മുംബൈയിലെ ഒരു ലോക്കൽ ട്രെയിനിന്റെ മോട്ടോർമാൻ ക്യാബിനിലേക്ക് ഒരു യുവതി ബലമായി അതിക്രമിച്ചു കയറാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇത് റെയിൽവേ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. ഗോരേഗാവ് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങളെന്നാണ് പ്രചരിക്കുന്നത്. കൗമാരത്തിന്റെ അവസാനത്തിലോ ഇരുപതുകളുടെ തുടക്കത്തിലോ പ്രായം തോന്നിക്കുന്ന യുവതി ക്യാബിൻ വാതിലിന്റെ പിടിയിൽ രണ്ട് കൈകൊണ്ടും മുറുകെ പിടിക്കുകയും അസ്വാഭാവികമായ രീതിയിൽ ചലനങ്ങൾ നടത്തുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
സ്കർട്ടും ഹൈ ഹീൽസും ധരിച്ച യുവതി നിയന്ത്രിത മേഖലയായ ക്യാബിന് പുറത്ത് നിന്ന് പിന്നിലേക്ക് വളയുകയും ഉള്ളിലേക്ക് കയറാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. യുവതി ലഹരിയിലായിരുന്നു എന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയുന്നതെങ്കിലും, ദൃശ്യങ്ങളിൽ നിന്ന് അവരുടെ അവസ്ഥ എന്തായിരുന്നുവെന്ന് കൃത്യമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
എന്നാൽ, ഈ സംഭവം ഗോരേഗാവ് സ്റ്റേഷനിലാണ് നടന്നതെന്ന് സ്ഥിരീകരിക്കാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന് (ആർ.പി.എഫ്) ഇതുവരെ സാധിച്ചിട്ടില്ല. നവംബർ 16-ന് ഇൻസ്റ്റാഗ്രാം വഴി ലഭിച്ച പരാതിയെത്തുടർന്ന് ആർ.പി.എഫ് പുറത്തിറക്കിയ നടപടി റിപ്പോർട്ട് പ്രകാരം, വിഷയം പരിശോധിച്ചെങ്കിലും സ്റ്റേഷനിൽ ഇത്തരമൊരു സംഭവം നടന്നതായി യാതൊരു രേഖയുമില്ല.
നവംബർ 16-ന് രാത്രി 11.40-ഓടെയാണ് പരാതി ലഭിച്ചത്. വിവരം ലഭിച്ചതിനെത്തുടർന്ന് എ.എസ്.ഐ സുഭാഷ് യാദവും ഹെഡ് കോൺസ്റ്റബിൾ വിനായക് കോറെയും ഗോരേഗാവ് സ്റ്റേഷൻ മാസ്റ്ററുമായും ഗവൺമെന്റ് റെയിൽവേ പോലീസുമായും (ജി.ആർ.പി) ബന്ധപ്പെട്ട് അന്വേഷണം നടത്തി. വീഡിയോയിലുള്ളതുപോലെ ഒരു സംഭവം സ്റ്റേഷൻ അധികൃതരോ, മോട്ടോർമാൻമാരോ, ഗാർഡുമാരോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.
ഉച്ചയ്ക്കും രാത്രിയിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരിൽ നിന്നും ആർ.പി.എഫ് വിവരങ്ങൾ ശേഖരിച്ചു. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളുടെ വടക്ക്, തെക്ക് ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഗോരേഗാവ് സ്റ്റേഷനിൽ ഇത്തരമൊരു സംഭവം നടന്നതായി കാണാൻ കഴിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വൈറലായ വീഡിയോയിൽ കാണുന്ന സ്ഥലം ഏതാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് നടപടി റിപ്പോർട്ടിൽ പറയുന്നു. അതിനാൽ, ഈ ദൃശ്യങ്ങൾ ഗോരേഗാവിൽ നിന്നുള്ളതാണോ അതോ മറ്റേതെങ്കിലും റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളതാണോ എന്ന് ആർ.പി.എഫ് സ്ഥിരീകരിച്ചിട്ടില്ല.




