‘നിങ്ങൾ ഏത് തരം അടിവസ്ത്രമാണ് ധരിക്കുന്നത്’ എന്നത് പൊതുവേ അധികം ആരും ചോദിക്കാത്ത ഒരു ചോദ്യമായിരിക്കും. എന്നാൽ വ്യക്തിശുചിത്വം പോലെതന്നെ പ്രത്യുൽപാദനാരോഗ്യത്തിലും അടിവസ്ത്രത്തിന് വലിയ പങ്കുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇതിനിടെ ഏത് തരം അടിവസ്ത്രമാണ് പുരുഷന്മാരുടെ ലൈംഗികാരോഗ്യത്തിന് ഏറ്റവും അനുയോജ്യം എന്നതിനെക്കുറിച്ച് ചൈനീസ് ഗവേഷകർ വ്യത്യസ്തമായൊരു പഠനം നടത്തി. 27,000 പുരുഷന്മാരെ പങ്കാളികളാക്കിയും ഇവരുടെ ബീജം ശേഖരിച്ച് പരിശോധിച്ചുമാണ് ഗവേഷകർ ഈ പഠനം പൂർത്തിയാക്കിയത്.
ഇറുകിയ അടിവസ്ത്രങ്ങൾ പുരുഷന്മാർ യാതൊരു കാരണവശാലും ധരിക്കരുതെന്നാണ് പഠനം മുന്നറിയിപ്പ് നൽകുന്നത്. ഇത് ഉദ്ധാരണക്കുറവിനും ശീഘ്രസ്ഖലനത്തിനും കാരണമായേക്കാം. ലിംഗത്തിനും വൃഷണങ്ങൾക്കും മേൽ അമിതസമ്മർദവും ചൂടും ഉണ്ടാക്കുന്നതിനാൽ ഇത്തരം അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നവരിൽ ബീജത്തിന്റെ ഗുണനിലവാരം വൻതോതിൽ കുറയുമെന്നും പഠനത്തിൽ കണ്ടെത്തി. ഇത്തരക്കാരുടെ ബീജം ബീജബാങ്കുകൾ സ്വീകരിക്കാറില്ലെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ടൈറ്റായ ട്രങ്ക്, സ്കിവീസ്, ഷോർട്സ് എന്നിവ ഉപയോഗിക്കുന്നവരിലും സമാനമായ ലൈംഗികാരോഗ്യ പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. ഇറുകിയ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നതിനൊപ്പം മദ്യപാനവും പുകവലിയും കൂടിയായാൽ ബീജത്തിന്റെ ഗുണനിലവാരം കുത്തനെ താഴാൻ സാധ്യതയുണ്ട്. കൂടാതെ, ഇത്തരക്കാരിൽ പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
ലൂസായ ഷോർട്സുകളും ട്രങ്കുകളുമാണ് അടിവസ്ത്രങ്ങളിൽ ഏറ്റവും അനുയോജ്യമെന്ന് പഠനം ഉറപ്പിച്ചുപറയുന്നു. വൃഷണങ്ങൾക്ക് സാധാരണ ശരീരോഷ്മാവിനേക്കാൾ 4 മുതൽ 7 ഡിഗ്രി വരെ കുറഞ്ഞ താപനിലയാണ് ആവശ്യം. ഈ താപനില സ്വയം ക്രമീകരിക്കാനായി വൃഷണസഞ്ചി സ്വാഭാവികമായി ചുരുങ്ങുകയും വലുതാകുകയും ചെയ്യും. എന്നാൽ ഇറുകിയ അടിവസ്ത്രങ്ങൾ ധരിക്കുന്നത് ഈ സ്വാഭാവിക പ്രക്രിയയ്ക്ക് വലിയ തടസ്സം സൃഷ്ടിക്കും.
കൂടാതെ, മുഴുവൻ സമയവും അടിവസ്ത്രം ധരിച്ചുനടക്കുന്നതും പുരുഷന്മാരുടെ ലൈംഗികാരോഗ്യത്തിന് ദോഷകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വളർച്ചാ ഘട്ടത്തിലുള്ള ആൺകുട്ടികൾ ഇറുകിയ അടിവസ്ത്രങ്ങൾ തുടർച്ചയായി ധരിക്കുന്നത് ലിംഗം വളഞ്ഞ് വികൃതമാകുന്നതിനും ഇടയാക്കും. ഇത്തരം മാറ്റങ്ങൾ ഭാവിയിൽ പ്രത്യുൽപാദന ശേഷിയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.




