Sports

‘എന്റെ ക്യാപ്റ്റൻ ശ്രേയസ്, എന്റെ കോച്ച് റിക്കി, എന്റെ ടീം പഞ്ചാബ്’ ; ഹാർദിക് പാണ്ഡ്യ പടിയിറങ്ങി, ആരാകും അടുത്ത മുംബൈ ഇന്ത്യൻസ് നായകൻ?

മുംബൈ: പ്രതീക്ഷിച്ചതുപോലെ തന്നെ ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി20 ക്ലബുകളായ മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്സും തമ്മിലുള്ള പ്രമുഖ താരങ്ങളുടെ കൈമാറ്റം ഔദ്യോഗികമായി പൂർത്തിയായി. 18 കോടി രൂപ പ്രതിഫലത്തുകയിലാണ് ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്ക് ചേക്കേറുന്നത്, അതേ തുകയ്ക്ക് ഇടംകയ്യൻ പേസർ അർഷ്ദീപ് സിങ് മുംബൈ ഇന്ത്യൻസിലേക്കും എത്തും.


പഞ്ചാബ് കിങ്സിലേക്കുള്ള കൂടുമാറ്റത്തിനു പിന്നാലെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനെ കുറിച്ചു- ‘എന്റെ ക്യാപ്റ്റൻ. ശ്രേയസ്, എന്റെ കോച്ച് റിക്കി, എന്റെ ടീം പഞ്ചാബ്, ഞാൻ നിങ്ങൾക്ക് ഒപ്പമുണ്ട്….

ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്ക് പോയതോടെ മുംബൈ ഇന്ത്യൻസിന്റെ പുതിയ ക്യാപ്റ്റൻ ആരാകുമെന്ന ചർച്ചകൾ ശക്തമായിട്ടുണ്ട്. മുൻ നായകൻ രോഹിത് ശർമ വീണ്ടും അമരക്കാരനായി തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾക്കൊപ്പം തിലക് വർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര എന്നിവരുടെ പേരുകളും സജീവമായി പരിഗണനയിലുണ്ട്. എന്നാൽ ഈ വിഷയത്തിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കില്ലെന്ന നിലപാടിലാണ് മുംബൈ മാനേജ്‌മെന്റ്.

വരുന്ന സീസണിലേക്കുള്ള നായകനെ ശ്രദ്ധാപൂർവം വിലയിരുത്തി ഏറ്റവും ഉചിതമായ സമയത്ത് തന്നെ പ്രഖ്യാപിക്കുമെന്ന് ടീം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പ്രഖ്യാപിക്കാനുള്ള അവസാന തീയതി നവംബർ 17 ആണ്. ഡിസംബർ 16-ന് ഗോവയിൽ വെച്ചാണ് മിനി ലേലം നടക്കുന്നത്. പാണ്ഡ്യയുടെ ഐപിഎൽ കരിയറിലെ മൂന്നാമത്തെ ടീമാണ് പഞ്ചാബ്. 2015-ലാണ് താരം ആദ്യമായി മുംബൈ ഇന്ത്യൻസിലെത്തുന്നത്.

മുംബൈ നേടിയ നാല് കിരീട വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച പാണ്ഡ്യ, പിന്നീട് ഐപിഎൽ 10 ടീമുകളായി ഉയർന്നപ്പോൾ ഗുജറാത്ത് ടൈറ്റൻസിലേക്ക് മാറിയിരുന്നു. 2022-ൽ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ച താരം 2024-ൽ മുംബൈയിൽ തിരിച്ചെത്തി നായകസ്ഥാനം ഏറ്റെടുത്തു. മുംബൈയിൽ 16.35 കോടി രൂപയായിരുന്ന താരത്തിന്റെ പ്രതിഫലം പഞ്ചാബിലെത്തുമ്പോൾ 18 കോടിയായി ഉയർന്നു.

ഐപിഎല്ലിൽ ഇതുവരെ കളിച്ച 162 മത്സരങ്ങളിൽ നിന്നായി 2,955 റൺസും 82 വിക്കറ്റുകളും ഹാർദിക് നേടിയിട്ടുണ്ട്. മുംബൈയിൽ നാലു തവണയും ഗുജറാത്തിൽ ഒരു തവണയും കിരീടനേട്ടത്തിന്റെ ഭാഗമായി. 2024-ൽ പാണ്ഡ്യയുടെ നേതൃത്വത്തിലിറങ്ങിയ മുംബൈ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും 2025-ൽ പ്ലേ ഓഫിലെത്തി, എന്നാൽ കഴിഞ്ഞ സീസണിൽ ഒൻപതാം സ്ഥാനത്തായിരുന്നു. നായകനായ ശേഷമുള്ള 24 മത്സരങ്ങളിൽ 15-ലും ടീം പരാജയപ്പെട്ടു. പഞ്ചാബ് കിങ്സിനായി എട്ട് സീസണുകളിലായി 96 മത്സരങ്ങൾ കളിച്ച അർഷ്ദീപ് സിങ് 111 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ആദ്യമായാണ് താരം മറ്റൊരു ഐപിഎൽ ടീമിനായി പന്തെറിയാനൊരുങ്ങുന്നത്.