Oddly News

35കാരിയെ വിവാഹം ചെയ്ത് 75കാരൻ; ആദ്യരാത്രിയില്‍ തേടിയെത്തിയത് മരണം

ജൗന്‍പൂര്‍: ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് ഏകാന്തത അവസാനിപ്പിക്കാനാണ് മുപ്പത്തിയഞ്ചുകാരിയെ 75-ാം വയസില്‍ സംഗ്രുറാം വിവാഹം കഴിച്ചത്. ആദ്യരാത്രിയില്‍ തന്നെ അദ്ദേഹത്തെത്തേടി മരണമെത്തി. ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍ ജില്ലയിലെ കുച്ഛക്കമുച്ഛ് ഗ്രാമത്തിലാണു സംഭവം.

ഒരു വര്‍ഷം മുമ്പാണു സംഗ്രുറാമിന്റെ ആദ്യഭാര്യ മരിച്ചത്. അന്നു മുതല്‍ അദ്ദേഹം തനിച്ചായിരുന്നു. ആദ്യ വിവാഹത്തില്‍ മക്കളും ഇല്ലായിരുന്നു. പുനര്‍വിവാഹത്തെ തീരുമാനത്തെ ബന്ധുക്കള്‍ എതിര്‍ത്തെങ്കിലും അദ്ദേഹം മുന്നോട്ടുപോയി. ഞായറാഴ്ച അദ്ദേഹം ജലാലപൂര്‍ സ്വദേശിനിയായ മന്‍ഭാവതി(35)യെ വിവാഹം ചെയ്തു. വിവാഹം റജിസ്റ്റർ ചെയ്തതിന് പിന്നാലെ സമീപത്തെ ക്ഷേത്രത്തിൽ വച്ച് പരമ്പരാഗത രീതിയിൽ ചടങ്ങുകൾ നടത്തിയിരുന്നു. വീട്ടുജോലികള്‍ ഭാര്യ ചെയ്യണമെന്നും കുട്ടികളെ താന്‍ നോക്കുമെന്നുമാണ് സംഗ്രുറാം പറഞ്ഞതെന്നു മന്‍ഭാവതി പറഞ്ഞു.

വിവാഹ രാത്രിയില്‍ മണിക്കൂറുകളോളം സംസാരിച്ചു. പുലര്‍ച്ചെ ആരോഗ്യനില വഷളായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. എന്നാല്‍, മരണം അസ്വാഭാവികമാണെന്ന ആരോപണവുമായി സംഗ്രുറാമിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സംശയമുള്ളതിനാല്‍ സംസ്കാരച്ചടങ്ങിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.