് പുറത്താക്കാനുമായി. ഡി കോക്കിനെ പ്രസിദ്ധ കൃഷ്ണ വിക്കറ്റിനു മുന്നില്‍ കുടുക്കി.

ഇന്ത്യക്കെതിരേ ഡി കോക്കിന്റെ ഏഴാം ഏകദിന സെഞ്ചുറിയാണിത്. 23 ഇന്നിങ്‌സുകളിലാണ് ഡി കോക്ക് ഏഴ് സെഞ്ചുറിയടിച്ചത്. ഇന്ത്യക്കെതിരേ 85 ഇന്നിങ്‌സുകളിലായി ഏഴ് സെഞ്ചുറിയടിച്ച ശ്രീലങ്കയുടെ മുന്‍ ഓപ്പണര്‍ സനത് ജയസൂര്യയുടെ റെക്കോഡിനൊപ്പമെത്താന്‍ ഡി കോക്കിനായി. ആറ് സെഞ്ചുറികള്‍ വീതം നേടിയ ദക്ഷിണാഫ്രിക്കയുടെ തന്നെ മുന്‍ താരം എ.ബി. ഡിവിലിയേഴ്‌സ്, ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ്, ശ്രീലങ്കയുടെ മുന്‍ നായകന്‍ കുമാര്‍ സംഗക്കാര എന്നിവരെ മറികടക്കാന്‍ ഡി കോക്കിനായി. കേശവ് മഹാരാജ് 29 പന്തില്‍ 20 റണ്ണുമായി പുറത്താകാതെനിന്നു. ഇന്ത്യക്കായി പ്രസിദ്ധ കൃഷ്ണയും കുല്‍ദീപ് യാദവും നാല് വിക്കറ്റ് വീതമെടുത്തു. അര്‍ഷദീപ് സിങ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. യശ്‌സ്വാള്‍ മത്സരത്തിലെ താരമായി. രണ്ട് സെഞ്ചുറികളും ഒരു അര്‍ധ സെഞ്ചുറിയും അടക്കം 302 റണ്‍ അടിച്ചെടുത്ത കോഹ്‌ലിയാണ് പരമ്പരയിലെ താരം.