റോഡരികില്‍ വേദന കൊണ്ടു പുളഞ്ഞ യുവതിയുടെ പ്രസവമെടുത്തത് വനിതാപോലീസ്. പഞ്ചകുലയില്‍ നടന്ന സംഭവത്തില്‍ 22 കാരി ലക്ഷ്മിയുമായി ഇടപെട്ട് പ്രശ്നം പരിഹരിക്കുകയുമായിരുന്നു. കഴിഞ്ഞ ആഴ്ച, പഞ്ച്കുളയിലെ തവാ ചൗക്കിന് സമീപമുള്ള അര്‍ദ്ധരാത്രിയോടെ ഒരു പതിവ് പോലീസ് പട്രോളിങ്ങിനിടെയാണ് അപ്രതീക്ഷിതമായ ഒരു സംഭവവികാസത്തിന് വഴിയൊരുക്കിയത്.
പഞ്ച്കുലയില്‍ നിന്നുള്ള ലക്ഷ്മി എന്ന യുവതി റോഡരികില്‍ പ്രസവവേദന കൊണ്ട് പുളയുകയായിരുന്നു. ഈ സമയത്ത് ഭര്‍ത്താവ് അരികില്‍ ഉണ്ടായിരുന്നെങ്കിലും നിസ്സഹായനായിരുന്നു. വൈദ്യസഹായത്തിനായി അയാള്‍ നെട്ടോട്ടമോടുകയുമായിരുന്നു. ഈ സമയത്ത് പഞ്ച്കുളയിലെ വനിതാ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ നേഹ സന്ധുവും ഒരു സംഘം പോലീസ് ഉദ്യോഗസ്ഥരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോള്‍ ലക്ഷ്മിക്ക് പ്രസവവേദന കലശലായി.
‘കുഞ്ഞിന്റെ തല ഏതാണ്ട് പുറത്തുവരുന്നത് ഞങ്ങള്‍ കണ്ടു.’ സന്ധു പറഞ്ഞു. അവളെ ഒരു വാഹനത്തിലും കൊണ്ടുപോകാന്‍ വഴിയില്ലായിരുന്നു. തുടര്‍ന്ന് ഹരിയാനയിലെ വനിതാ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് യൂണിറ്റായ ദുര്‍ഗ്ഗ ശക്തി റാപ്പിഡ് ആക്ഷന്‍ ടീമിലെ അംഗങ്ങളോടൊപ്പം ഓഫീസര്‍മാരായ സന്ധു, ഇന്‍സ്പെക്ടര്‍ രേണു, കോണ്‍സ്റ്റബിള്‍ അഞ്ജലി, ഹെഡ് കോണ്‍സ്റ്റബിള്‍ ഉസ്മാന് എന്നിവര്‍ വേഗത്തിലും ഫലപ്രദമായും പ്രവര്‍ത്തിച്ചു. കവറായി ജാക്കറ്റുകളും ഷാളുകളും വെളിച്ചത്തിനായി ടോര്‍ച്ചുകളും കൊണ്ടുവന്നു, റോഡരികില്‍ ലക്ഷ്മി സുരക്ഷിതമായി പ്രസവിക്കുകയും പെണ്‍കുഞ്ഞ് ലോകത്തിലേക്ക് വരികയും ചെയ്തു.
മാതാപിതാക്കള്‍ അവള്‍ക്ക് ദുര്‍ഗ എന്ന് പേരിട്ടു. ഇരുപത്തിരണ്ടു വയസ്സുള്ള ലക്ഷ്മി ഭര്‍ത്താവ് അനിലിനൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോഴായിരുന്നു വേദന തുടങ്ങിയത്. പ്രസവശേഷം ഉടന്‍ തന്നെ ആംബുലന്‍സ് എത്തി അമ്മയെയും നവജാതശിശുവിനെയും സെക്ടര്‍ 6 ലെ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പ്രഖ്യാപിച്ചു.




