Oddly News

ഓടുന്ന കാറിൽ പടക്കം പൊട്ടിച്ച് യുവാവിന്റെ ദീപാവലി ആഘോഷം; യാത്രക്കാരുടെ ജീവൻ പണയം വെച്ച് അഭ്യാസപ്രകടനം, വീഡിയോ വൈറൽ!

രാജ്യത്തുടനീളമുള്ള ജനങ്ങൾ ദീപങ്ങൾ തെളിച്ചും പരമ്പരാഗത വിഭവങ്ങളും മധുരപലഹാരങ്ങളും പങ്കുവെച്ചും സമാധാനപരമായി ദീപാവലി ആഘോഷിക്കുമ്പോൾ, ചിലരുടെ പ്രവൃത്തികൾ തെറ്റായ രീതിയിൽ വാർത്തകളിൽ ഇടംനേടുകയാണ്. അടുത്തിടെ ഗുഡ്ഗാവിലെ ദ്വാരക എക്സ്പ്രസ്‌വേയിൽ ഓടുന്ന കാറിൽ നിന്ന് ഒരാൾ പടക്കം പൊട്ടിക്കുന്ന അപകടകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത് വലിയ റോഡ് സുരക്ഷാ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. പൊതുനിരത്തിലെ ഇത്തരം ഉത്തരവാദിത്തമില്ലാത്ത ആഘോഷങ്ങൾ മറ്റ് യാത്രികരുടെ ജീവന് ഭീഷണിയാകുന്നതിനെതിരെ നിരവധിയാളുകളാണ് ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

ദ്വാരക എക്സ്പ്രസ്‌വേയിലൂടെ വാഹനം മുന്നോട്ട് പോകുമ്പോൾ അതിൽ നിന്ന് ആകാശത്തേക്ക് പടക്കങ്ങൾ പൊട്ടിത്തെറിക്കുന്നത് വീഡിയോയിൽ കാണാം. ഇത് സമീപത്തുകൂടി യാത്ര ചെയ്യുന്ന മറ്റ് വാഹനങ്ങൾക്കും വലിയ അപകടസാധ്യതയാണ് സൃഷ്ടിച്ചത്. വിശേഷദിവസങ്ങളിൽ റോഡുകളിൽ വലിയ തിരക്കുള്ള സമയത്ത് പൊതുനിരത്തുകളിൽ പടക്കം പൊട്ടിക്കുന്നത് വലിയ അപകടങ്ങൾക്കും ഡ്രൈവർമാരുടെ ശ്രദ്ധ തിരിയുന്നതിനും കാൽനടയാത്രക്കാർക്ക് പരിക്കേൽക്കുന്നതിനും കാരണമായേക്കാം.

ഈ വീഡിയോ പ്രചരിച്ചതോടെ ഉത്സവ സീസണുകളിൽ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിട്ടുണ്ട്. ഓടുന്ന വാഹനത്തിൽ നിന്ന് പടക്കം പൊട്ടിക്കുന്നത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിനും തീപിടുത്തത്തിനും റോഡപകടങ്ങൾക്കും വഴിതെളിക്കും.

സോഷ്യൽ മീഡിയയിൽ നിരവധി ആളുകളാണ് ഇതിനെതിരെ പ്രതികരണവുമായി എത്തിയത്. “ചില നിമിഷങ്ങളിലെ കാണിച്ചുകൂട്ടലുകൾ മറ്റൊരാളുടെ ജീവിതം തന്നെ ഇല്ലാതാക്കിയേക്കാം, റോഡുകൾ ഇത്തരം പ്രവർത്തികൾക്കുള്ള സ്ഥലമല്ല” എന്ന് ഒരാൾ കുറിച്ചപ്പോൾ, “ഇത് വലിയ മണ്ടത്തരവും നിരപരാധികളായ ആളുകളുടെ ജീവൻ അപകടത്തിലാക്കുന്ന പ്രവൃത്തിയുമാണ്” എന്ന് മറ്റൊരാൾ പ്രതികരിച്ചു. “ഇത് വീരസ്യമോ വിനോദമോ അല്ല, മറിച്ച് മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമാണ്; ഒരു അഭ്യാസവും ജീവനേക്കാൾ വലുതല്ല” എന്നും ആളുകൾ അഭിപ്രായപ്പെട്ടു.