Crime

ബസിൽവച്ച് രണ്ടര പവന്റെ മാല മോഷ്ടിച്ച കേസ്; വന്‍ മോഷണസംഘത്തിലെ രണ്ട്‌ ദമ്പതികള്‍ അറസ്‌റ്റില്‍

സംസ്‌ഥാനത്തുടനീളം സ്വര്‍ണാഭരണമോഷണം നടത്തിവന്നിരുന്ന സംഘത്തിലെ രണ്ട്‌ ദമ്പതികളെ രാമപുരം പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. തമിഴ്‌നാട്‌ തിരുനല്‍വേലി കളത്ത്‌ സ്‌ട്രീറ്റില്‍ ജയറാം (32), ഭാര്യ നാഗവല്ലി (30), മധുര നാഗമലയ്‌ക്കത്ത്‌ തങ്കപാടി (39), ഭാര്യ വല്ലി ടി. ശങ്കരി (33) എന്നിവരെയാണ്‌ അടൂരില്‍നിന്നു പിടികൂടിയത്‌.
രണ്ടുമാസം മുമ്പ്‌ ഇരട്ടച്ചിറയ്‌ക്കു സമീപം വയോധികയുടെ മാല മോഷ്‌ടിച്ച കേസിലാണ്‌ അറസ്‌റ്റ്. ഇതേസംഘം അടുത്തകാലത്ത്‌ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ട്‌. സംഘത്തില്‍പ്പെട്ട ഒരു സ്‌ത്രീയെക്കൂടി പിടികൂടാനുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.

ഈ സ്‌ഥിരം മോഷണസംഘത്തില്‍ നാല്‍പ്പത്തഞ്ചോളം പേരുണ്ടെന്നു പോലീസ്‌ പറഞ്ഞു. പിടിയിലായ സ്‌ത്രീകളുടെ ഭര്‍ത്താക്കന്മാരാണ്‌ മോഷണത്തിന്‌ ചുക്കാന്‍ പിടിച്ചിരുന്നതും മോഷണമുതല്‍ വിറ്റിരുന്നതും. ഉത്സവം, പെരുന്നാളുകള്‍, കല്യാണവീടുകള്‍, തിരക്കുള്ള ബസ്‌ എന്നിങ്ങനെ ആളുകള്‍ കൂടുന്നിടത്താണ്‌ പ്രധാനമായും മോഷണം.

പഴയതുണി ശേഖരണത്തിന്റെ മറവിലാണ്‌ ഇവര്‍ അടൂരില്‍ തമ്പടിച്ചിരുന്നത്‌. തമിഴും മലയാളവും ഹിന്ദിയും അനായാസം കൈകാര്യം ചെയ്യും.

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയാണ്‌ മോഷണസംഘത്തിന്റെ പ്രധാനങ്കേതം.
കഴിഞ്ഞ മാര്‍ച്ച്‌ 21-ന്‌ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന ചേറ്റുകുളം നെടുംകുന്നേല്‍ കുഞ്ഞൂഞ്ഞമ്മ(68)യുടെ രണ്ടര പവന്‍ സ്വര്‍ണമാലയാണ്‌ ഇവര്‍ ബസില്‍വച്ച്‌ മോഷ്‌ടിച്ചത്‌. മോഷണം നടത്തിയ സ്‌ത്രീകള്‍ ഇരട്ടച്ചിറ കുളത്തിനടുത്തുള്ള ബസ്‌ സ്‌റ്റോപ്പില്‍ ഇറങ്ങി, ഭരതസ്വാമി ക്ഷേത്രത്തിനു സമീപത്തുകൂടിയുള്ള റോഡിലൂടെ നടന്ന്‌ അമനകരയിലെത്തി ഓട്ടോ വിളിച്ച്‌ കൂത്താട്ടുകുളത്തെത്തി. അവിടുന്ന്‌ വിവിധ ഓട്ടോറിക്ഷകളില്‍ സഞ്ചരിച്ച്‌ മൂവാറ്റുപുഴയിലെത്തി. അവിടുന്ന്‌ അടൂരിലേക്കു പോയി. പ്രതികളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.