മീററ്റ്∙ ഉത്തർപ്രദേശിലെ മീററ്റിൽ മൂന്നു കുട്ടികളുടെ മാതാവായ യുവതി കാമുകനെ ഉപയോഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തി. കാമുകനുമായുള്ള ബന്ധം ഭർത്താവ് അറിഞ്ഞതിനെ തുടർന്നായിരുന്നു കൊലപാതകം. ഭർത്താവായ രാഹുലിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അഞ്ജലിയും കാമുകനായ അജയ്‌യുമാണ് അറസ്റ്റിലായത്.
ശരീരത്തിൽ മൂന്ന് വെടിയേറ്റ നിലയിലായിരുന്നു കൃഷിയിടത്തിൽ രാഹുലിന്റെ മൃതദേഹം കണ്ടെത്തിയത്. മോഷ്ടാക്കൾ കൊലപ്പെടുത്തിയതാകാം എന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്ന ഘട്ടത്തിൽ ഭാര്യ ഒളിവിലാണെന്നു മനസ്സിലായപ്പോഴാണ് കേസില്‍ വഴിത്തിരിവ് ഉണ്ടാകുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ ഇവർക്ക് മറ്റൊരാളുമായി പ്രണയ ബന്ധമുണ്ടെന്ന് കണ്ടെത്തി. അജയ്‌യും വീട്ടിലുണ്ടായിരുന്നില്ല.
അന്വേഷണത്തിൽ, ഒരു കൂടിക്കാഴ്ചയ്ക്കെന്ന വ്യാജേന അജയ് രാഹുലിനെ വയലിലേക്ക് വിളിച്ചുകൊണ്ടുപോയി, തുടർന്ന് മൂന്ന് തവണ വെടിവച്ചു. സംഭവസ്ഥലത്ത് വെച്ച് തന്നെ രാഹുല്‍ കൊല്ലപ്പെട്ടു.
ഇരുവരെയും കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ അജയ് കുറ്റം സമ്മതിച്ചു. അഞ്ജലി നിർദേശിച്ചത് അനുസരിച്ചാണ് രാഹുലിനെ കൊലപ്പെടുത്തിയതെന്നായിരുന്നു മൊഴി. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി ഇരുവരെയും റിമാൻഡ് ചെയ്തു.
ഇതേ ജില്ലയിൽ തന്നെയുള്ള മറ്റൊരു കേസിൽ, കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയതിന് കാജൽ എന്ന മറ്റൊരു സ്ത്രീ അറസ്റ്റിലായി. കാജൽ ആദ്യം ഭർത്താവിന് മയക്കുമരുന്ന് നൽകിയതായും പിന്നീട് കാമുകന്റെ സഹായത്തോടെ മോട്ടോർ സൈക്കിളിൽ കിലോമീറ്ററുകൾ അകലെയുള്ള ഒരു കനാലിലേക്ക് കൊണ്ടുപോയതായും പോലീസ് പറഞ്ഞു. അവിടെ വെച്ച് ഇരുവരും ചേർന്ന് സ്കാർഫ് ഉപയോഗിച്ച് ഭര്‍ത്താവിന്റെ കഴുത്ത് ഞെരിച്ച് മൃതദേഹം വെള്ളത്തിലേക്ക് തള്ളിയതായും പറയപ്പെടുന്നു.
ഗാർഹിക പീഡനവും വിശ്വാസവഞ്ചനയും ആസൂത്രിതമായ കൊലപാതകത്തിലേക്ക് നീങ്ങുന്ന പ്രവണതയാണ് ഇത്തരം കേസുകൾ കാണിക്കുന്നതെന്ന് അധികൃതർ പറയുന്നു. മീററ്റിലും സമീപ ജില്ലകളിലും ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന് കമ്മ്യൂണിറ്റി പോലീസിംഗും കൗൺസിലിംഗ് സംരംഭങ്ങളും ശക്തിപ്പെടുത്താൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.




