Featured Lifestyle

3-ാം വിവാഹമോചനം കഴിഞ്ഞ് 5-ാം മാസം നാലാം വിവാഹം! ഡയാനയുടെ സഹോദരൻ 61കാരന് ‘രഹസ്യ കല്യാണം’

ഡയാന രാജകുമാരിയുടെ സഹോദരനും ഒൻപതാമത് സ്പെൻസർ പ്രഭുവുമായ ചാൾസ് സ്പെൻസർ, ബയോആർക്കിയോളജിസ്റ്റും പോഡ്കാസ്റ്ററുമായ കാറ്റ് ജാർമനെ രഹസ്യമായി വിവാഹം കഴിച്ചു. അമേരിക്കയിലെ അരിസോണയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. ചാൾസ് സ്പെൻസറിന്റെ നാലാം വിവാഹമാണിത്. അദ്ദേഹത്തിന്റെ മൂന്നാം വിവാഹമോചനം കഴിഞ്ഞ് വെറും അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ഈ വിവാഹം നടന്നിരിക്കുന്നത്.

61 വയസുകാരനായ സ്പെൻസറിനെക്കാൾ 18 വയസ്സ് പ്രായം കുറവാണ് പുതിയ ഭാര്യയ്ക്ക്. സഹപ്രവർത്തകർ എന്ന നിലയിൽ തുടങ്ങി, പിന്നീട് സൗഹൃദത്തിലേക്കും ഒടുവിൽ ആഴമേറിയ പ്രണയത്തിലേക്ക് വളരാൻ കഴിഞ്ഞതിൽ തങ്ങൾ രണ്ടുപേരും ഭാഗ്യവാന്മാരാണെന്ന് വിവാഹശേഷം ദമ്പതികൾ പ്രതികരിച്ചു.

തന്റെ മുൻഭാര്യമാരിലായി ആകെ ഏഴ് മക്കളുള്ള സ്പെൻസർ, കഴിഞ്ഞ വർഷമാണ് കാറ്റ് ജാർമനുമായുള്ള പ്രണയവിവരം പുറത്തുവിട്ടത്. കാറ്റിന് മുൻബന്ധത്തിൽ രണ്ട് ആൺമക്കളുണ്ട്. ചരിത്രകാരനും എഴുത്തുകാരനുമായ ചാൾസ് സ്പെൻസർ, കാറ്റിന്റെ 2021-ലെ ജനപ്രിയ പുസ്തകമായ ‘റിവർ കിംഗ്സ്’ വിലയിരുത്താൻ ആവശ്യപ്പെട്ടപ്പോഴാണ് അവളെ ആദ്യമായി പരിചയപ്പെടുന്നത്. ഈ പരിചയം വളരുകയും പിന്നീട് ഇരുവരും ചേർന്ന് ഒരു പോഡ്കാസ്റ്റ് അവതരിപ്പിക്കാൻ തുടങ്ങുകയും ചെയ്തു.

കഴിഞ്ഞ വർഷമാണ് ഇരുവരും തങ്ങളുടെ ബന്ധം പരസ്യമാക്കിയത്. കാറ്റ് തന്റെ കാമുകിയാണെന്ന് പറയുന്നത് ഈ 60-ാം വയസ്സിൽ ഒരു 20 വയസ്സുകാരന്റെ ചിന്താഗതി പോലെ തോന്നിക്കുമെന്നും, പ്രണയത്തിന്റെ അതിഭാവുകത്വങ്ങളേക്കാൾ കാറ്റിനൊപ്പം ആയിരിക്കുമ്പോൾ തനിക്ക് സ്വന്തം വ്യക്തിത്വം നിലനിർത്താൻ കഴിയുന്നു എന്നതാണ് പ്രധാനമെന്നും സ്പെൻസർ പറഞ്ഞിരുന്നു. താൻ ആരാണെന്ന് അവൾക്ക് കൃത്യമായി അറിയാമെന്നും തനിക്ക് ഒന്നിനും വേണ്ടി അഭിനയിക്കേണ്ടി വരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്നെക്കാൾ 18 വയസ്സ് പ്രായക്കുറവുള്ള ഒരാളുമായി ഒരു ബന്ധം സ്പെൻസർ പ്രതീക്ഷിച്ചിരുന്നില്ല. മാത്രമല്ല, അന്ന് അദ്ദേഹം തന്റെ മൂന്നാമത്തെ വിവാഹബന്ധം വേർപിരിയുന്നതിന്റെ അവസാന ഘട്ടത്തിലുമായിരുന്നു. എന്നാൽ വൈകാരികമായി ഏറെ പക്വതയുള്ള കാറ്റിന് മുന്നിൽ തനിക്ക് ഒരിക്കലും വ്യാജമായി പെരുമാറേണ്ടി വന്നിട്ടില്ലെന്ന് സ്പെൻസർ വ്യക്തമാക്കുന്നു.

മോഡലായിരുന്ന വിക്ടോറിയ ലോക്ക്‌വുഡ് ആയിരുന്നു സ്പെൻസറിന്റെ ആദ്യ ഭാര്യ (1989 – 1997). വിക്ടോറിയയുമായുള്ള വിവാഹമോചനത്തിന് ശേഷം അദ്ദേഹം കരോലിൻ ഫ്രോയിഡിനെയും (2001 – 2007), പിന്നീട് കാരെൻ ഗോർഡനെയും (2011 – 2025) വിവാഹം കഴിച്ചിരുന്നു.