Oddly News

ജോലി റോബോട്ട് നായയെ നടക്കാൻ കൊണ്ടുപോകണം, ശമ്പളം മണിക്കൂറിന് 1,900 രൂപ! ആളെ തപ്പി സ്റ്റാർട്ടപ്പ്!

റോബോട്ട് നായ്ക്കളെ തെരുവിലൂടെ നടത്തുന്നതിനായി മനുഷ്യർക്ക് മണിക്കൂറിൽ 20 ഡോളർ (ഏകദേശം 1,900 രൂപ) പ്രതിഫലം നൽകി അമേരിക്കൻ സ്റ്റാർട്ടപ്പായ ‘ഡൈമൻഷണൽ’ (Dimensional). യഥാർത്ഥ ലോകത്തെ ചുറ്റുപാടുകളിലൂടെ സഞ്ചരിക്കാൻ നാല് കാലുള്ള ഈ എഐ (AI) മെഷീനുകളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പരീക്ഷണം.

സാൻഫ്രാൻസിസ്കോയിലെ തെരുവുകളിൽ പ്രതിദിനം 4 മുതൽ 6 മണിക്കൂർ വരെ റോബോട്ട് നായ്ക്കളെ കൊണ്ട് നടക്കാൻ സാധിക്കുന്ന ആളുകളെയാണ് കമ്പനി ആവശ്യപ്പെടുന്നത്. ഇതിനായി മുൻപരിചയം ആവശ്യമില്ലെന്നും ആവശ്യമായ നിർദ്ദേശങ്ങളും റോബോട്ടിനെയും നൽകുമെന്നും ജോലി പരസ്യത്തിൽ വ്യക്തമാക്കുന്നു. ഏകദേശം 15 കിലോഗ്രാം ഭാരമുള്ള ഈ റോബോട്ട് നായ്ക്കളെ സുരക്ഷിതമായി കൈകാര്യം ചെയ്യാനും മണിക്കൂറുകളോളം പുറത്ത് നടക്കാനും സ്മാർട്ട്ഫോൺ ഉപയോഗിക്കാനും കഴിയുന്നവരായിരിക്കണം അപേക്ഷകർ.

മനുഷ്യർ വഴികാട്ടുമ്പോൾ, റോബോട്ടിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളും സെൻസറുകളും ചുറ്റുപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് എഐ സിസ്റ്റത്തെ പരിശീലിപ്പിക്കുന്നു. ഭാവിയിൽ കനത്ത ഭാരം ചുമക്കുന്നതിനും നിർമ്മാണ മേഖലകളിൽ ജോലി ചെയ്യുന്നതിനുമായി റോബോട്ടുകളെ പ്രാപ്തമാക്കുന്ന ഓപ്പൺ സോഴ്സ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഡൈമൻഷണൽ വികസിപ്പിക്കുന്നത്.

ഇതിനായി ചൈന, ജർമ്മനി, യു.എസ് എന്നീ രാജ്യങ്ങളിൽ നിന്നായി 100 റോബോട്ട് നായ്ക്കളെയും 50 ഹ്യൂമനോയിഡ് റോബോട്ടുകളെയും കമ്പനി വാങ്ങിയിട്ടുണ്ട്. സാൻഫ്രാൻസിസ്കോ തെരുവുകളിൽ കാണപ്പെടുന്ന 2,000 ഡോളർ വിലമതിക്കുന്ന റോബോട്ട് നായ്ക്കൾ ചൈനീസ് കമ്പനിയായ യൂണിട്രീ (Unitree) നിർമ്മിച്ചവയാണ്. ഇവയെ റിമോട്ട് വഴിയോ ആപ്പ് വഴിയോ നിയന്ത്രിക്കാനാകും. നിലവിൽ എഐ സംവിധാനങ്ങൾക്ക് ഹാർഡ്‌വെയറുകളെ തനിയെ നിയന്ത്രിക്കാനുള്ള ശേഷി പൂർണ്ണമായി കൈവന്നിട്ടില്ലാത്തതിനാലാണ് മനുഷ്യരുടെ സഹായം തേടുന്നതെന്ന് ഡൈമൻഷണൽ സ്ഥാപകൻ സ്റ്റാഷ് പോമിക്റ്റർ (Stash Pomichter) വ്യക്തമാക്കി.റോബോട്ട് നായ്ക്കളെ നടത്തുന്നതിന് മണിക്കൂറിൽ 1,900 രൂപ പ്രതിഫലം നൽകി സ്റ്റാർട്ടപ്പ്