Oddly News

ബന്ധുക്കളില്ല, യുവാവ് കല്യാണത്തിന് വിളിച്ചത് അപരിചിതരെ ! ആഡംബര കാറുള്‍പ്പെടെ സർപ്രൈസ് സമ്മാനവുമായി അതിഥികള്‍- വീഡിയോ

തന്റെ വിവാഹത്തിന് ഓൺലൈനിലൂടെ അപരിചിതരെ ക്ഷണിച്ച് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് ഒരു ചൈനീസ് യുവാവ്. പ്രാഥമിക വിദ്യാഭ്യാസ കാലത്ത് തന്നെ അച്ഛൻ മരിക്കുകയും പിന്നീട് അമ്മ മറ്റൊരു വിവാഹം കഴിച്ച് പോകുകയും ചെയ്തതോടെ ജ്യേഷ്ഠനും ഇയാളും മാത്രമാണ് പരസ്പരം തണലായി ജീവിച്ചത്. വലിയ കഷ്ടപ്പാടുകൾക്കിടയിലും കഠിനാധ്വാനം ചെയ്ത് പണം സമ്പാദിച്ച ഇയാൾ താൻ സ്നേഹിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ വിവാഹത്തിൽ പങ്കെടുക്കാൻ ബന്ധുക്കളായി ആരുമില്ലാത്തതിനാൽ ചടങ്ങുകൾ തികച്ചും വിജനമായിപ്പോകുമോ എന്ന് യുവാവ് ഭയന്നു. തുടർന്നാണ് ഇയാൾ സോഷ്യൽ മീഡിയയിലൂടെ ആളുകളെ ക്ഷണിച്ചത്. “സഹോദരാ, ഞങ്ങൾ ദാ വരുന്നു!!” എന്ന് കുറിച്ചുകൊണ്ട് വൻ പിന്തുണയാണ് ഇന്റർനെറ്റ് ലോകം നൽകിയത്.

സൗജന്യമായി ഭക്ഷണം കഴിക്കാൻ മാത്രമല്ല ആളുകൾ എത്തിയത്. കല്യാണത്തിന് ആവശ്യമായ സാധനങ്ങളും സമ്മാനങ്ങളുമായാണ് സദ്യ ഒരുക്കാൻ നിരവധി പാചകക്കാരും അവിടെ എത്തിയത്. വരനും വധുവിനുമായി മെയ്ബാക്ക് (Maybach) കാർ ഉൾപ്പെടെയുള്ള വമ്പൻ വാഹനവ്യൂഹമാണ് നാട്ടുകാർ ഒരുക്കിയത്. നിരവധിപേർ വന്ന് വീട് അലങ്കരിക്കുകയും മെഴുകുതിരികൾ കത്തിക്കുകയും ചെയ്തു. അപരിചിതരായ മനുഷ്യരുടെ ഈ കൂട്ടായ്മ ആ വിവാഹത്തെ അവിസ്മരണീയമാക്കി മാറ്റി.

റെഡ്ഡിറ്റിൽ (Reddit) പങ്കുവെക്കപ്പെട്ട ഈ വിഡിയോ ലക്ഷക്കണക്കിന് ആളുകളുടെ മനസ്സാണ് തൊട്ടത്. അത്രയും ആളുകൾ തനിക്കായി എത്തിയത് കണ്ടപ്പോൾ ആ യുവാവിന്റെ അവസ്ഥ എന്തായിരുന്നിരിക്കും എന്ന് ഉപയോക്താക്കൾ ആശ്ചര്യത്തോടെ കുറിച്ചു. വരും വർഷങ്ങളിലും ദമ്പതിമാരുടെ വാർഷികങ്ങൾ ആഘോഷിക്കാൻ നാട്ടുകാരുടെ ഈ പിന്തുണ തുടരുമെന്നാണ് പലരും പ്രത്യാശ പ്രകടിപ്പിച്ചത്.