Oddly News

അമേരിക്കയിൽ 42ലക്ഷം ചെലവ് വരുന്ന ശസ്ത്രക്രിയ ഇന്ത്യയിൽ വെറും 4 ലക്ഷത്തിന് നടന്നതായി യുവതി !

അമേരിക്കയിൽ ഏകദേശം 45,000 ഡോളർ (ഏകദേശം 41,64,021 രൂപ) ചെലവ് വരുന്ന തന്റെ അമ്മയുടെ ശസ്ത്രക്രിയ ഇന്ത്യയിലെ ഒരു പ്രമുഖ ആശുപത്രിയിൽ വെറും 4,500 ഡോളറിന് (ഏകദേശം 4,18,364 രൂപ) പൂർത്തിയാക്കിയെന്ന യുവതിയുടെ ‘എക്സ്’ (X) പോസ്റ്റ് വൈറലാകുന്നു. മെഡിക്കൽ ടൂറിസം രംഗത്ത് ഇന്ത്യയ്ക്കുള്ള വലിയ സാധ്യതകളിലേക്കാണ് ഈ പോസ്റ്റ് വിരൽചൂണ്ടുന്നത്. ‘യാപ്പർ എമ്മ’ (YapperEmma) എന്ന പേരിലുള്ള ഉപയോക്താവാണ് അമേരിക്കയിലെ ചികിത്സാ ചെലവ് താങ്ങാനാവാത്തതിനെ തുടർന്ന് കുടുംബത്തോടൊപ്പം ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ അനുഭവം പങ്കുവെച്ചത്.

ശസ്ത്രക്രിയയ്ക്കായി ദക്ഷിണ കൊറിയയിലേക്ക് പോകാനായിരുന്നു എമ്മയുടെ കുടുംബം ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ ഒരു ഡോക്ടർ സുഹൃത്ത് ഇന്ത്യ നിർദ്ദേശിച്ചതോടെയാണ് ഇവർ തീരുമാനമെടുത്തത്. “ഞങ്ങൾ ഇവിടെ വരികയും ആശുപത്രി വാസമടക്കം ഏകദേശം 4,500 ഡോളർ (ഏകദേശം 4,18,364 രൂപ) ചെലവിൽ ഒരു മികച്ച ആശുപത്രിയിൽ ചികിത്സ നടത്തുകയും ചെയ്തു,” എമ്മ കുറിച്ചു. അമേരിക്കയിൽ ഇവർ അന്വേഷിച്ച ചികിത്സാ രീതികൾക്ക് ഏകദേശം 45,000 ഡോളറായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്.

ഇന്ത്യയിലെ ചികിത്സാ നിലവാരം അതിശയിപ്പിക്കുന്നതാണെന്ന് വിശേഷിപ്പിച്ച അവർ, മെഡിക്കൽ ടൂറിസം മേഖലയിൽ രാജ്യത്തിന് എത്രത്തോളം സാധ്യതകളുണ്ടെന്ന് ഈ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞതായും പറഞ്ഞു.

പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. നിങ്ങൾക്ക് നല്ലൊരു അനുഭവം ഉണ്ടായതിൽ സന്തോഷമുണ്ടെന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ, ഇത് കേൾക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മറ്റൊരാൾ കുറിച്ചു. മെഡിക്കൽ ടൂറിസം രംഗത്ത് ഇന്ത്യയ്ക്ക് ഇതിനോടകം തന്നെ വലിയ അവസരങ്ങളുണ്ടെന്നായിരുന്നു മൂന്നാമതൊരാളുടെ പ്രതികരണം.