വിവാഹേതര ബന്ധത്തിലൂടെ കുഞ്ഞിന് ജന്മം നൽകിയതിനെ തുടർന്ന് സൗദി അറേബ്യയിൽ കെനിയൻ സ്വദേശിയായ യുവതിക്ക് 100 അടി ശിക്ഷ . എസ്തർ വാഞ്ച മുത്തനി എന്ന വീട്ടുജോലിക്കാരിയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ശരിഅത്ത് നിയമപ്രകാരം വിവാഹേതര ബന്ധം ഗുരുതരമായ കുറ്റകൃത്യമായതിനാലാണ് മെഡിക്കൽ ഓഫീസറുടെ സാന്നിധ്യത്തിൽ പരസ്യമായി ചൂരൽ കൊണ്ടുള്ള ശിക്ഷ നടപ്പാക്കിയത്.
സൗദിയിലെ ഒരു വീട്ടിൽ കുട്ടികളെ പരിപാ ലിക്കുന്ന ജോലി ചെയ്തുവരുന്നതിനിടെയാണ് യുവതി ഈജിപ്തുകാരനായ യുവാവുമായി പ്രണയത്തിലാവുകയും ഗർഭിണിയാകുകയും ചെയ്തത്. എന്നാൽ കാമുകൻ പിന്നീട് രാജ്യം വിടുകയായിരുന്നു. 2025-ൽ ആശുപത്രിയിൽ വെച്ച് ആൺകുഞ്ഞിന് ജന്മം നൽകിയതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.
വിവരമറിഞ്ഞ പോലീസ് യുവതിയെ വീട്ടിൽ നിന്ന് പുറത്താക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് താമസിക്കാൻ ഇടമില്ലാതെ ഒരു പെട്രോൾ പമ്പിന് സമീപം കഴിഞ്ഞുവന്ന ഇവർ, കുഞ്ഞുമായി സ്വന്തം നാടായ കെനിയയിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അധികൃതർ ശിക്ഷ നടപ്പാക്കിയത്. സൗദിയിൽ ജോലിക്ക് എത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് ഗർഭിണിയാക്കിയ ശേഷം നിയമ നടപടികൾ ഭയന്ന് പുരുഷന്മാർ ഉപേക്ഷിച്ചു കടന്നു കളയുന്നത് പതിവാണെന്ന് 2024-ൽ ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു.




