സമൂഹത്തിന്റെ മനുഷ്യത്വമെല്ലാം നഷ്ടപ്പെട്ടോ? ഇത് വ്യക്തമാക്കുന്ന ഹൃദയഭേദകമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി തലയിൽ 20 കിലോ തൂക്കമുള്ള ഇഷ്ടികയും പേറി ഒരു തൊഴിലാളി കോണിപ്പടികൾ കയറി 21-ാം നിലയിലേക്ക് പോകുന്നതാണ് വീഡിയോയിലുള്ളത്. നാല് ലിഫ്റ്റുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തലാണ് ഈ മനുഷ്യത്തരഹിതമായ നടപടി. ഉത്തരവാദികളായ ആളുകളെ രൂക്ഷമായി വിമർശിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗം പേരും രംഗത്തെത്തിയിരിക്കുന്നത്.
കെട്ടിടത്തിലെ താമസക്കാരനായ ഒരാളാണ് ഈ വീഡിയോ ചിത്രീകരിച്ചത്. നാല് ലിഫ്റ്റുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തൊഴിലാളി കോണിപ്പടികൾ കയറി 21-ാം നിലയിലേക്ക് നടന്നു പോകേണ്ടി വന്നത്. “ഈ കെട്ടിടത്തിൽ 4 ലിഫ്റ്റുകളുണ്ട്. എന്നാൽ ലിഫ്റ്റിൽ ഇഷ്ടിക കൊണ്ടുപോകാൻ അദ്ദേഹത്തെ അനുവദിക്കുന്നില്ല, അതിനാൽ 21 നിലകളാണ് തലയിൽ ഭാരവുമായി അയാൾ കയറുന്നത്. ഇവിടുത്തെ അവസ്ഥ ഇതാണ്. ഇത്തരം കാര്യങ്ങളിലൂടെ നമ്മുടെ രാജ്യം തീർച്ചയായും വളരും,” വീഡിയോ ചിത്രീകരിച്ചയാൾ പരിഹാസത്തോടെയും അമർഷത്തോടെയും പറയുന്നു. എന്നാൽ വൈറലായ പോസ്റ്റിന്റെ നിജസ്ഥിതി സ്വതന്ത്രമായി സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.
‘k_gauravs’ എന്ന എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ പങ്കുവെച്ച പോസ്റ്റിന് ലക്ഷക്കണക്കിന് ആളുകളാണ് പ്രതികരണവുമായെത്തിയത്. ജോലി ചെയ്ത് ജീവിക്കുന്ന ഒരാളോട് കാണിക്കുന്ന ഇത്തരം മനുഷ്യത്വരഹിതമായ പെരുമാറ്റം അറപ്പുളവാക്കുന്നതാണെന്നും, കഠിനാധ്വാനം ചെയ്യുന്നവരുടെ മുന്നിൽ മനുഷ്യത്വം മറക്കരുതെന്നും പോസ്റ്റിൽ കുറിച്ചിരിക്കുന്നു.
സംഭവത്തിന് പിന്നാലെ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇത് മനുഷ്യത്വമില്ലായ്മയുടെ പരകോടിയാണെന്നും, ഉൽപ്പാദനക്ഷമതയെയും നിർമ്മാണ പ്രവർത്തനങ്ങളെയും അനാവശ്യമായി വൈകിപ്പിക്കുന്ന മണ്ടത്തരമാണെന്നും നെറ്റിസൺസ് അഭിപ്രായപ്പെടുന്നു. കോണിപ്പടികൾ കയറുന്നത് തൊഴിലാളിയുടെ ജീവനുതന്നെ ഭീഷണിയാണെന്നും, ഇത്തരം കഠിനമായ പണികൾക്ക് യന്ത്രസംവിധാനങ്ങളോ ചരക്കെടുക്കുന്ന പ്രത്യേക സംവിധാനങ്ങളോ ഉപയോഗിക്കണമെന്നും ആളുകൾ അഭിപ്രായപ്പെടുന്നു.




