Featured Oddly News

ഭര്‍ത്താവിന് മറ്റൊരു ബന്ധം; ആശ്വാസം തേടിയത് ലൈവ് സ്ട്രീം ആപ്പിലെ പുരുഷന്‍മാരില്‍; കടക്കെണിയിലായി യുവതി !

ഭർത്താവുമായുള്ള ബന്ധം തകർന്നതോടെ ആശ്വാസത്തിനായി മറ്റ് വഴികൾ തേടി ഒടുവിൽ വൻ കടക്കെണിയിലായിരിക്കുകയാണ് ഒരു യുവതി. മലേഷ്യയിലാണ് ഈ സംഭവം നടന്നത്. ലൈവ് സ്ട്രീമിങ് ആപ്പുകളിലെ പുരുഷന്മാരുമായി ബന്ധം സ്ഥാപിച്ച് നിരന്തരം വെർച്വൽ ഗിഫ്റ്റുകൾ അയച്ചാണ് യുവതിയുടെ കയ്യിലെ പണം മുഴുവൻ കാലിയായത്.

എട്ട് വർഷം മുൻപാണ് തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് യുവതി മനസ്സിലാക്കുന്നത്. ഇതോടെ ഭർത്താവിനെ തിരിച്ചുപിടിക്കാനായി യുവതി ഒരു ഫെങ് ഷുയി പുരോഹിതനെ സമീപിച്ചു. എന്നാൽ പലവിധ പൂജകളും മന്ത്രങ്ങളും നടത്തി 93,000 രൂപയോളം ചെലവായെന്നതല്ലാതെ പ്രശ്നത്തിന് യാതൊരു പരിഹാരവുമുണ്ടായില്ല. ഇതോടെയാണ് യുവതി ആശ്വാസത്തിനായി ഓൺലൈനിൽ മറ്റ് പുരുഷന്മാരെ സമീപിക്കാൻ തീരുമാനിച്ചത്.

ലൈവ് സ്ട്രീം ആപ്പുകളിലൂടെ പുരുഷന്മാരെ കാണാനും അവർക്ക് വിലകൂടിയ വെർച്വൽ ഗിഫ്റ്റുകൾ അയക്കാനും തുടങ്ങിയതോടെ യുവതിക്ക് മറുപടികൾ ലഭിച്ചു തുടങ്ങി. വൈകാതെ യുവതി ഈ ആപ്പുകൾക്ക് പൂർണ്ണമായും അടിമപ്പെടുകയും കയ്യിലുണ്ടായിരുന്ന പണം മുഴുവൻ നഷ്ടപ്പെടുത്തുകയും ചെയ്തു. ഒടുവിൽ കടം വാങ്ങിയ പണം ഉപയോഗിച്ചാണ് സ്ട്രീമർമാർക്ക് സമ്മാനങ്ങൾ അയച്ചിരുന്നത്. ഇതിനോടകം സ്രീമർമാർക്ക് വേണ്ടിയായി മാത്രം യുവതിക്ക് ഒരു ലക്ഷം മലേഷ്യൻ റിംഗ്ഗിറ്റ് (ഏകദേശം 20 ലക്ഷത്തോളം രൂപ) നഷ്ടമായിരുന്നു.

വൈകാതെ യുവതിയുടെ പ്രതിമാസ വരുമാനം മുഴുവൻ കടം വീട്ടാനായി മാറ്റിവെക്കേണ്ടി വന്നു. ഇതോടെ ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതെ യുവതി കടുത്ത ദുരിതത്തിലായി. നിലവിലുള്ള ജോലിക്ക് പുറമെ പാർട്ട് ടൈം ജോലി കൂടി കണ്ടെത്താൻ യുവതി ശ്രമിച്ചതോടെയാണ് ഈ ദാരുണാവസ്ഥ പുറംലോകമറിയുന്നത്. യുവതിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സിംഗപ്പൂർ മാധ്യമമായ സ്റ്റോംപാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.