ഇടുക്കി ശാന്തൻപാറയിൽ മധ്യവയസ്കയെ കഴുത്തും കൈയും അറുത്തുമാറ്റി അതിക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ചേരിയാർ സ്വദേശി റാണിയാണ് (55) കൊല്ലപ്പെട്ടത്. 25 വർഷം മുമ്പ് സ്വന്തം ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന റാണി, ഒറ്റപ്പെട്ട പ്രദേശത്തെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. സംഭവത്തിന് ശേഷം സമീപത്തു താമസിച്ചിരുന്ന രണ്ട് അതിഥി തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
റാണിയുടെ തല വേർപെട്ട നിലയിലും വലതുകൈ മുറിച്ചുമാറ്റിയ അവസ്ഥയിലുമായിരുന്നു. കൈയിൽ അസ്ഥി മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. തലയിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസം പള്ളിയിൽ പോയി മടങ്ങിയെത്തിയ റാണിയെ പിന്നീട് അയൽവാസികൾ കണ്ടിരുന്നില്ല. ഫോൺ വിളിച്ചിട്ട് കിട്ടാതായതോടെ സമീപത്തു താമസിക്കുന്ന വയോധിക തിങ്കളാഴ്ച രാവിലെ ഇവരുടെ വീട്ടിലെത്തി തിരക്കുകയായിരുന്നു. വാതിലുകൾ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ നടപ്പാതയിൽ കമിഴ്ന്നുകിടക്കുന്ന രീതിയിൽ മൃതദേഹം കണ്ടെത്തിയത്.
വീടിന് സമീപത്തുനിന്ന് ചോരപ്പാടുകളും റാണിയുടേതെന്ന് കരുതുന്ന ചെരിപ്പുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ തേനിയിൽ ഭർത്താവ് ബാലഗുരുവിനെ 25 വർഷം മുമ്പ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു റാണി. അതിനുശേഷം കേരളത്തിലെത്തി ചേരിയാറിൽ സ്ഥലം വാങ്ങി താമസിക്കുകയായിരുന്നു. മക്കളായ റൂബനും ഡേവിഡും മൂന്നാറിലാണ് താമസം. ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ.എൻ. നസീം, ഇടുക്കി ഡിവൈ.എസ്.പി. കെ.ആർ. മോഹൻദാസ്, മൂന്നാർ എ.എസ്.പി. അമൃത സതീപൻ എന്നിവരും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.




