യു.എസിന്റെ ആദ്യ അണുബോംബ് അവശേഷിപ്പിച്ച ആണവ മാലിന്യത്തില്‍നിന്ന് കാന്‍സര്‍ ചികിത്സയ്‌ക്ക് ഉപയോഗിക്കാവുന്ന ഘടകങ്ങള്‍ വേര്‍തിരിക്കാമെന്നു ഗവേഷകര്‍. ടെന്നസിയിലെ ഓക്ക് റിഡ്‌ജ് നാഷണല്‍ ലബോറട്ടറിയിലെ (ഒ.ആര്‍.എന്‍.എല്‍) ഗവേഷകരാണു പദ്ധതിക്കു പിന്നില്‍. 1940 കളില്‍നിന്ന് സംഭരിച്ച ആണവ മാലിന്യങ്ങളാണു ഗവേഷകര്‍ ഉപയോഗിക്കുന്നത്. ആദ്യത്തെ അണുബോംബുകള്‍ നിര്‍മിക്കാന്‍ മാന്‍ഹട്ടന്‍ പദ്ധതിയില്‍ ഉപയോഗിച്ചതാണ് അവ.
മാലിന്യത്തില്‍നിന്ന് യുറേനിയത്തിന്റെ അത്യപൂര്‍വ ഉപ ഉല്‍പ്പന്നമായ തോറിയം229 വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്ന് ശാസ്‌ത്രജ്‌ഞര്‍ കണ്ടെത്തി.ആ റേഡിയോ ആക്‌ടീവ് വസ്‌തു ടാര്‍ഗെറ്റഡ് ആല്‍ഫ ചികിത്സയില്‍ ഉപയോഗിക്കാം. ഇത് ഡി.എന്‍.എ. തലത്തില്‍ കാന്‍സര്‍ കോശങ്ങളെ ആക്രമിക്കുമെന്നാണു ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്.
തോറിയം229 തകരുമ്പോള്‍, അക്‌ടിനിയം225, എന്ന ഐസോടോപ്പ് ഉത്‌പാദിപ്പിക്കുന്നു. അതു ചുറ്റുമുള്ള ആരോഗ്യകരമായ കോശങ്ങളെ ഒഴിവാക്കി ദോഷകരമാക്കാതെ ട്യൂമറുകളെ നശിപ്പിക്കുമത്രേ.ലിംഫോമ, പ്രോസ്‌റ്റേറ്റ് കാന്‍സര്‍, സ്‌തനാര്‍ബുദം തുടങ്ങിയ നിരവധി കാന്‍സറുകളെ ടാര്‍ഗെറ്റഡ് ആല്‍ഫ ചികിത്സ ഭേദമാക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു.
‘ ടാര്‍ഗെറ്റഡ് ആല്‍ഫ ചികിത്സ രോഗിയുടെ ശരീരത്തിലെ കാന്‍സര്‍ കോശങ്ങളെ ലക്ഷ്യമാക്കി ഒരു ചെറിയ, നിയന്ത്രിത മിസൈല്‍ പോലെ പ്രവര്‍ത്തിക്കുന്ന ഒരു കൃത്യമായ കാന്‍സര്‍ നിയന്ത്രണ സംവിധാനമാണ്’- ഗവേഷണ സംഘാംഗമായ സാറാ ഷെയ്‌ഫര്‍ പറഞ്ഞു. കാന്‍സര്‍ കോശത്തിന്റെ ഡി.എന്‍.എയെ തകര്‍ക്കുകയും ട്യൂമറിനെ ഒഴിവാക്കുകയുമാണ് അക്‌ടിനിയം225 ചെയ്യുക. ലോകമെമ്പാടും തോറിയം229 ന്റെ അളവ് വളരെ കുറവാണ് എന്നതാണു പ്രധാന പ്രശ്‌നം. ഗവേഷകര്‍ വേര്‍തിരിച്ചെടുത്തത് 45 ഗ്രാം അല്ലെങ്കില്‍ 1.6 ഔണ്‍സ് മാത്രം. യുറേനിയം 233 ല്‍നിന്നാണ് അതു ലഭിക്കുന്നത്- ഷെയ്‌ഫര്‍ പറഞ്ഞു അമേരിക്കയുടെ ന്യൂക്ലിയര്‍ മാലിന്യത്തില്‍നിന്ന് ശാസ്‌ത്രജ്‌ഞര്‍ക്ക് രണ്ട് ഔണ്‍സിനും താഴെ തോറിയം229 മാത്രമേ വേര്‍തിരിച്ചെടുത്തിട്ടുള്ളൂ. എങ്കിലും ഒരു വര്‍ഷത്തില്‍ നൂറുകണക്കിന് കാന്‍സര്‍ രോഗികളെ ചികിത്സിക്കാന്‍ അത് മതിയാകും.




