Crime

സ്ത്രീകള്‍ക്ക് നേരേ നഗ്നതാപ്രദർശനം, അതിക്രമം; ‘നിക്കർ ബിനു’ വീണ്ടും അകത്ത്, മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാൻ ശ്രമം

കൊല്ലം അഞ്ചലിൽ കാപ്പാ കേസിൽ നാടുകടത്തപ്പെട്ട നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഇടയം സ്വദേശി ‘നിക്കർ ബിനു’ എന്ന ബിനുവിനെ (48) അഞ്ചൽ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിനാണ് ഇത്തവണ ഇയാൾ പിടിയിലായത്. മുൻ കേസുകളിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് പ്രതി വീണ്ടും അതിക്രമം നടത്തിയത്.

2025-ൽ കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട നിക്കർ ബിനു, വിലക്ക് ലംഘിച്ച് രണ്ടുതവണ ജില്ലയിൽ പ്രവേശിക്കുകയും വീണ്ടും അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. ഇടയം പ്രദേശത്തെ ഗ്രന്ഥശാലയ്ക്ക് നേരെ നടത്തിയ ആക്രമണത്തിലും ഇയാൾക്കെതിരെ കേസ നിലവിലുണ്ട്. ജയിലിൽ നിന്നിറങ്ങിയ ശേഷം ഇടയം സ്വദേശിനിയായ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി അസഭ്യം പറഞ്ഞ സംഭവത്തിലാണ് പോലീസ് ഇപ്പോൾ ബിനുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അറസ്റ്റിനു ശേഷം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ, ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്തു. പോലീസ് സ്റ്റേഷന് മുന്നിൽ വെച്ചായിരുന്നു പ്രതിയുടെ ഈ അതിക്രമം. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.