ഇന്ത്യയുടെ പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യയ്ക്കായി 64 ടെസ്റ്റ് മത്സരങ്ങളിൽ കുപ്പായമണിഞ്ഞ ഷമി 27.71 ശരാശരിയിൽ 229 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ആറ് തവണ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കാനും താരത്തിന് സാധിച്ചു. 2023-ൽ ഓവലിൽ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യയ്ക്കായി വെള്ളക്കുപ്പായത്തിൽ കളിച്ചത്.
കനത്ത ഹൃദയത്തോടെയും എണ്ണമറ്റ മനോഹരമായ ഓർമ്മകളോടെയുമാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതെന്നും, കരിയറിലുടനീളം പിന്തുണച്ച സഹകളിക്കാർക്കും കോച്ചുമാർക്കും കുടുംബത്തിനും ആരാധകർക്കും നന്ദി അറിയിക്കുന്നതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ഷമി വ്യക്തമാക്കി.
2013 നവംബര്‍ ആറിനാണ്കൊല്ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഷമി തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 2026-ല്‍ അതേ ദിവസം നവംബര്‍ ആറിന് ടെസ്റ്റ് ക്രിക്കറ്റില്‍നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം. അരങ്ങേറ്റ മത്സരത്തിൽ തന്നെ 9 വിക്കറ്റുകൾ വീഴ്ത്തി താരം വിസ്മയിപ്പിച്ചിരുന്നു.
ഉപഭൂഖണ്ഡത്തിലെ പിച്ചുകളിൽ റിവേഴ്സ് സ്വിംഗ് ഫലപ്രദമായി ഉപയോഗിച്ചിരുന്ന ഷമി, വിദേശ മണ്ണിലും ഇന്ത്യയുടെ പേസ് നിരയുടെ പ്രധാന കരുത്തായിരുന്നു. കരിയറിലുടനീളം പരിക്കുകൾ വില്ലനായെങ്കിലും, ശക്തമായ തിരിച്ചുവരവുകളിലൂടെ ഷമി പ്ലെയിംഗ് ഇലവനിൽ സ്ഥാനം വീണ്ടെടുത്തു. 2023-ലെ ഏകദിന ലോകകപ്പിന് ശേഷം ശസ്ത്രക്രിയയ്ക്കും പരിക്കുകൾക്കും വിധേയനായ താരം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ടീമിൽ തിരിച്ചെത്തിയത്.
2025 ജനുവരിയിൽ ടി20 ഫോർമാറ്റിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ താരം പിന്നീട് ചാമ്പ്യൻസ് ട്രോഫി സ്ക്വാഡിലും ഇടം നേടിയിരുന്നു. നിലവിൽ ഐപിഎല്ലിലും ബംഗാളിനായി ആഭ്യന്തര ക്രിക്കറ്റിലും സജീവമായി തുടരുകയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ 229 വിക്കറ്റുകളോടെ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയവരുടെ പട്ടികയിൽ 12-ാം സ്ഥാനത്തും പേസർമാരിൽ ആറാം സ്ഥാനത്തുമായാണ് ഷമി തന്റെ റെഡ് ബോൾ കരിയർ അവസാനിപ്പിക്കുന്നത്. ആദ്യമായി ഇന്ത്യൻ ടെസ്റ്റ് ജേഴ്സി അണിഞ്ഞ നിമിഷവും രാജ്യത്തിനായി നടത്തിയ ഓരോ പോരാട്ടവും അഭിമാനത്തോടെ മനസ്സിൽ സൂക്ഷിക്കുമെന്നും ഷമി കൂട്ടിച്ചേർത്തു.




