Crime

കാറുകൾ തകർത്ത് ബി.എം.ഡബ്ല്യു; തടയാൻ ശ്രമിച്ച ട്രാഫിക് പൊലീസിനെ ഇടിച്ചുവീഴ്ത്താൻ യുവതിയുടെ ശ്രമം! വിഡിയോ വൈറൽ

മുംബൈയിലെ ജൂഹുവിൽ നടന്ന അപകടത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ച ബി.എം.ഡബ്ല്യു ഡ്രൈവറായ സ്ത്രീയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ . ട്രാഫിക് ഉദ്യോഗസ്ഥൻ വാഹനത്തിന് മുന്നിൽ നിന്ന് കാർ നിർത്താൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും, തിരക്കുള്ള റോഡിലൂടെ കാർ മുന്നോട്ട് എടുക്കുകയും തുടർന്ന് അവിടെനിന്ന് ഓടിച്ചു പോകുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം.

‘MH 02 GJ 8704’ എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള ഈ ബി.എം.ഡബ്ല്യു കാർ ജൂഹുവിൽ വെച്ച് ഒരു സ്കൂട്ടറിലും മോട്ടോർ സൈക്കിളിലും മറ്റൊരു കാറിലും ഇടിച്ചതായാണ് വിവരം. അപകടത്തിന് ശേഷവും വാഹനം നിർത്താതെ ഇവർ അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു എന്ന് വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പുകളിൽ പറയുന്നു.

വീഡിയോയിൽ ഒരു ട്രാഫിക് പോലീസുകാരൻ കാറിന് മുന്നിൽ നിന്ന് വാഹനം നിർത്താൻ ആവശ്യപ്പെടുന്നത് കാണാം. പോലീസുകാരന്റെയും ചുറ്റുമുള്ള ആളുകളുടെയും അഭ്യർത്ഥന മാനിക്കാതെ സ്ത്രീ കാർ മുന്നോട്ട് എടുക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ചിത്രീകരിച്ച ഒരു സ്ത്രീ ഡ്രൈവറോട് വാഹനം നിർത്താൻ ആവശ്യപ്പെടുന്നുണ്ട്. സ്ഥിതിഗതികൾ വഷളായതോടെ പോലീസിനെ വിളിക്കാൻ ട്രാഫിക് ഉദ്യോഗസ്ഥൻ മറ്റുള്ളവർക്ക് സൂചന നൽകുന്നതും കാണാം. തുടർന്ന് വിഡിയോ ചിത്രീകരിച്ച വ്യക്തി ബി.എം.ഡബ്ല്യുവിന്റെ പിൻവശത്തെ ഇടത് ഡോർ തുറന്നതോടെയാണ് ഇവർ വാഹനം നിർത്തിയത്.

ശേഷം ഡ്രൈവർ തന്റെ മൊബൈൽ ഫോൺ എടുത്ത് ചുറ്റുമുള്ള ആളുകളുടെ വിഡിയോ പകർത്താൻ തുടങ്ങി. റോഡിൽ വെച്ച് താൻ ഉപദ്രവിക്കപ്പെടുകയാണെന്നും ഒറ്റപ്പെടുത്തുകയാണെന്നും ഇവർ ആരോപിക്കുന്നു. മറ്റൊരു വിഡിയോയിൽ ഇവർ വാഹനവുമായി അവിടെനിന്ന് വേഗത്തിൽ ഓടിച്ചു പോകുന്നതും കാണാം.

ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അപകടത്തെക്കുറിച്ചും ട്രാഫിക് ഉദ്യോഗസ്ഥനോടുള്ള ഡ്രൈവറുടെ പെരുമാറ്റത്തെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് മുംബൈ പോലീസിനോട് ആവശ്യമുയർന്നിട്ടുണ്ട്. ആരോപണങ്ങൾ തെളിഞ്ഞാൽ ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.