ബട്ടർ ചിക്കനും ബിരിയാണിയും മധുരപലഹാരങ്ങളും കഴിച്ചുകൊണ്ട് തന്നെ ഫിറ്റ്നസ് നിലനിർത്താമെന്ന് തെളിയിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ്. തന്റെ ഫിറ്റ്നസ് യാത്രയെക്കുറിച്ചും ഭക്ഷണരീതികളെക്കുറിച്ചും കഠിനമായ പരിശീലനങ്ങളെക്കുറിച്ചും താരം അടുത്തിടെ മനസ്സ് തുറന്നു. പരമ്പരാഗതമായി കേട്ടുപഴകിയ “കാർബോഹൈഡ്രേറ്റുകളും മധുരവും പൂർണ്ണമായി ഒഴിവാക്കുക” എന്ന രീതിക്ക് പകരം സാധാരണക്കാർക്ക് എളുപ്പത്തിൽ പിന്തുടരാൻ കഴിയുന്ന വഴികളാണ് സൂര്യകുമാർ സ്വീകരിച്ചത്.
ഇന്ത്യൻ ടീമിൽ ഇടംനേടാനായി ഗൗരവമായി പരിശ്രമിക്കാൻ തുടങ്ങിയപ്പോൾ താനും ഭാര്യ ദേവിഷ ഷെട്ടിയും ജീവിതശൈലിയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തി. ഭക്ഷണപ്രിയരായ രണ്ടുപേർക്കും മധുരപലഹാരങ്ങളും ഐസ്ക്രീമുകളും നിയന്ത്രിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ, ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ പൂർണ്ണമായി ഒഴിവാക്കുന്നതിന് പകരം അവ കഴിക്കുന്നതിന്റെ അളവ് കൃത്യമായി ക്രമീകരിക്കാനാണ് (Portions control) അദ്ദേഹം ശ്രദ്ധിച്ചത്. കഠിനാധ്വാനം ചെയ്ത് ലക്ഷ്യങ്ങൾ നേടുമ്പോൾ സ്വയം നൽകുന്ന സമ്മാനമായി മധുരം കഴിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബട്ടർ ചിക്കനും ബിരിയാണിയും തന്റെ ഭക്ഷണക്രമത്തിൽ നിന്ന് ഒരിക്കലും മാറ്റിനിർത്തിയിട്ടില്ലെന്നും, കഴിക്കുന്ന അളവിൽ മാത്രമാണ് ശ്രദ്ധിച്ചതെന്നും ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിൽ സൂര്യകുമാർ പറഞ്ഞു. ബാറ്റിംഗ് പരിശീലനത്തിന് പുറമെ ജിം സെഷനുകൾ, റണ്ണിംഗ്, യോഗ, ധ്യാനം, ശരീരത്തിന് ആവശ്യമായ വിശ്രമം എന്നിവ ഉൾപ്പെടുന്ന കൃത്യമായ ദിനചര്യയാണ് അദ്ദേഹം പിന്തുടരുന്നത്. ഭാര്യ ദേവിഷ നൽകിയ പിന്തുണയും വൈകീട്ടുള്ള പാർട്ടികളും യാത്രകളും ഒഴിവാക്കി പരിശീലനത്തിന് മുൻഗണന നൽകിയതും തന്റെ പ്രകടനത്തെയും ചിന്താഗതിയെയും വലിയ രീതിയിൽ മാറ്റിമറിച്ചുവെന്നും സൂര്യകുമാർ യാദവ് കൂട്ടിച്ചേർത്തു.




