Crime

കാമുകന്റെ മൊബൈലിൽ ആദ്യ കാമുകിയുടെ നഗ്നദൃശ്യം, ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത് രണ്ടാംകാമുകി

പതിനാറുകാരിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് ലൈം​ഗികമായി പീഡിപ്പിച്ച യുവാവ് രണ്ടു വർഷങ്ങൾക്കുശേഷം പിടിയിൽ. ഈ പെൺകുട്ടിയുടെ ന​ഗ്ന ദൃശ്യം യുവാവിന്റെ ഇപ്പോഴത്തെ കാമുകിയും കോഴിക്കോട് സ്വദേശിയുമായ പതിനാറുകാരി ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ പൊലീസ് ഇപ്പോഴത്തെ കാമുകിയെയും ചോദ്യം ചെയ്തു വരുകയാണ്. കോട്ടയം ഈരാറ്റുപേട്ട വെണ്ണൂർ മാളിയേക്കൽ വീട്ടിൽ അൻസിലാണ് (19) എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്.

ലൈം​ഗിക പീഡനത്തിനിരയായ പതിനാറുകാരിയെ, പ്രായപൂ‌ർത്തിയായതിനുശേഷവും വിവാഹവാഗ്ദാനം നൽകി പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. പോക്സോ വകുപ്പും ബി.എൻ.എസ് ആക്ടും അൻസിലിനെതിരെ ചുമത്തിയിട്ടുണ്ട്. 2022ലാണ് എറണാകുളത്ത് താമസിക്കുന്ന ആദ്യ പെൺകുട്ടി ലൈം​ഗിക പീഡനത്തിന് ഇരയായത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട ഇരുവരും, പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായ ശേഷവും ബന്ധം തുടർന്നിരുന്നു.

എന്നാൽ ഇതിനിടെയാണ് കോഴിക്കോട് സ്വദേശിയായ പതിനാറുകാരിയുമായി അൻസിൽ പ്രണയത്തിലായത്. തുടര്‍ന്ന് ആദ്യ കാമുകിയുമായി അകന്നു. അൻസിലിന്റെ മൊബൈൽ ഫോണിൽ ആദ്യ പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ കാണാനിടയായ കോഴിക്കോട് സ്വദേശിനി ഇവ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. അമ്മയുടെ സ്മാർട്ട് ഫോൺ ഉപയോഗിച്ചാണ് ഈ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിലിട്ടത്. തന്റെ സ്വകാര്യ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പെൺകുട്ടി എറണാകുളം നോർത്ത് പൊലീസിൽ പരാതിയുമായെത്തിയത്.