Oddly News

കളിസ്ഥലത്തെ ബെഞ്ചിൽ ഒറ്റയ്ക്ക് ഇരുന്നതിന് 2,500 രൂപ പിഴ? കാരണം അറിഞ്ഞാൽ ഞെട്ടും!

ജർമ്മനിയിൽ കുട്ടികളില്ലാതെ കളിസ്ഥലത്തെ ബെഞ്ചിലിരുന്ന് കരഞ്ഞ യുവതിക്ക് അധികൃതർ പിഴ ചുമത്തി. ജർമ്മൻ വാർത്താ മാധ്യമമായ ഡബ്ല്യു.ഡി.ആർ (WDR) റിപ്പോർട്ട് അനുസരിച്ച്, ഒക്ടോബർ 25-ന് ഗെൽസെൻകിർചെനിലാണ് സംഭവം നടന്നത്. 31 വയസ്സുകാരിയായ ഹാന ബെഞ്ചിലിരുന്ന് തന്റെ അമ്മായിയെ ഫോൺ വിളിക്കുകയായിരുന്നു. “പഠനത്തിന്റെയും സാമ്പത്തിക കാര്യങ്ങളുടെയും പേരിൽ ഞാൻ അന്ന് കടുത്ത സമ്മർദ്ദത്തിലായിരുന്നു,” അവർ മാധ്യമത്തോട് പറഞ്ഞു. എന്നാൽ കുട്ടികളില്ലാതെ കളിസ്ഥലത്ത് ഇരിക്കുന്നത് മുനിസിപ്പൽ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് അവർക്ക് അറിയില്ലായിരുന്നു.

സാമ്പത്തികവും പഠനപരവുമായ സമ്മർദ്ദം താങ്ങാനാവാതെ ഒന്ന് നടക്കാനിറങ്ങിയതായിരുന്നു ഹാന. ഇതിനിടയിലാണ് കളിസ്ഥലത്തെ ബെഞ്ചിലിരുന്ന് അവർ പൊട്ടിക്കരഞ്ഞത്. “എനിക്ക് കുറച്ചുനേരം തനിച്ചിരിക്കണമെന്നും ആരും എന്നെ കാണരുതെന്നും മാത്രമേ ഉണ്ടായിരുന്നുള്ളൂ,” അവർ ജർമ്മൻ ബ്രോഡ്കാസ്റ്ററോട് വ്യക്തമാക്കി.

ഈ സമയം മൂന്ന് മുനിസിപ്പൽ ഉദ്യോഗസ്ഥർ ഹാനയുടെ അടുത്തെത്തുകയും ഊഞ്ഞാലാടുകയായിരുന്ന രണ്ട് ആൺകുട്ടികൾ അവരുടെ മക്കളാണോ എന്ന് ചോദിക്കുകയും ചെയ്തു. അല്ലെന്ന് മറുപടി നൽകിയതോടെ ഉദ്യോഗസ്ഥർ അവർക്ക് 25 യൂറോ (ഏകദേശം 2,540 രൂപ) പിഴ ചുമത്തുകയായിരുന്നു. ഗെൽസെൻകിർചെനിലെ മുനിസിപ്പൽ നിയമപ്രകാരം 14 വയസ്സും അതിൽ താഴെയുമുള്ള കുട്ടികൾക്കായി മാറ്റിവെച്ചിട്ടുള്ളതാണ് കളിസ്ഥലങ്ങൾ. മാതാപിതാക്കളോ രക്ഷിതാക്കളോ ഉൾപ്പെടെയുള്ള മുതിർന്നവർക്ക് കുട്ടികളോടൊപ്പം മാത്രമേ ഇവിടെ പ്രവേശിക്കാൻ അനുവാദമുള്ളൂ.

ഈ അനുഭവം തന്നെ ഏറെ ദേഷ്യപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്തതായി ഹാന പറഞ്ഞു. “ഇതിലെല്ലാം മനുഷ്യത്വം എവിടെയാണ്? ഒരാൾ കരയുന്നത് കണ്ടാൽ, ‘നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ? എന്തെങ്കിലും സഹായം ആവശ്യമുണ്ടോ?’ എന്ന് ആദ്യം ചോദിക്കാൻ കഴിയില്ലേ? അതിനുശേഷം കുട്ടികളില്ലാതെ ഇവിടെ ഇരിക്കാൻ അനുവാദമില്ലെന്ന് പറഞ്ഞു മനസ്സിലാക്കാമായിരുന്നല്ലോ,” അവർ ഡബ്ല്യു.ഡി.ആറിനോട് ചോദിച്ചു.

ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രദേശവാസികളും ഞെട്ടൽ രേഖപ്പെടുത്തി. അല്പനേരം വിശ്രമിക്കാൻ ആഗ്രഹിച്ച ഒരു സ്ത്രീയെ ശിക്ഷിക്കുന്നത് അസംബന്ധമാണെന്ന് ഒരാൾ പ്രതികരിച്ചു. താൻ 64 വർഷമായി ഇവിടെ താമസിക്കുന്നുണ്ടെന്നും എപ്പോഴും ആ ബെഞ്ചിൽ ഇരിക്കാറുണ്ടെന്നും എന്നാൽ ആരും ഇതുവരെ പരിശോധിക്കാൻ വന്നിട്ടില്ലെന്നും ഒരു സ്ത്രീ പറഞ്ഞു. ഉദ്യോഗസ്ഥരുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മറ്റൊരു താമസക്കാരനും അഭിപ്രായപ്പെട്ടു.

അതേസമയം, ഉദ്യോഗസ്ഥരുടെ നടപടിയെ സിറ്റി കൗൺസിൽ ന്യായീകരിച്ചു. കുട്ടികളുടെ കളിസ്ഥലങ്ങൾ കുട്ടികൾക്കുള്ളതാണെന്നും അതിനാൽ കുട്ടികളില്ലാതെ മുതിർന്നവർ അവിടെ നിൽക്കുന്നത് പൊതുവെ നിരോധിച്ചിരിക്കുകയാണെന്നും കൗൺസിൽ അംഗമായ സൈമൺ നൊവാക് പറഞ്ഞു. കളിസ്ഥലങ്ങളുടെ അനധികൃത ഉപയോഗം തടയുന്നതിനും കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതകൾ കുറയ്ക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പിഴ ചുമത്തുന്നതെന്നാണ് നഗരസഭയുടെ വിശദീകരണം. ഇതിനിടെ, ബെഞ്ചിൽ തനിച്ചിരിക്കുന്നത് ഉൾപ്പെടെയുള്ള കളിസ്ഥലങ്ങളിലെ അനധികൃത ഉപയോഗത്തിനുള്ള പിഴ നിലവിലെ 55 യൂറോയിൽ (5,613 രൂപ) നിന്ന് 60 യൂറോയായി (6,121 രൂപ) ഉയർത്താനുള്ള നിർദ്ദേശം കൗൺസിൽ ചർച്ച ചെയ്തുവരികയാണ്.