നിർമ്മിത ബുദ്ധി (AI) അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. എന്നാൽ വെറുമൊരു സഹായി എന്നതിലുപരി, പലരും ഇപ്പോൾ എഐ ബോട്ടുകളുമായി പ്രണയത്തിലാകുന്ന പ്രവണത വർദ്ധിച്ചു വരികയാണ്. ചൈനയ്ക്ക് ശേഷം അമേരിക്കയിലും ഇത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
മനുഷ്യരും എഐ ബോട്ടുകളും തമ്മിലുള്ള വിവാഹങ്ങൾ നിയമപരമായി തടയുന്നതിനായുള്ള പുതിയ നിയമങ്ങൾ നിർമ്മിക്കാൻ അമേരിക്കൻ ജനപ്രതിനിധികൾ ഒരുങ്ങുന്നതായി പ്രമുഖ മാധ്യമമായ ‘വയേർഡ്’ റിപ്പോർട്ട് ചെയ്യുന്നു. എഐ സംവിധാനങ്ങൾക്ക് വ്യക്തിഗത നിയമപദവി (Legal Personhood) ലഭിക്കുന്നത് തടയാനാണ് ഈ നിയമനിർമ്മാണം ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വർഷം കാലിഫോർണിയയിൽ നിന്നുള്ള ഒരു സ്ത്രീ തന്റെ എഐ ചാറ്റ്ബോട്ടിനെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ലാസ് വേഗാസിലെ ഒരു വെഡ്ഡിംഗ് പ്ലാനറെ സമീപിച്ച സംഭവം വലിയ വാർത്തയായിരുന്നു. നിരവധി വിവാഹങ്ങൾ നടത്തി പരിചയമുള്ള അദ്ദേഹം പോലും ഈ ആവശ്യത്തിൽ അമ്പരന്നുപോയി. അടുത്തിടെ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത്, ആളുകൾ മാനസികമായ കൂട്ടുകെട്ടിനും കൗൺസിലിംഗിനുമായി എഐ ബോട്ടുകളെ വൻതോതിൽ ആശ്രയിക്കുന്നുണ്ട് എന്നാണ്.
നിലവിൽ അമേരിക്കയിൽ എഐ സംവിധാനങ്ങളുമായുള്ള വിവാഹത്തിന് നിയമപരമായ അംഗീകാരമില്ല. എഐക്ക് ജീവനോ ചിന്താശേഷിയോ (Non-sentient) ഇല്ലെന്നും, അതിനാൽ പങ്കാളി എന്ന നിലയിലുള്ള യാതൊരു നിയമപരമായ അവകാശങ്ങളും അവയ്ക്ക് നൽകാനാവില്ലെന്നും വ്യക്തമാക്കുന്ന ബില്ലുകൾ മിസോറി ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങൾ സഭയിൽ അവതരിപ്പിച്ചിട്ടുണ്ട്. തെന്നെസി, ഉട്ടാ, നോർത്ത് ഡക്കോട്ട, ഐഡഹോ തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ എഐക്ക് വ്യക്തിഗത നിയമപദവി നൽകുന്നത് തടയുന്ന നിയമങ്ങൾ പാസാക്കിക്കഴിഞ്ഞു. എഐ കൂടുതൽ തനിമയുള്ളതായി മാറുന്ന സാഹചര്യത്തിൽ, യന്ത്രങ്ങൾക്ക് നിയമപരമായ അവകാശങ്ങൾ നൽകണമോ എന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങൾ വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.




