Sports

പാക് ബാറ്റർ സിദ്ര അമീന് ശാസനയും ഡീ മെറിറ്റ് പോയന്റും

കൊളംബോ: വനിതാ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പുറത്തായതിന്‌ പിന്നാലെ ബാറ്റ്‌ നിലത്തടിച്ച പാകിസ്‌താന്‍ താരത്തിന്‌ താക്കീത്‌. പാക്‌ ബാറ്റര്‍ സിദ്ര ആമിനെതിരേയാണു രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ നടപടി. താരത്തിന്‌ ഒരു ഡീമെറിറ്റ്‌ പോയിന്റും ചുമത്തി.

മത്സരത്തില്‍ പാകിസ്‌താന്റെ ടോപ്‌ സ്‌കോററായിരുന്നു സിദ്ര. പാക്‌ ഇന്നിങ്‌സിന്റെ 40-ാം ഓവറിലാണ്‌ സംഭവം. സ്‌നേഹ റാണയുടെ പന്തില്‍ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത്‌ കൗര്‍ ക്യാച്ചെടുത്ത്‌ താരത്തെ പുറത്താക്കി. ഔട്ടായ നിരാശയില്‍ താരം ഡഗൗട്ടിലേക്ക്‌ മടങ്ങവേ ബാറ്റ്‌ ഗ്രൗണ്ടിലിടിച്ച്‌ രോഷപ്രകടനം നടത്തി. പാകിസ്‌താന്‌ ആശ്വാസമായത്‌ സിദ്രയുടെ ബാറ്റിങ്ങാണ്‌. 106 പന്തില്‍ 81 റണ്ണെടുത്താണു താരം മടങ്ങിയത്‌. ബാറ്റ്‌ മനപൂര്‍വം നിലത്തടിച്ചതാണു പാക്‌ ബാറ്റര്‍ക്ക്‌ വിനയായത്‌. ലെവല്‍ 1 പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന്‌ ഐ.സി.സിയുടെ അച്ചടക്ക സമിതി കണ്ടെത്തി. ക്രിക്കറ്റ്‌ സാമഗ്രികള്‍ ദുരുപയോഗം ചെയ്‌തതിനാണ്‌ നടപടി.

മത്സരത്തില്‍ ഇന്ത്യ 88 റണ്ണിനു ജയിച്ചിരുന്നു. റമോണ്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ 247 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത പാകിസ്‌താന്‍ 43 ഓവറില്‍ 159 റണ്ണിന്‌ ഓള്‍ഔട്ടായി. തുടരെ രണ്ട്‌ മത്സരങ്ങള്‍ തോറ്റ പാകിസ്‌താന്‍ നോക്കൗട്ട്‌ കാണില്ലെന്ന്‌ ഉറപ്പായി. ഇന്ത്യ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചിരുന്നു. പാകിസ്‌താന്‍ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോടും തോറ്റിരുന്നു. ടോസ്‌ നേടിയ പാക്‌ നായിക ഫാതിമ സന ഇന്ത്യയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. പാകിസ്‌താനു വേണ്ടി സിദ്ര അമിന്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങി. ഇന്ത്യക്കായി ദീപ്‌തി ശര്‍മയും ക്രാന്തി ഗൗഡും മൂന്ന്‌ വിക്കറ്റ്‌ വീതവും സ്‌നേഹ്‌ റാണ രണ്ട്‌ വിക്കറ്റുമെടുത്തു.

ഇന്ത്യന്‍ ബാറ്റര്‍മാരില്‍ 65 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം 46 റണ്ണെടുത്ത ഹര്‍ലീന്‍ ഡിയോളാണു ടോപ്‌ സ്‌കോറര്‍. എല്ലാവര്‍ക്കും മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും വലിയ സ്‌കോറുകളാക്കാന്‍ കഴിഞ്ഞില്ല. വിക്കറ്റ്‌ കീപ്പര്‍ റിച്ച ഘോഷ്‌ (20 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം പുറത്താകാതെ 35), ജെമീമ റോഡ്രിഗസ്‌ (37 പന്തില്‍ 32), ഓപ്പണര്‍ പ്രതീക റാവല്‍ (37 പന്തില്‍ 31) എന്നിവരും തിളങ്ങി. നായിക ഹര്‍മന്‍പ്രീത്‌ കൗര്‍ 19 റണ്ണിനും സ്‌റ്റാര്‍ ഓപ്പണര്‍ സ്‌മൃതി മന്ദാന 23 റണ്ണിനും പുറത്തായി. എട്ടാം നമ്പറില്‍ ക്രീസിലെത്തിയ റിച്ചയുടെ ഫിനിഷിങാണ്‌ ഇന്ത്യയെ 250 ന്‌ അടുത്തെത്തിച്ചത്‌.