Featured Spotlight

”അച്‌ഛന്‍ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചതില്‍ സോണിയ ഞെട്ടേണ്ട കാര്യം എന്താണ്?” പ്രണബിന്റെ മകൾ

തന്റെ പിതാവ് പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചതിൽ എന്താണ് തെറ്റെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി . പ്രധാനമന്ത്രിയാകാൻ പ്രണബ് മുഖർജിക്ക് താല്പര്യമുണ്ടെന്ന് മനസ്സിലായപ്പോൾ താൻ ഞെട്ടിപ്പോയെന്ന കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുടെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു ശർമിഷ്ഠ.

ഇതിൽ സോണിയ ഗാന്ധി ഞെട്ടേണ്ട കാര്യം എന്താണെന്നും അവർ ചോദ്യമുയർത്തി. ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലൗ’ എന്ന ഓർമ്മക്കുറിപ്പിലാണ് 2010-ൽ പ്രണബ് മുഖർജിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് സോണിയ വ്യക്തമാക്കുന്നത്. തലപ്പത്ത് ഒരു മാറ്റത്തിന് സമയമായെന്ന് പ്രണബ് പറഞ്ഞത് തന്നിൽ ഞെട്ടലുണ്ടാക്കിയെന്നും, പ്രധാനമന്ത്രി പദവിയിലെത്തണമെന്ന അദ്ദേഹത്തിന്റെ ദീർഘകാല ആഗ്രഹത്തിന്റെ സൂചനയാണിതെന്ന് തനിക്ക് മനസ്സിലായെന്നും സോണിയ കുറിച്ചു.

എന്നാൽ പതിറ്റാണ്ടുകളുടെ രാഷ്ട്രീയ-ഭരണപരിചയമുള്ള, കഠിനാധ്വാനിയും പ്രതിഭാശാലിയുമായ ഒരാൾ പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ലെന്നും അതൊരു തെറ്റാണോയെന്നും ശർമിഷ്ഠ ചോദിച്ചു. ഗാന്ധി-നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരാൾ പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചതും അക്കാര്യം തുറന്നുപറഞ്ഞതുമാകാം സോണിയ ഗാന്ധിയെ ഞെട്ടിച്ചതെന്ന് ശർമിഷ്ഠ പരിഹസിച്ചു. സാധാരണ സാഹചര്യങ്ങളിൽ നിന്ന് സ്വന്തം കഴിവും അധ്വാനവും കൊണ്ട് ഉയർന്നുവന്നയാളാണ് തന്റെ പിതാവെന്നും, അദ്ദേഹം നേടിയ പദവികളൊന്നും ആരും പാരമ്പര്യ അവകാശമായി വെള്ളിത്താലത്തിൽ വച്ചുനീട്ടിയതല്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, പ്രധാനമന്ത്രിപദത്തെച്ചൊല്ലി പ്രണബ് മുഖർജിക്ക് തന്നോട് ഒരിക്കലും വിരോധം തോന്നിയിട്ടില്ലെന്നും സോണിയ ഗാന്ധി പുസ്തകത്തിൽ വ്യക്തമാക്കുന്നു. നേതൃമാറ്റത്തെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചപ്പോൾ താൻ വിഷയം മാറ്റുകയായിരുന്നു. അദ്ദേഹത്തിന് നിരാശ തോന്നിയിരിക്കാമെങ്കിലും അത് പെരുമാറ്റത്തിൽ കാണിച്ചിരുന്നില്ല. ലോകചരിത്രത്തിലും തത്വചിന്തയിലും വലിയ അറിവുള്ള വ്യക്തിയായിരുന്നു പ്രണബ് മുഖർജി. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ താൻ ഒഴിവാക്കപ്പെട്ടതായി അദ്ദേഹം കരുതിയിരുന്നു. 1984-ൽ കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ചെങ്കിലും 1989-ൽ അദ്ദേഹം തിരിച്ചെത്തി. സീനിയോറിറ്റിയും അനുഭവസമ്പത്തും വച്ച് താനാണ് പ്രധാനമന്ത്രി പദത്തിന് അർഹനെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായും, പിന്നീട് 2012-ൽ അദ്ദേഹം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട കാര്യം സോണിയ ഓർമിപ്പിക്കുകയും ചെയ്തു.