തന്നെ വിഷം കൊടുത്തു കൊല്ലാനുള്ള കൃത്യമായ വഴികൾ തന്റെ ഭാര്യയ്ക്ക് ഉപദേശിച്ചു നൽകിയെന്നാരോപിച്ച് അമേരിക്കക്കാരനായ ജെയിംസ് ഗേറ്റ്സ് നിർമ്മിത ബുദ്ധി (AI) പ്ലാറ്റ്ഫോമായ ഓപ്പൺ എഐക്കും (OpenAI) ചാറ്റ്ജിപിറ്റിക്കുമെതിരെ നിയമനടപടി സ്വീകരിച്ചു.
നോർത്ത് കരോലിനയിലെ ഷാർലറ്റ് സ്വദേശിയായ ജെയിംസ് ഗേറ്റ്സ് ആണ് തന്റെ വേർപിരിഞ്ഞു കഴിയുന്ന ഭാര്യ ഷെറിൽ ഗേറ്റ്സിനെ കൊലപാതകം ആസൂത്രണം ചെയ്യാൻ സഹായിച്ചതിന് കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തത്. 2025-ലെ വേനൽക്കാലത്തും ശരത്കാലത്തുമായി ഷെറിൽ ചാറ്റ്ജിപിറ്റിയുമായി നൂറുകണക്കിന് സംഭാഷണങ്ങൾ നടത്തുകയും ഭർത്താവിനെ വിഷം കൊടുത്ത് കൊല്ലാനുള്ള പദ്ധതിയൊരുക്കുകയുമായിരുന്നു.
2025 ജൂലൈയിൽ ജെയിംസിന് ഗുരുതരമായി രോഗബാധയുണ്ടായെങ്കിലും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് ഭാര്യ എഴുതിയ ഒരു കുറിപ്പ് ലഭിച്ചപ്പോഴാണ് ഗൂഢാലോചനയെക്കുറിച്ച് അറിയുന്നത്. തന്റെ ചാറ്റ്ജിപിറ്റി ചരിത്രം (history) മായ്ച്ചുകളയാൻ ഓർമ്മിപ്പിക്കുന്ന കുറിപ്പും ഇതിലുണ്ടായിരുന്നു. തുടർന്ന് സാൽ ഫ്രാൻസിസ്കോ സുപ്പീരിയർ കോടതിയിലാണ് ജെയിംസ് സിവിൽ കേസ് ഫയൽ ചെയ്തത്. വധശ്രമത്തിനും ഭക്ഷണത്തിൽ മാരക പദാർത്ഥങ്ങൾ കലർത്തിയതിനും 2025 ഒക്ടോബറിൽ ഷെറിളിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തന്റെ ഭാര്യ ഒരു ‘ദുർബല’ വ്യക്തിത്വമല്ലായിരുന്നെന്നും, എന്നാൽ എല്ലാവരെയും പോലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ അവളും ബലഹീനയായി മാറുകയായിരുന്നു എന്നും അഭിഭാഷകർ മുഖേന നൽകിയ പ്രസ്താവനയിൽ ജെയിംസ് പറഞ്ഞു. തനിക്ക് ഒട്ടും പരിചയമില്ലാത്ത ഒരാളായി അവൾ മാറി, ഒടുവിൽ തന്നെ ഇല്ലാതാക്കാൻ അവൾ ആഗ്രഹിക്കുകയും ചെയ്തു. ഒരു വർഷത്തോളം അവളുടെ പെരുമാറ്റം മനസ്സിലാക്കാൻ സാധിച്ചിരുന്നില്ലെന്നും, പിന്നീട് ചാറ്റ് ഹിസ്റ്ററി വായിച്ചപ്പോഴാണ് അവൾ ഒറ്റയ്ക്കല്ല ഇത് ചെയ്തതെന്ന് മനസ്സിലായതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ചാറ്റ്ജിപിറ്റി ഷെറിളിന്റെ തെറ്റായ ചിന്തകളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതിനൊപ്പം, കൊലപാതക ശ്രമത്തിനുള്ള പ്രവർത്തനപരമായ വിവരങ്ങൾ നൽകിയെന്നും ജെയിംസിന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. ചാറ്റ്ബോട്ടിന്റെ തരാകേടുകളും കൃത്രിമത്വവുമാണ് തന്റെ ഭാര്യയെ വിഷം കൊടുക്കാൻ പ്രേരിപ്പിച്ചതെന്നും തനിക്ക് കടുത്ത ശാരീരിക-മാനസിക പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നെന്നും ജെയിംസ് ഹർജിയിൽ ആരോപിക്കുന്നു. ജോലി സംബന്ധമായ കാര്യങ്ങൾ, മക്കളുടെ കാര്യങ്ങൾ, മരുന്നുകളുടെ അളവ്, ദാമ്പത്യ പ്രശ്നങ്ങൾ എന്നിവയിലെല്ലാം ഉപദേശം തേടാൻ ഷെറിൽ ചാറ്റ്ജിപിറ്റിയെയാണ് ആശ്രയിച്ചിരുന്നതെന്ന് ഹർജിയിൽ പറയുന്നു.
ഈ സംഭവത്തോട് പ്രതികരിച്ച ഓപ്പൺ എഐ വക്താവ്, ഷെറിളിനെ പ്ലാറ്റ്ഫോമിൽ നിന്ന് വിലക്കിയതായും ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും വ്യക്തമാക്കി. ചാറ്റ്ജിപിറ്റി ഉപയോഗിക്കുമ്പോൾ ഉപയോക്താക്കൾ നേരിടുന്ന മാനസിക സംഘർഷങ്ങളുടെ ലക്ഷണങ്ങൾ തിരിച്ചറിയാനും, പ്രാദേശിക സഹായ കേന്ദ്രങ്ങളുമായും ഹെൽപ്പ് ലൈനുകളുമായും ആളുകളെ ബന്ധപ്പെടുത്താനും മാനസികാരോഗ്യ വിദഗ്ദ്ധരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് സാം ആൾട്ട്മാന്റെ നേതൃത്വത്തിലുള്ള കമ്പനി വ്യക്തമാക്കി.




