ഒന്നാം ലോകമഹായുദ്ധകാലത്ത് 1918 നവംബര്‍ 11 ന് പുലര്‍ച്ചെ അഞ്ച് മണിക്ക് പാരീസിന് വടക്കുള്ള കോമ്പീഗ്‌നെ ഉള്‍വനത്തില്‍, ബ്രിട്ടീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ ഉദ്യോഗസ്ഥര്‍ ഒരു റെയില്‍വേ കമ്പാര്‍ട്ടമെന്റിനുള്ളില്‍ ഒത്തുകൂടി. നാല് വര്‍ഷത്തിലേറെ നീണ്ട നിരന്തര കൂട്ടക്കൊല അവസാനിപ്പിക്കുന്ന ഒന്നാം ലോകമഹായുദ്ധ വെടിനിര്‍ത്തല്‍ രേഖയില്‍ ഒപ്പിടാനായിരുന്നു ആ കൂടിക്കാഴ്ച. ചര്‍ച്ചകള്‍ക്കിടെ ജര്‍മ്മന്‍ പ്രതിനിധികള്‍ അടിയന്തര വെടിനിര്‍ത്തലിന് അപേക്ഷിച്ചപ്പോള്‍, ഫ്രഞ്ച് കമാന്‍ഡര്‍-ഇന്‍-ചീഫ് മാര്‍ഷല്‍ ഫെര്‍ഡിനാന്‍ഡ് ഫോച്ച് വിസമ്മതിച്ചു. ‘പതിനൊന്നാം മാസത്തിലെ പതിനൊന്നാം ദിവസത്തിലെ പതിനൊന്നാം മണിക്കൂര്‍’ വരെ, യുദ്ധം തുടരണമെന്ന് അദ്ദേഹം നിര്‍ബന്ധിച്ചു.
കരയിലും കടലിലും ആകാശത്തുമുള്ള എല്ലാ ശത്രുതകളും അവസാനിപ്പിക്കുമെന്ന് കരാര്‍ പ്രഖ്യാപിച്ചു. സന്ദേശം എല്ലായിടത്തും എത്താന്‍ സമയം അനുവദിക്കുന്നതിനായി, ആറ് മണിക്കൂറിന് ശേഷം രാവിലെ 11 മണിക്ക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ നിശ്ചയിച്ചു. ഒപ്പുവെക്കലിനും യുദ്ധവിരാമം നടപ്പിലാക്കുന്നതിനും ഇടയിലുള്ള ആറ് മണിക്കൂറിനുള്ളില്‍ 2,738 സൈനികര്‍ കൊല്ലപ്പെടുകയും 11,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കണക്കാക്കന്നു. ഒന്നാം ലോകമഹായുദ്ധത്തില്‍ മരിച്ച അവസാനത്തെ സൈനികനായി ഓര്‍മ്മിക്കപ്പെടുന്ന ബാള്‍ട്ടിമോറില്‍ നിന്നുള്ള വയസ്സുള്ള ഹെന്റി നിക്കോളാസ് ജോണ്‍ ഗുന്തറും ഉള്‍പ്പെടുന്നു.
1895 ജൂണ്‍ 6 ന് കിഴക്കന്‍ ബാള്‍ട്ടിമോറിലെ ഹൈലാന്‍ഡ്ടൗണിലെ തൊഴിലാളികളുടെ പ്രദേശത്താണ് ഹെന്റി ഗുന്തര്‍ ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കളായ ജോര്‍ജും ലിനയും ജര്‍മ്മന്‍ കുടിയേറ്റക്കാരുടെ അമേരിക്കയില്‍ ജനിച്ച കുട്ടികളായിരുന്നു. ഗുന്തര്‍ നാഷണല്‍ ബാങ്ക് ഓഫ് ബാള്‍ട്ടിമോറില്‍ ഒരു ബുക്ക് കീപ്പറായി ജോലി ചെയ്തു. സമാധാനപരമായ ജീവിതം നയിച്ചുവരവേയാണ് അമേരിക്ക യുദ്ധത്തില്‍ പ്രവേശിച്ച 1917 സെപ്റ്റംബറില്‍, അദ്ദേഹത്തെ സൈന്യത്തില്‍ എടുത്തത്. അവര്‍ അദ്ദേഹത്തെ 79-ാം ഡിവിഷനിലെ 313-ാമത് ഇന്‍ഫന്‍ട്രി റെജിമെന്റിലേക്ക് നിയമിച്ചു.
തന്റെ സംഘടനാ വൈദഗ്ദ്ധ്യം അദ്ദേഹത്തിന് സപ്ലൈ ഡിപ്പാര്‍ട്ട്മെന്റില്‍ വസ്ത്ര വിതരണം കൈകാര്യം ചെയ്യുന്ന റോള്‍ നേടിക്കൊടുത്തു. പിന്നീട് സര്‍ജന്റായി സ്ഥാനക്കയറ്റം നല്‍കി. എന്നാല്‍ ക്യാമ്പ് മീഡില്‍ സേവനമനുഷ്ഠിക്കുമ്പോള്‍, ഗുന്തര്‍ നാട്ടിലുള്ള ഒരു സുഹൃത്തിന് ഒരു തുറന്ന കത്ത് എഴുതി, സൈനിക ജീവിതത്തിന്റെ കഠിനമായ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. സൈന്യത്തില്‍ ചേരുന്നത് ഒഴിവാക്കുന്നതാണ് ബുദ്ധി. കഷ്ടകാലത്തിന് കത്ത് ഉന്നതോദ്യോഗസ്ഥരുടെ കയ്യിലാണ് എത്തിയത്. സംഭവം രാജ്യദ്രോഹമായി പോലും കണക്കാക്കപ്പട്ടു. പെട്ടെന്ന് സര്‍ജന്റില്‍ നിന്ന് പ്രൈവറ്റായി തരംതാഴ്ത്തി യുദ്ധമുന്നണിയിലേക്ക് വിട്ടു. ആ അപമാനം അദ്ദേഹത്തെ വളരെയധികം വിഷമിപ്പിച്ചു.
1918 ലെ ശരത്കാലത്തോടെ, ഗുന്തറിന്റെ റെജിമെന്റ് യുദ്ധത്തിലെ ഏറ്റവും വലുതും രക്തരൂക്ഷിതവുമായ അമേരിക്കന്‍ ഓപ്പറേഷനായ മ്യൂസ്-അര്‍ഗോണ്‍ ആക്രമണത്തിന്റെ ഭാഗമായിരുന്നു. 800,000 ഫ്രഞ്ച് സൈനികര്‍ക്കൊപ്പം ഒരു ദശലക്ഷത്തിലധികം യുഎസ് സൈനികര്‍ ആക്രമണത്തില്‍ പോരാടി, കനത്ത കോട്ടകളുള്ള ജര്‍മ്മന്‍ ലൈനുകളിലൂടെ മുന്നോട്ട് പോയി. പോരാട്ടം അത്യന്തം വിഷമം പിടിച്ചതും ക്രൂരവുമായിരുന്നു. ഇതിനിടയില്‍ കയ്യില്‍ മുറിവേറ്റതിനാല്‍ ഗുന്തറിന് 47 ദിവസം വീട്ടിലേക്ക് മടങ്ങാമായിരുന്നു. എന്നാല്‍ അദ്ദേഹം തന്റെ സൈനിക സഹോദരന്മാരെ സഹായിക്കാന്‍ അവിടെ തന്നെ തുടരണമെന്ന് നിര്‍ബ്ബന്ധം പിടിച്ചു.
1918 നവംബര്‍ 11 ന് വെടിനിര്‍ത്തല്‍ ഒപ്പുവെയ്ക്കുമ്പോള്‍ ഗുന്തറിന്റെ സംഘം വെര്‍ഡൂണിന് വടക്കുള്ള വില്ലെ-ഡെവാന്റ്-ചൗമോണ്ട് ഗ്രാമത്തിനടുത്തായിരുന്നു. വിവരം ഇവിടേയ്ക്ക് എത്തുന്നത് രാവിലെ 10:44 നായിരുന്നു. എല്ലാ പോരാട്ടങ്ങളും 11 ന് അവസാനിപ്പിക്കണം. ഇതി അതിന് വെറും പതിനാറ് മിനിറ്റ് മാത്രം ബാക്കി. എന്നാല്‍ അപ്രതീക്ഷിതമായി ഒരു ആക്രമണത്തിന് തീരുമാനം എടുക്കുകയായിരുന്നു ഗുന്തര്‍. ഒരു മെഷീന്‍ ഗണ്‍ പോസ്റ്റ് പിടിച്ചെടുക്കാന്‍ പോകുകയാണെന്ന് അദ്ദേഹം തന്റെ ആളുകളോട് പറഞ്ഞു. മറ്റുള്ളവര്‍ അദ്ദേഹത്തെ തടയാന്‍ ശ്രമിച്ചു. ചിലര്‍ മുന്നറിയിപ്പ് നല്‍കി, പക്ഷേ അദ്ദേഹം തന്റെ ബ്രൗണിംഗ് ഓട്ടോമാറ്റിക് റൈഫിള്‍ ഉപയോഗിച്ച് മുന്നോട്ട് പോയി. സമാധാനം നിമിഷങ്ങള്‍ മാത്രം അകലെയാണെന്ന് മനസ്സിലാക്കിയ ജര്‍മ്മന്‍ പട്ടാളക്കാര്‍, കൈകള്‍ വീശി, പിന്തിരിയാന്‍ പറഞ്ഞു. അവര്‍ മുന്നറിയിപ്പ് വെടിയുതിര്‍ത്തു. എന്നാല്‍ ഗുന്തര്‍ നിര്‍ത്തിയില്ല. അയാള്‍ ഏതാനും റൗണ്ടുകള്‍ വെടിവച്ചു, പതിയിരുന്ന് ആക്രമണം ഭയന്ന് ജര്‍മ്മന്‍കാര്‍ തിരിച്ചു വെടിവച്ചു. ഗുന്തര്‍ വെടിയേറ്റു വീഴുമ്പോള്‍ സമയം രാവിലെ 10:59 ആയിരുന്നു. വെടിനിര്‍ത്തലിന് ഒരു മിനിറ്റ് മുമ്പ്.
യുദ്ധത്തില്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. ആ അവസാന പ്രഭാതത്തിലെ മരണം ഭയാനകമായിരുന്നു. മരിച്ച അവസാന ഫ്രഞ്ച് പട്ടാളക്കാരനായ അഗസ്റ്റിന്‍ ട്രെബുച്ചോണ്‍ രാവിലെ 10:45 ന് ഒരു സ്‌നൈപ്പറുടെ വെടിയേറ്റ് കൊല്ലപ്പെട്ടു, ‘സൂപ്പ് 11:30 ന് വിളമ്പും’ എന്ന് തന്റെ സഹസൈനികരോട് പറയുന്നതിനിടയില്‍ അദ്ദേഹം വീണു. ഫ്രഞ്ച് അധികാരികള്‍ പിന്നീട് അദ്ദേഹത്തിന്റെ ശവകുടീരത്തയില്‍ മരിച്ചദിവസം നവംബര്‍ 10 എന്നാണ് രേഖപ്പെടുത്തലയത്.
ബെല്‍ജിയത്തില്‍, യുദ്ധവിരാമം പ്രാബല്യത്തില്‍ വരുന്നതിന് രണ്ട് മിനിറ്റ് മുമ്പ്, രാവിലെ 10:58 ന് വില്ലെ-സര്‍-ഹെയ്നിലേക്ക് മുന്നേറുന്നതിനിടെ, കനേഡിയന്‍ വംശജനായ പ്രൈവറ്റ് ജോര്‍ജ് ലോറന്‍സ് പ്രൈസിനെ ഒരു സ്‌നൈപ്പര്‍ വെടിവച്ചു കൊന്നു. 5-ാമത് റോയല്‍ ഐറിഷ് ലാന്‍സേഴ്‌സിലെ ബ്രിട്ടീഷ് പട്ടാളക്കാരനായിരുന്ന പ്രൈവറ്റ് ജോര്‍ജ്ജ് എഡ്വിന്‍ എലിസണ്‍ രാവിലെ 9:30 ഓടെ ബെല്‍ജിയത്തിലെ മോണ്‍സിനടുത്ത് കൊല്ലപ്പെട്ടു. 1914-ല്‍ ബ്രിട്ടീഷ് പര്യവേഷണ സേന ആദ്യമായി ജര്‍മ്മനികളുമായി യുദ്ധം ചെയ്ത അതേ പ്രദേശത്താണ് ഇത്.
ബെല്‍ജിയത്തിലെ ക്ലൂയിസെന്‍ സെക്ടറില്‍, ബെല്‍ജിയന്‍ പട്ടാളക്കാരനായിരുന്ന മാര്‍സെല്‍ ടൗസെന്റ് ടെര്‍ഫ്വെ രാവിലെ 10:45 ന് മെഷീന്‍ ഗണ്‍ വെടിവയ്പ്പില്‍ വീണു. എലിസണ്‍, ട്രെബുച്ചോണ്‍, ടെര്‍ഫ്വെ, പ്രൈസ്, ഗുന്തര്‍ എന്നീ ഈ സൈനികര്‍ ഒരുമിച്ച് ഒരു ദുരന്ത സാഹോദര്യത്തെ സൃഷ്ടിക്കുന്നു: ‘എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാനുള്ള യുദ്ധത്തിന്റെ’ അവസാന ഇരകള്‍. 1923-ല്‍, ഗുന്തറിന്റെ മൃതദേഹം ഫ്രാന്‍സില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്ന് ബാള്‍ട്ടിമോറിലെ മോസ്റ്റ് ഹോളി റിഡീമര്‍ സെമിത്തേരിയില്‍ സംസ്‌കരിച്ചു. അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ”ഹെന്റി ഗുന്തര്‍ 79ാം ഡിവിഷന്‍ നവംബര്‍ 11, 1918.”




