Crime Featured

‘എൻകൗണ്ടറിൽ കൊല്ലണമവനെ’ ; പിന്നാലെ പൊലീസ് വെടിവയ്പ്പ്, പ്രതിക്ക് ഗുരുതര പരുക്ക്, പടക്കം പൊട്ടിച്ച് ആഘോഷിച്ച് നാട്ടുകാർ! വീഡിയോ

അമരാവതി: അനന്തപൂർ ജില്ലയിലെ രാപ്തഡു ജില്ലാ പരിഷത്ത് ഹൈസ്കൂൾ ക്ലാസ് മുറിയിൽ കയറി യന്ത്രവാൾ ഉപയോഗിച്ച് പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പൊലീസുമായുള്ള എൻകൗണ്ടറിൽ പരിക്കേറ്റു. എൻകൗണ്ടർ വാർത്ത പുറത്തുവന്നതോടെ സംഭവം നടന്ന രാപ്തഡുവിൽ നാട്ടുകാർ പടക്കം പൊട്ടിച്ച് ആഘോഷങ്ങൾ നടത്തിയതായി റിപ്പോർട്ടുകര്‍ പറയുന്നു.

തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പ്രതി ആത്മകൂർ വനമേഖലയിൽ ഒളിച്ചിരിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം തെരച്ചിൽ നടത്തുകയും ഇയാളെ കണ്ടെത്തുകയുമായിരുന്നു.

പൊലീസ് ഇയാളെ പിടികൂടാൻ ശ്രമിച്ചപ്പോൾ, പ്രതി പൊലീസുകാരെ കത്തികൊണ്ട് ആക്രമിക്കുകയും വീണ്ടും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ ആത്മരക്ഷാർത്ഥം പൊലീസ് ആറ് റൗണ്ട് വെടിവെയ്ക്കുകയായിരുന്നു. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ ഹേമന്തിന് നിലവിൽ ആശുപത്രിയിൽ അടിയന്തര വൈദ്യസഹായം നൽകി വരികയാണ്.



പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ ബന്ധു കൂടിയായ ഹേമന്ത് നടത്തിയ ആക്രമണത്തിൽ മറ്റൊരു വിദ്യാർത്ഥിനിക്കും പരിക്കേറ്റിട്ടുണ്ട്. പ്രതിയെ എൻകൗണ്ടറിൽ വധിക്കണമെന്ന് മുൻപ് പെൺകുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിനി നിലവിൽ ബെംഗളൂരുവിൽ ചികിത്സയിലാണ്.

ഇത്തരമൊരു സംഭവം നടക്കുമെന്ന് ഒട്ടും കരുതിയിരുന്നില്ലെന്ന് പരിക്കേറ്റ പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചു. യുവാവിന് പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും മുൻപ് ഭീഷണികളൊന്നും ഉണ്ടായിരുന്നില്ലെന്നും അവർ വ്യക്തമാക്കി. അധ്യാപിക ക്ലാസെടുക്കുന്നതിനിടയിലാണ് യുവാവ് സ്കൂളിൽ കയറി ആക്രമണം നടത്തിയത്. അതേസമയം പെൺകുട്ടി നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട്.

സംഭവത്തെ തുടർന്ന് ക്ലാസിലുണ്ടായിരുന്ന മറ്റു വിദ്യാർത്ഥികൾ കടുത്ത ഭയത്തിലും മാനസികാഘാതത്തിലുമാണ്. ആക്രമണം നടക്കുമ്പോൾ ക്ലാസിലുണ്ടായിരുന്ന 32 കുട്ടികളുടെയും വീടുകളിലെത്തി കൗൺസിലിംഗ് നൽകാൻ 20 മാനസികാരോഗ്യ വിദഗ്ദ്ധരെ നിയോഗിച്ചതായി ആന്ധ്ര വിദ്യാഭ്യാസ മന്ത്രി നാരാ ലോകേഷ് അറിയിച്ചു. എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ആവശ്യമായ വൈകാരിക പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.