ഒരു നിശ്ചിത പ്രായം കഴിയുമ്പോൾ നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നുമെല്ലാം പെൺകുട്ടികൾ സ്ഥിരമായി നേരിടുന്ന ചോദ്യമാണ് ‘എപ്പോഴാണ് കല്യാണം?’ എന്നത്. പ്രശസ്ത ഗായികയോ സിനിമാ നടിയോ ആയാലും ഈ ചോദ്യത്തിൽ നിന്ന് രക്ഷയില്ല. 40 വയസ്സുള്ള നടി ശ്രുതി ഹാസന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും ഇത്തരം അനാവശ്യ ചോദ്യങ്ങൾ നേരിടുമ്പോൾ തന്റേതായ ശൈലിയിൽ ചുട്ട മറുപടി നൽകി ശ്രദ്ധ നേടുകയാണ് താരം.
കഴിഞ്ഞ ദിവസം നടി സുഹാസിനി മണിരത്നത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് ശ്രുതി രസകരമായ ഈ മറുപടികൾ നൽകിയത്. സ്വകാര്യ ജീവിതത്തെക്കുറിച്ച് പതിവായി വരുന്ന ചോദ്യങ്ങൾക്ക് വായടപ്പിക്കുന്ന മറുപടി നൽകാൻ സുഹാസിനി ശ്രുതിയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് താരം നൽകിയ കുറിക്കുകൊള്ളുന്ന മറുപടികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
‘ശ്രുതി, നീ എപ്പോഴാണ് വിവാഹം കഴിക്കുന്നത്?’ എന്ന് സുഹാസിനി ചോദിച്ചപ്പോൾ, ‘നിങ്ങൾ എപ്പോഴാണ് വിവാഹമോചനം നേടാൻ പോകുന്നത്?’ എന്നായിരുന്നു ശ്രുതിയുടെ മറുചോദ്യം. കല്യാണം എപ്പോഴാണെന്ന് ആളുകൾ തന്നോട് ചോദിക്കുന്നത് ഒട്ടും ഇഷ്ടമല്ലെന്നും അത് തന്നെ വല്ലാതെ അലോസരപ്പെടുത്താറുണ്ടെന്നും ശ്രുതി വ്യക്തമാക്കി.
വയസ്സ് എത്രയാണെന്ന ചോദ്യത്തിന് ‘ഗൂഗിൾ ചെയ്തു നോക്കൂ’ എന്നായിരുന്നു താരത്തിന്റെ മറുപടി. ‘എന്തുകൊണ്ടാണ് ഇത്രയും മെലിഞ്ഞിരിക്കുന്നത്, ഭക്ഷണമൊന്നും കഴിക്കാറില്ലേ?’ എന്ന് ചോദിക്കുന്നവരോടും താരം കൃത്യമായി പ്രതികരിച്ചു. താൻ നന്നായി ഭക്ഷണം കഴിക്കുന്ന ആളാണെന്നും എന്നാൽ ഫിറ്റ്നസിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നുമാണ് ശ്രുതി നൽകുന്ന മറുപടി.
ശ്രുതി ഹാസന്റെ പിതാവായ കമല്ഹാസന്റെ ജേഷ്ഠന് ചാരുഹാസന്റെ മകളാണ് നടിയും പ്രശസ്ത സംവിധായകന് മണിരത്നത്തിന്റെ ഭാര്യയുമായ സുഹാസിനി.




