ന്യൂഡൽഹി: ജോലി ചെയ്തിരുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലെ ട്രയൽ റൂമിൽ കൊല്ലപ്പെട്ട 18-കാരി ഷബ്നത്തിന്റെ അവസാന നിമിഷങ്ങൾ പകർത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കടയുടെ ചില്ലുവാതിലിന് സമീപമുള്ള കസേരയിൽ ഇരിക്കുകയായിരുന്ന ഷബ്നത്തെ, ഓറഞ്ച് ടീഷർട്ട് ധരിച്ചെത്തിയ യുവാവ് തടഞ്ഞുനിർത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
തുടർന്ന് ഇയാൾ ഷബ്നത്തെ ബലമായി ട്രയൽ റൂമിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. പിന്നീട് കുത്തേറ്റ് രക്തത്തിൽ കുളിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കൊല്ലപ്പെട്ടത് ഷബ്നമാണെന്നും സൂരജ് എന്നയാളാണ് പ്രതിയെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മോത്തി നഗർ മെട്രോ സ്റ്റേഷന് അടുത്തുള്ള ഷോറൂമിലായിരുന്നു ഷബ്നം ജോലി ചെയ്തിരുന്നത്. പടിഞ്ഞാറൻ ഡൽഹിയിൽ കുടുംബത്തോടൊപ്പമായിരുന്നു താമസം. പ്രതിയായ സൂരജിനെ ഷബ്നത്തിന് നേരത്തെ പരിചയമുണ്ടായിരുന്നു. ശനിയാഴ്ച വൈകിട്ട് കട അടയ്ക്കുന്ന സമയത്തോട് അടുപ്പിച്ചാണ് ഇയാൾ ഷോറൂമിലേക്ക് അതിക്രമിച്ചു കയറി ട്രയൽ റൂമിൽ വെച്ച് ക്രൂരകൃത്യം നടത്തിയത്.
പ്രതിയും ഷബ്നത്തും തമ്മിൽ മുൻപ് അടുത്ത ബന്ധമുണ്ടായിരുന്നതായും പിന്നീട് അകന്നതായും അന്വേഷണ സംഘം കരുതുന്നു. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സഹപ്രവർത്തകർ വിവരം അറിയുന്നത്. കട അടയ്ക്കുന്നതിന് മുന്നോടിയായി ട്രയൽ റൂമുകൾ പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഷബ്നത്തെ ഇവർ കണ്ടത്. ഉടൻ തന്നെ ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.




