Featured Oddly News

ഓട്ടത്തിനിടയിൽ വെണ്ണ കാച്ചാം! 20 കിലോമീറ്റർ മോണിംഗ് വാക്ക് ‘ബട്ടർ ചലഞ്ച്’ ആക്കി ദമ്പതികൾ- വീഡിയോ

ഡെറാഡൂണിൽ നിന്നുള്ള, അൻപതുകളിലെത്തിയ ഈ ദമ്പതികൾ രാവിലെ തങ്ങളുടെ 20 കിലോമീറ്റർ ഓട്ടത്തിനിടയിൽ വീട്ടിലേക്കുള്ള വെണ്ണ കൂടി തയ്യാറാക്കി സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. വ്യായാമവും പാചകവും ഒരേസമയം ഒന്നിപ്പിച്ച ഇവരുടെ ഈ വ്യത്യസ്തമായ പരീക്ഷണം ആളുകളിൽ ചിരിയും ഒപ്പം വലിയ പ്രചോദനവുമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഒരു ദിവസം രാവിലെ ഓടാൻ പോകാനായി ഭർത്താവ് ഭാര്യയെ ക്ഷണിച്ചപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ വീട്ടിൽ വെണ്ണ ഉണ്ടാക്കേണ്ടതുള്ളതിനാൽ വരാൻ കഴിയില്ലെന്ന് ഭാര്യ പറഞ്ഞു. എന്നാൽ പിന്നെ രണ്ട് കാര്യങ്ങളും ഒരുമിച്ച് ചെയ്താൽ എന്താ എന്നായി അവർ. അങ്ങനെ അവർ ഒരു സൂത്രം കണ്ടുപിടിച്ചു. നല്ല ഫ്രഷ് പാൽപ്പാട ഒരു കുപ്പിയിലാക്കി, അത് നന്നായി അടച്ച് ഒരു ബാഗിലിട്ട് ഭർത്താവ് മുതുകിൽ തൂക്കി.

ദീർഘദൂരം ഓടുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ കുലുക്കം കൊണ്ട് ഈ പാൽപ്പാട വെണ്ണയായി മാറുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ.
ഡെറാഡൂണിലെ റോഡുകളിലൂടെ അവർ ഓടുമ്പോൾ ബാഗിലെ കുപ്പിയും ഒപ്പം നന്നായി കുലുങ്ങിക്കൊണ്ടിരുന്നു. ഏകദേശം 5 കിലോമീറ്റർ ഓടിക്കഴിഞ്ഞപ്പോൾ വെണ്ണ ആയിട്ടുണ്ടാകുമോ എന്ന് നോക്കാമെന്ന് ഭാര്യ പറഞ്ഞെങ്കിലും, 20 കിലോമീറ്റർ ലക്ഷ്യം പൂർത്തിയാക്കിയ ശേഷമേ കുപ്പി തുറക്കൂ എന്ന് ഭർത്താവ് നിർബന്ധം പിടിച്ചു.

ഒടുവിൽ ഓട്ടം കഴിഞ്ഞ് വീട്ടിലെത്തി തുറന്നു നോക്കിയപ്പോൾ പാൽപ്പാടയെല്ലാം മാറി നല്ല വെണ്ണയും മോരും വേർതിരിഞ്ഞു വന്നിട്ടുണ്ടായിരുന്നു. തങ്ങൾ ഓടി ഉണ്ടാക്കിയ ആ ഫ്രഷ് വെണ്ണ കൂട്ടി സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്ന ദമ്പതികളുടെ ദൃശ്യങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്.

ഈ മനോഹരമായ വീഡിയോ വളരെ പെട്ടെന്നാണ് ആളുകൾ ഏറ്റെടുത്തത്. തങ്ങൾക്ക് സാധാരണ വ്യായാമം ചെയ്യാൻ പോലും മടിയുള്ളപ്പോഴാണ് ഈ ദമ്പതികൾ ഓട്ടത്തെ ഒരു വീട്ടുജോലിയാക്കി മാറ്റിയതെന്ന് പലരും തമാശയായി കമന്റ് ചെയ്തു. പ്രായം വെറുമൊരു അക്കമാണെന്നും, പങ്കാളിയോടൊപ്പം സന്തോഷത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാൻ ഇത്തരം കൊച്ചു കൊച്ചു കാര്യങ്ങൾ മതിയെന്നും ഈ ദമ്പതികൾ തെളിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *