Featured Health

ബീയര്‍, വൈന്‍, ബ്രാന്‍ഡി, വിസ്കി… മദ്യത്തിന്റെ തരം അനുസരിച്ച് മരണസാധ്യത മാറുമോ? പുതിയ പഠനത്തിലെ വിവരങ്ങൾ പുറത്ത്!

എല്ലാത്തരം മദ്യങ്ങളും ഒരുപോലെയല്ല ആരോഗ്യത്തെ ബാധിക്കുന്നതെന്ന് 3,40,000-ത്തിലധികം ആളുകളെ പങ്കെടുപ്പിച്ച് പത്തു വർഷത്തോളമായി നടത്തിയ ഒരു പുതിയ പഠനം വ്യക്തമാക്കുന്നു. ആളുകൾ ഉപയോഗിക്കുന്ന മദ്യത്തിന്റെ തരം അനുസരിച്ച് മരണനിരക്കിൽ പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ഈ പഠനം ചൂണ്ടിക്കാണിക്കുന്നു.

സീയൂ ലി, ബോഹാവോ താൻ, കാസാൻഡ്ര ഡെസ്ജാർഡിൻസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഈ പഠനം ‘ന്യൂട്രീഷൻ ജേണലിൽ’ (Nutrition Journal) ആണ് പ്രസിദ്ധീകരിച്ചത്. യുകെ ബയോബാങ്കിലെ (UK Biobank) 3,40,924 ആളുകളിൽ നിന്നുള്ള വിവരങ്ങളാണ് ഇതിനായി ഗവേഷകർ വിശകലനം ചെയ്തത്. മുൻപ് മദ്യപിച്ചിരുന്നവരെയും നേരത്തെ തന്നെ ഹൃദയസംബന്ധമായ രോഗങ്ങളോ കാൻസറോ ഉള്ളവരെയും ഈ പഠനത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിരുന്നു. പങ്കാളികൾ ഏത് തരത്തിലുള്ള മദ്യമാണ് കഴിക്കുന്നത് (റെഡ് വൈൻ, വൈറ്റ് വൈൻ, ഫ്രൂട്ട് വൈൻ, ബീയർ, സിഡർ, മറ്റ് വീര്യമേറിയ മദ്യങ്ങൾ), എത്ര അളവിൽ കഴിക്കുന്നു എന്നീ വിവരങ്ങൾ കൃത്യമായി ശേഖരിച്ചു.

പങ്കാളികളെ മദ്യം ഉപയോഗിക്കാത്തവർ, കുറഞ്ഞ അളവിൽ കഴിക്കുന്നവർ, മിതമായ രീതിയിൽ കഴിക്കുന്നവർ, കൂടുതൽ കഴിക്കുന്നവർ എന്നിങ്ങനെ തിരിച്ച് ശരാശരി 13.4 വർഷത്തോളം ഇവരെ നിരീക്ഷിച്ചു. പ്രായം, ലിംഗഭേദം, പുകവലി ശീലം, ശാരീരിക അധ്വാനം, ഭക്ഷണരീതി തുടങ്ങിയ ഘടകങ്ങളും ഗവേഷകർ കണക്കിലെടുത്തിരുന്നു.

പഠനകാലയളവിൽ രേഖപ്പെടുത്തിയ 22,381 മരണങ്ങളിൽ, കൂടുതൽ അളവിൽ മദ്യം കഴിക്കുന്നവരിൽ കാൻസർ, ഹൃദ്രോഗം എന്നിവ മൂലമുള്ള മരണനിരക്ക് വളരെ കൂടുതലാണെന്ന് കണ്ടെത്തി. മിതമായ അളവിൽ മദ്യം ഉപയോഗിക്കുന്നവരിൽ പോലും കാൻസർ മൂലമുള്ള മരണസാധ്യത ഉയർന്നതാണ്.

എന്നാൽ കഴിക്കുന്ന മദ്യത്തിന്റെ തരം ഇതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ബീയർ, സിഡർ എന്നിവ കൂടുതൽ കഴിക്കുന്നത് മരണനിരക്ക് ഉയർത്തുന്നതായി കണ്ടെത്തി. വീര്യമേറിയ മദ്യങ്ങൾ (Spirits) കുറഞ്ഞ അളവിൽ ഉപയോഗിച്ചാൽ പോലും ശരീരത്തിന് ദോഷകരമാണ്. എന്നാൽ വൈൻ വ്യത്യസ്തമായ ഫലമാണ് കാണിച്ചത്. വളരെ കുറഞ്ഞ അളവിൽ വൈൻ കഴിക്കുന്നത് മരണസാധ്യത കുറയ്ക്കുന്നതായി കണ്ടെങ്കിലും, കൂടുതൽ അളവിൽ വൈറ്റ് വൈൻ, ഫ്രൂട്ട് വൈൻ എന്നിവ ഉപയോഗിക്കുന്നത് കാൻസർ അടക്കമുള്ള രോഗങ്ങൾ മൂലമുള്ള മരണനിരക്ക് കൂട്ടുന്നു. അതേസമയം കുറഞ്ഞ അല്ലെങ്കിൽ മിതമായ അളവിൽ ‘റെഡ് വൈൻ’ ഉപയോഗിക്കുന്നത് മരണനിരക്ക് കുറയ്ക്കുന്നതായി കണ്ടു.

തല, കഴുത്ത്, ദഹനവ്യവസ്ഥ, കരൾ, രക്തം, സ്തനം, പ്രത്യുത്പാദന അവയവങ്ങൾ എന്നിവയെ ബാധിക്കുന്ന 15 ഓളം കാൻസറുകൾ മൂലമുള്ള മരണങ്ങൾക്ക് മദ്യപാനം കാരണമാകുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ഭക്ഷണത്തോടൊപ്പം മദ്യം കഴിക്കുന്നവർക്ക് മറ്റ് സമയങ്ങളിൽ കഴിക്കുന്നവരെ അപേക്ഷിച്ച് മരണസാധ്യത കുറവാണ്. ചെറുപ്പക്കാർ, പുരുഷന്മാർ, പുകവലിക്കുന്നവർ എന്നിവരിലാണ് മദ്യപാനം മൂലമുള്ള അപകടസാധ്യത കൂടുതൽ കണ്ടത്.

എന്നാൽ കുറഞ്ഞ അളവിൽ റെഡ് വൈൻ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ഈ പഠനം പൂർണ്ണമായി അവകാശപ്പെടുന്നില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. വൈൻ ഉപയോഗിക്കുന്നവരുടെ ഭക്ഷണക്രമവും ജീവിതരീതിയും വരുമാനവുമെല്ലാം മറ്റ് മദ്യങ്ങൾ ഉപയോഗിക്കുന്നവരിൽ നിന്ന് വ്യത്യസ്തമായിരിക്കാം എന്നതാണ് ഇതിന് കാരണം.

ആരോഗ്യത്തിന് പൂർണ്ണമായും സുരക്ഷിതമായ മദ്യപാന അളവ് എന്നൊന്നില്ലെന്ന് ലോക ആരോഗ്യ സംഘടനയും (WHO) വ്യക്തമാക്കിയിട്ടുണ്ട്. മദ്യത്തിന്റെ ഉപയോഗം ഏത് അളവിലായാലും അപകടസാധ്യത കുറയ്ക്കുന്നില്ല എന്ന കണ്ടെത്തലുകളിലേക്ക് തന്നെയാണ് ഈ പുതിയ പഠനവും വിരൽ ചൂണ്ടുന്നത്.