നിതീഷ് തിവാരി സംവിധാനം ചെയ്ത് രൺബീർ കപൂർ നായകനാകുന്ന ‘രാമായണം’ സിനിമ, ഇന്ത്യൻ ഇതിഹാസത്തിലെ പല സുപ്രധാന ഏടുകളിലേക്കും വീണ്ടും ആളുകളുടെ ശ്രദ്ധ ക്ഷണിച്ചിരിക്കുകയാണ്. രാവണനിൽ നിന്ന് സീതാദേവിയെ രക്ഷിക്കാൻ പോരാടിയ ജഡായു എന്ന ദൈവിക പക്ഷിയുടെ രംഗങ്ങൾ പ്രേക്ഷകരിൽ വലിയ ആകർഷണമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിന്റെ ശക്തമായ സാന്നിധ്യം, കേരളത്തിലെ ജഡായു എർത്ത് സെന്റർ എന്ന വിനോദസഞ്ചാര കേന്ദ്രത്തെക്കുറിച്ചും ആളുകളിൽ വൻ കൗതുകമുണർത്തിയിട്ടുണ്ട്.
സിനിമയുടെ വരവോടെ, ജഡായുവിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട ഈ സ്ഥലം സന്ദർശിക്കാൻ നിരവധി ആരാധകരും സഞ്ചാരികളുമാണ് എത്തുന്നത്. കൊല്ലം ജില്ലയിലെ ചടയമംഗലത്ത് സ്ഥിതി ചെയ്യുന്ന ജഡായു എർത്ത് സെന്റർ (ജഡായു നേച്ചർ പാർക്ക്) പുരാണവും പ്രകൃതിയും സാഹസികതയും സമന്വയിക്കുന്ന ഒരു ജനപ്രിയ കേന്ദ്രമാണ്.
ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പമാണ് ഈ കേന്ദ്രത്തിലെ പ്രധാന ആകർഷണം. ഏകദേശം 200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവുമുള്ള ഈ കൂറ്റൻ ശില്പം ഒരു മലനിരയ്ക്ക് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. സീതാദേവിയെ തട്ടിയെടുത്ത് കൊണ്ടുപോകുന്നതിനിടെ രാവണനുമായി പൊരുതിയ ജഡായു, പരിക്കേറ്റ് വീണത് ചടയമംഗലത്താണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ജഡായുവിന്റെ കഥയും ചരിത്രവും സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്ന ഒരു ഡിജിറ്റൽ മ്യൂസിയവും 6D തിയേറ്ററും ഈ ശില്പത്തിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഐതിഹ്യ പ്രാധാന്യത്തിന് പുറമേ ഒട്ടേറെ സാഹസിക വിനോദങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. റോക്ക് ക്ലൈംബിംഗ്, സിപ്പ് ലൈനിംഗ്, പെയിന്റ് ബോൾ തുടങ്ങിയ വിനോദങ്ങൾ സാഹസിക പ്രേമികളെ ഏറെ ആകർഷിക്കുന്നു. മലമുകളിലേക്ക് യാത്ര ചെയ്യുമ്പോൾ ചുറ്റുമുള്ള മനോഹരമായ കാഴ്ചകൾ കാണാൻ സഹായിക്കുന്ന കേബിൾ കാർ റൈഡാണ് മറ്റൊരു പ്രധാന ആകര്‍ഷണം. കൂടാതെ, ഒരു സിദ്ധ-ആയുർവേദ ഗുഹാ ചികിത്സാ കേന്ദ്രവും ഇവിടെ ഒരുക്കാൻ പദ്ധതിയുണ്ട്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം 52-55 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. ടാക്സി മാർഗ്ഗം ഒന്നര മണിക്കൂർ കൊണ്ട് ചടയമംഗലത്ത് എത്തിച്ചേരാനാകും. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് 38 കിലോമീറ്ററും കൊട്ടാരക്കരയിൽ നിന്ന് 24 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ബസ് മാർഗ്ഗവും എളുപ്പത്തിൽ എത്താവുന്നതാണ്. പാർക്കിന്റെ പ്രവേശന കവാടത്തിലെത്തിയാൽ 5 മിനിറ്റ് ദൈർഘ്യമുള്ള കേബിൾ കാർ വഴിയോ, 826 കൽപ്പടവുകൾ കയറിയോ മലമുകളിലെ പ്രധാന ശില്പത്തിന് അടുത്തേക്ക് പോകാം.




