സിജെപി പ്രവർത്തകർക്കും ഒരുവിഭാഗം മാധ്യമങ്ങൾക്കും രാഷ്ട്രീയ എതിരാളികൾക്കുമെതിരെ രൂക്ഷവിമർശനവുമായി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് രംഗത്തെത്തി. ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർ കേരളത്തിലും പഞ്ചാബിലും നടക്കുന്ന അനീതികൾക്ക് നേരെ എന്തുകൊണ്ട് കണ്ണടയ്ക്കുന്നു എന്ന് മാധവ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചോദ്യമുയർത്തുന്നു.
വിദ്യാഭ്യാസ വിഷയങ്ങളിലും വിദ്യാർഥികളുടെ പ്രശ്നങ്ങളിലും ബിജെപി ഭരിക്കുന്നിടത്ത് മാത്രം പ്രതിഷേധവുമായി ഇറങ്ങുന്നവരുടെ ഇരട്ടത്താപ്പാണ് മാധവ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. തന്റെ നിലപാടുകളുടെ പേരിൽ ‘അന്ധനായ സംഘി’ എന്ന് വിളിച്ച് ആക്രമിച്ച കമ്യൂണിസ്റ്റുകൾക്കും ‘നിഷ്പക്ഷർ’ എന്ന് അവകാശപ്പെടുന്നവർക്കുമെതിരെയും മാധവ് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി. അഭിജിത് ദീപ്കേ അടക്കമുള്ളവരോട് വിഷയത്തിൽ മറുപടി പറയാനും മാധവ് വെല്ലുവിളിക്കുന്നുണ്ട്.
കേരളത്തിൽ നടക്കുന്ന പിഎസ്.സി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരത്തിനെക്കുറിച്ച് എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് തന്നോട് നിരവധി പേർ ചോദിക്കുന്നുണ്ടെന്നും, അതിന്റെ പശ്ചാത്തലം വ്യക്തമായി പഠിച്ച ശേഷം പ്രതികരിക്കും എന്ന രീതിയിൽ അവതാരക രഞ്ജിനി ഹരിദാസ് പങ്കുവച്ച പോസ്റ്റും മാധവ് സുരേഷ് തന്റെ സോഷ്യൽ മീഡിയ സ്റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്.
ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ച കുറിപ്പുകളിൽ, പഞ്ചാബിൽ നടക്കുന്ന അനീതികൾക്കെതിരെ പ്രതികരിക്കാത്തവരുടെ വ്യാജ പുരോഗമന നിലപാടുകളെയും ഇരട്ടത്താപ്പിനെയും മാധവ് ശക്തമായി ചോദ്യം ചെയ്യുന്നു. ബിജെപി ഭരിക്കുന്നയിടങ്ങളിൽ മാത്രം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ യഥാർഥ ലക്ഷ്യം സ്വന്തം നേട്ടത്തിനായി വിദ്യാർഥികളെ ഉപയോഗിക്കുക എന്നതാണെന്ന് മാധവ് ആരോപിക്കുന്നു.
ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ മാധവ് സുരേഷ് പങ്കുവച്ചതില്‍നിന്ന്:
എന്റെ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി നിലകൊണ്ട എന്റെ നിലപാടിനെ എതിർക്കുകയും എന്നെ ‘അന്ധനായ സംഘി’ എന്ന് വിളിക്കുകയും ചെയ്ത എല്ലാ കമ്മികൾക്കും ‘നിഷ്പക്ഷർക്കും’ വേണ്ടിയാണ് ഇത്! എവിടെപ്പോയി നിങ്ങൾ ഇപ്പോൾ?
അണ്ണാക്കിലെ പിരി വെട്ടിയോ? നട്ടെല്ലില്ലാത്തവന്മാരേ!!!
വിദ്യാർഥികളുടെ സമരത്തെക്കുറിച്ചാണ് പറയുന്നത്, അല്ലേ? സിജെപിയിലെ ഒരു പാറ്റകളെയും എവിടെയും കണ്ടില്ല.
സിജെപി തട്ടിപ്പുകാരുടെ കൂട്ടമാണ്, അവർ ഉടൻ തന്നെ തുറന്നുകാട്ടപ്പെടും. അന്ധമായി വിശ്വസിക്കുന്നവരേ, നിങ്ങളുടെ വിശ്വാസം കൈവിടാതെ പിടിച്ചോളൂ, അവർ യഥാർഥത്തിൽ തുറന്നുകാട്ടപ്പെടുമ്പോൾ നിങ്ങൾ അഭിപ്രായം മാറ്റുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”
മാധ്യമങ്ങളുടെ പക്ഷപാതപരമായ സമീപനത്തെ വിമർശിച്ച താരം, നീറ്റ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് വേണ്ടി സംസാരിച്ചതുപോലെ പഞ്ചാബിലെ വിദ്യാർഥികൾക്ക് വേണ്ടിയും ശബ്ദമുയർത്താൻ ആഹ്വാനം ചെയ്തു. സാധാരണക്കാരന് വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്നവർക്ക് ബിജെപി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളിൽ പ്രതികരിക്കാൻ ധൈര്യമില്ലെന്നും, രാജ്യത്തിന് വേണ്ടി നിലകൊണ്ട തന്നെ ‘അന്ധനായ സംഘി’ എന്ന് വിളിച്ചവർ ഇപ്പോൾ എവിടെപ്പോയെന്നും മാധവ് തുറന്നടിച്ചു.
എന്നാൽ, ഡൽഹിയിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം നടന്ന സമയത്ത് അവർക്ക് പിന്തുണയുമായി മാധവ് സുരേഷ് രംഗത്തെത്തിയിരുന്നു. വിദ്യാർഥി പ്രക്ഷോഭങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നതിനെയും പൊലീസ് നടപടികളെയും ഒരുപോലെ വിമർശിച്ചുകൊണ്ട് താൻ പൂർണമായും ഒരു അരാഷ്ട്രീയവാദിയാണെന്ന് മാധവ് അന്ന് പ്രഖ്യാപിച്ചിരുന്നു.
ഭരണകൂടവും പ്രതിപക്ഷവും തമ്മിലുള്ള പോരാട്ടത്തിൽ ഒടുവിൽ തോറ്റുപോകുന്നത് ഇന്ത്യയിലെ സാധാരണക്കാരാണെന്നും, ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകണമെന്നും മാധവ് സുരേഷ് ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വച്ചപ്പോൾ സമരത്തിനിടെ അതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം എന്നും മാധവ് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ, അതിനു കടകവിരുദ്ധമായ പരാമർശങ്ങളാണ് താരം ഇപ്പോൾ നടത്തുന്നത്.




