കോട്ടയം: ഭാര്യ ജെസിയെ ശ്വാസംമുട്ടിച്ചു കൊന്ന് കൊക്കയില്‍ തള്ളിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട ജെസിയുടേയും ഭർത്താവ് സാമിന്റേതും പ്രണയ വിവാഹമായിരുന്നു. പര സ്ത്രീകളുമായുള്ള ബന്ധത്തെ എതിർത്തതോടെയാണ് ജെസിയെ സാം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൊക്കയിൽ തള്ളിയത്.
പ്ലസ്‌വണ്ണിനു പഠിക്കുന്ന കാലത്താണ് ജെസിയും സാമും ആദ്യമായി കണ്ടുമുട്ടുന്നത്. സാമിന്റെ പ്രണയാഭ്യർഥനയോടെ ബന്ധം ശക്തമായി. ജെസിയുടെ വീട്ടുകാർക്ക് ഈ ബന്ധത്തോട് എതിർപ്പായിരുന്നു. 1994-ൽ ബെംഗളൂരുവിലെ വിവേക് നഗറിൽവച്ചായിരുന്നു ഇരുവരും മാത്രമുണ്ടായിരുന്ന വിവാഹച്ചടങ്ങ്. താലി കെട്ടിയതല്ലാതെ വിവാഹം റജിസ്റ്റർ ചെയ്യുകയോ മറ്റ് നടപടികൾ പൂർത്തിയാക്കുകയോ ചെയ്തില്ല. ഈ സമയം മുൻ ബന്ധത്തിൽ സാമിന് ഒരു കുട്ടിയുണ്ടായിരുന്നു. വിവാഹശേഷം ഈ കുട്ടിയെയും ജെസി സ്വന്തം മക്കളെ പോലെ വളർത്തി. പിന്നീട് രണ്ടു കുട്ടികൾ കൂടി ഇവർക്കുണ്ടായി.
മറ്റു സ്ത്രീകളുമായുള്ള സാമിന്റെ ബന്ധം ജെസി അറിഞ്ഞതോടെയാണ് കുടുംബത്തില്‍ വഴക്ക് തുടങ്ങിയത്. 2005 വരെ ഇവര്‍ സൗദിയിലെ ജിദ്ദയിൽ ആയിരുന്നു. കുടുംബ പ്രശ്നങ്ങള്‍ മറ്റുള്ളവരെ അറിയിക്കുന്ന സ്വഭാവം ജെസിക്ക് ഇല്ലാതിരുന്നതിനാൽ ഇതൊന്നും ആരും അറിഞ്ഞിരുന്നില്ല. 2005ൽ ജെസി നാട്ടിൽ വന്നെങ്കിലും സാം വിദേശത്ത് തുടർന്നു. വിദേശ വനിതകളെ സാം വീട്ടിലെത്തിച്ച് താമസിപ്പിക്കുന്നുണ്ടെന്ന് ജെസി പലതവണ പൊലീസിൽ പരാതി നൽകിയിരുന്നു. സാമിന്റെ കുടുംബവും സുഹൃത്തുക്കളും ജെസിയുടെ കുടുംബവും നൽകിയ പിന്തുണയിലാണ് മക്കളുടെ വിദ്യാഭ്യാസവും ജീവിതച്ചെലവുകളും കഴിഞ്ഞു പോന്നിരുന്നത്.
2005ൽ സ്വന്തം പണം കൊണ്ടാണ് ജെസി കാണക്കാരിയിൽ 20 സെന്റ് സ്ഥലവും വീടും വാങ്ങുന്നത്. ഈ വീട് പുതുക്കിപ്പണിയാൻ പിന്നീട് ഒരു കോടിയിലേറെ രൂപ ചെലവായി. തനിക്ക് ജോലി ഉള്ളതിനാൽ വായ്പ ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് സാം ഈ സ്ഥലം സ്വന്തം പേരിൽ റജിസ്ട്രേഷൻ നടത്തി.
ജെസിയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫൊറന്‍സിക് വിഭാഗത്തില്‍ ഇന്നലെ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. മൃതദേഹ ഭാഗങ്ങള്‍ രാസ-ഡിഎന്‍എ പരിശോധനകള്‍ക്കായി സാംപിളുകള്‍ കൊച്ചിയിലെയും തിരുവനന്തപുരത്തെയും ലാബുകളിലേക്ക് അയച്ചു. ജെസിയുടെ സംസ്‌കാരം ജന്മനാടായ കൈപ്പട്ടൂരില്‍ നടക്കും. തിരുവല്ല ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.




