അടിമാലി: നാടിനെ നടുക്കിയ അടിമാലി സെലീന വധക്കേസിൽ പ്രതി വണ്ടമറ്റം പടികുഴയിൽ ഗിരോഷിന് തൊടുപുഴ പ്രിൻസിപ്പൽ ജില്ലാ കോടതി ജഡ്ജി സനു എസ്. പണിക്കർ ജീവപര്യന്തം തടവും പിഴയും വിധിച്ചു. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തവും 25,000 രൂപ പിഴയും വിധിച്ച കോടതി, പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണമെന്നും വ്യക്തമാക്കി. കൂടാതെ കവർച്ചക്കുറ്റത്തിന് മൂന്നുവർഷം തടവും 10,000 രൂപ പിഴയും (അടച്ചില്ലെങ്കിൽ മൂന്നുമാസം അധിക തടവ്), അതിക്രമിച്ചുകയറിയതിന് രണ്ടുമാസം തടവും വിധിച്ചിട്ടുണ്ട്. ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിയിൽ പറയുന്നു.
2017 ഒക്ടോബർ പത്തിനാണ് ഇരുമ്പുപാലം പതിനാലാം മൈൽ ചാരുവിള പുത്തൻവീട്ടിൽ സിയാദിന്റെ ഭാര്യ സെലീന (38) ക്രൂരമായി കൊല്ലപ്പെട്ടത്. വ്യക്തിവൈരാഗ്യവും സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കങ്ങളുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തിയത്.
സംഭവദിവസം ഉച്ചയോടെ ബൈക്കിലെത്തിയ പ്രതി കൈയിൽ കരുതിയിരുന്ന കഠാര ഉപയോഗിച്ച് സെലീനയുടെ കഴുത്തിൽ നിരവധി തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം മടങ്ങിപ്പോയ ഗിരോഷ് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ വീണ്ടും വീട്ടിലേക്ക് തിരിച്ചെത്തി.
തുടർന്ന് മൃതദേഹത്തിൽനിന്ന് ഇടതുമാറ് മുറിച്ചെടുത്ത് ബാഗിലാക്കിയാണ് പ്രതി മടങ്ങിയത്. മത്സ്യവ്യാപാരിയായ ഭർത്താവ് സിയാദ് വൈകിട്ട് ഏഴരയോടെ കച്ചവടം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. മുൻവാതിൽ പൂട്ടിയിരുന്നതിനാൽ പിൻവശത്തെത്തിയപ്പോഴാണ് മുറ്റത്ത് രക്തത്തിൽ കുളിച്ചുകിടന്ന സെലീനയുടെ മൃതദേഹം കണ്ടത്.




