കണ്ണൂർ: മാതാമംഗലം രാധാകൃഷ്ണൻ വധക്കേസിലെ പ്രധാന പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാതാമംഗലം പെരുമ്പടവ് അടുക്കം സ്വദേശിയായ നെല്ലൂര് കോരച്ചം വീട്ടിൽ എൻ.കെ. സന്തോഷിനെയാണ് (40) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിലെ മൂന്നാം പ്രതിയും കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയുമായ മിനി നമ്പ്യാർ താമസിക്കുന്ന മാതാമംഗലം പുനിയംകോട് മണിയറ റോഡിന് സമീപത്തെ വീടിനടുത്തുള്ള റബർ തോട്ടത്തിലാണ് മൃതദേഹം കാണപ്പെട്ടത്.
2025 മാർച്ച് 20-നാണ് കൈതപ്രത്ത് നിർമാണത്തിലിരുന്ന സ്വന്തം വീട്ടിൽ വെച്ച് കെ.കെ. രാധാകൃഷ്ണൻ സന്തോഷിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അന്ന് സംഭവസ്ഥലത്തുനിന്ന് തന്നെ സന്തോഷിനെ പൊലീസ് പിടികൂടിയിരുന്നു. കൊലപാതകത്തിന് പ്രേരണ നൽകിയെന്ന കുറ്റം ചുമത്തി രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെയും പരിയാരം പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ജയിലിലായിരുന്ന സന്തോഷിന് ആറു മാസം മുമ്പാണ് ജാമ്യം ലഭിച്ചത്.
മിനി നമ്പ്യാരുമായുള്ള തന്റെ സൗഹൃദം എതിർത്തതിലുള്ള വൈരാഗ്യമാണ് രാധാകൃഷ്ണനെ കൊലപ്പെടുത്താൻ സന്തോഷിനെ പ്രേരിപ്പിച്ചത്. പഴയ സഹപാഠികളായിരുന്ന സന്തോഷും മിനിയും ഒരു പൂർവവിദ്യാർഥി സംഗമത്തിൽ വെച്ചാണ് വീണ്ടും കണ്ടുമുട്ടിയത്. തുടർന്ന് രാധാകൃഷ്ണന്റെ പുതിയ വീടിന്റെ നിർമാണ പ്രവർത്തനങ്ങളിൽ സന്തോഷ് സഹായിയായി എത്തി. ഭാര്യയുടെ കാര്യങ്ങളിൽ സന്തോഷ് അമിതമായി ഇടപെടുന്നത് രാധാകൃഷ്ണൻ ചോദ്യം ചെയ്തതോടെ സന്തോഷ് അദ്ദേഹത്തെ ഭീഷണിപ്പെടുത്താൻ തുടങ്ങി.
ഇതേത്തുടർന്ന് രാധാകൃഷ്ണൻ നൽകിയ പരാതിയിൽ പരിയാരം പൊലീസ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് ചെയ്തിരുന്നു. ഇതോടെ സന്തോഷിന്റെ ഭീഷണി വർധിച്ചതായി രാധാകൃഷ്ണൻ പറഞ്ഞിരുന്നെന്ന് നാട്ടുകാർ ഓർക്കുന്നു. കൊലപാതകം നടന്ന ദിവസം ‘നിനക്കു മാപ്പില്ല’ എന്ന് സന്തോഷ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. അന്ന് രാത്രിയാണ് കൈതപ്രം പൊതുജന വായനശാലയ്ക്ക് അടുത്തുള്ള നിർമാണത്തിലിരുന്ന വീട്ടിൽ വെച്ച് രാധാകൃഷ്ണൻ വെടിയേറ്റ് മരിച്ചത്.




