പ്രണയാഭ്യര്‍ഥന നിരസിച്ച കാമുകിയെ കൊലപ്പെടുത്തി യുവാവ്. കര്‍ണാടകയിലെ ഹാസൻ ജില്ലയിലെ ചന്ദനഹള്ളിയിൽ ബുധനാഴ്ചയാണ് ദാരുണ സംഭവം. ഇരുവരും കാറില്‍ സംസാരിച്ചിരിക്കവേ പ്രകോപിതനായ യുവാവ് കാര്‍ ചന്ദനഹള്ളി തടാകത്തിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. യുവാവ് നീന്തി രക്ഷപ്പെട്ടെങ്കിലും യുവതി മരിച്ചു.
32കാരി ശ്വേതയാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. ജോലിസ്ഥലത്തുവച്ചാണ് കൊല്ലപ്പെട്ട ശ്വേതയും പ്രതിയായ രവിയും പരിചയപ്പെടുന്നത്. രവി വിവാഹിതനാണ്. ശ്വേത, ഭർത്താവിൽനിന്ന് വേർപിരിഞ്ഞ് മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.
പൊലീസ് പറയുന്നതനുസരിച്ച് കഴിഞ്ഞ കുറച്ച് നാളുകളായി രവി തന്റെ കാമുകിയാകാൻ ശ്വേതയെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു . കാമുകിക്കു വേണ്ടി സ്വന്തം ഭാര്യയെപോലും ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് രവി പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ശ്വേത വഴങ്ങിയിരുന്നില്ല. ഇതില്‍ പ്രകോപിതനായ രവി, ശ്വേതയെ സംസാരിക്കാനായി വിളിച്ചുവരുത്തുകയായിരുന്നു.
ഇരുവരും കാറില്‍ ഇരുന്ന് സംസാരിക്കവേ ചന്ദനഹള്ളി തടാകത്തിലേക്ക് രവി കാര്‍ ഓടിച്ചിറക്കുകയായിരുന്നു. കാര്‍ തടാകത്തില്‍ വീണതിന് പിന്നാലെ രവി നീന്തി രക്ഷപ്പെട്ടു. എന്നാല്‍ ശ്വേത മുങ്ങിമരിച്ചു. ചോദ്യം ചെയ്യലിൽ, കാർ അബദ്ധത്തിൽ തടാകത്തിൽ വീണതാണെന്നും താൻ നീന്തി രക്ഷപ്പെട്ടു എന്നാല്‍ ശ്വേതയ്ക്ക് അതിന് കഴിഞ്ഞില്ലെന്നുമാണ് പോലീസിനോട് രവി പറഞ്ഞത്.
ശ്വേതയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രവിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. രവിയുടെ അറസ്റ്റ് രേഖപ്പെടുത്തി.




