Featured Spotlight

ശശികല ജയലളിതയെ ചവിട്ടുന്നത് നേരില്‍ കണ്ടു, അമ്മയുടേത് കൊലപാതകം; തെളിവുണ്ടെന്ന് മകളെന്ന് അവകാശപ്പെടുന്ന മലയാളി യുവതി

കൊച്ചി: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എംജിആറിന്റെയും മകൾ എന്ന് അവകാശപ്പെടുന്ന തൃശൂർ കാട്ടൂർ സ്വദേശി കെ.എം. സുനിത ‘അമ്മ’യുടെ സ്മൃതി മണ്ഡപത്തിൽ നിരാഹാര സമരത്തിനൊരുങ്ങുന്നു. ജയലളിതയുടേത് കൊലപാതകമാണെന്നും അതിൽ അന്വേഷണം വേണമെന്നുമാണ് സുനിതയുടെ പ്രധാന ആവശ്യം. ഒപ്പം, താൻ ജയലളിതയുടെ മകളാണെന്ന് അറിയാവുന്നവർ ആ സത്യം പുറത്തുപറയണമെന്നും അവർ ആവശ്യപ്പെട്ടു. രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്ക് കത്തുകൾ അയച്ചിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് എറണാകുളം പ്രസ് ക്ലബിൽ വാർത്താ സമ്മേളനം വിളിച്ച് അവർ നിലപാട് വ്യക്തമാക്കിയത്.

തമിഴ്നാട്ടിൽ ജനിച്ച് കേരളത്തിൽ വളർന്ന തനിക്ക് രണ്ട് കുട്ടികളുണ്ടെന്നും തമിഴ്‌നാട്ടിൽ പുതുതായി വരുന്ന ടിവികെ സർക്കാരിലും മുഖ്യമന്ത്രിയിലും വിശ്വാസമർപ്പിച്ചാണ് അങ്ങോട്ട് പോകുന്നതെന്നും സുനിത പറഞ്ഞു. തനിക്കും മക്കൾക്കും ജീവന് ഭീഷണിയുണ്ടെന്നും ‘അമ്മ’യ്ക്ക് നീതി ലഭിക്കാനായി സ്വന്തം ജീവൻ പോലും നൽകാൻ തയാറാണെന്നും അവർ വ്യക്തമാക്കി. ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്ന് തെളിയിക്കുന്ന രേഖകളും ഡിഎൻഎ പരിശോധനാ ഫലവും കൈവശമുണ്ടെന്നാണ് സുനിതയുടെ അവകാശവാദം. മരണത്തിലെ ദുരൂഹത നീക്കണമെന്നും മകളായി അംഗീകരിക്കണമെന്നും കാട്ടി കേന്ദ്ര ഭരണാധികാരികൾക്ക് അപേക്ഷ നൽകിയെങ്കിലും പ്രതികരണമുണ്ടായില്ല. സുപ്രീം കോടതിയെ സമീപിക്കാൻ അഭിഭാഷകനെ ചുമതലപ്പെടുത്തിയെങ്കിലും കേസിൽ പുരോഗതിയുണ്ടായില്ല. തൃശൂരിൽ വച്ച് തന്നെ ആക്രമിക്കാൻ ശ്രമമുണ്ടായപ്പോൾ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും, പ്രതിയുടെ ഭാര്യയുടെ അഭ്യർത്ഥന മാനിച്ചാണ് കേസ് പിൻവലിച്ചതെന്നും സുനിത വെളിപ്പെടുത്തി.

എംജിആറിന്റെയും ജയലളിതയുടെയും മകളായ തന്നെ, ജനിച്ച് രണ്ടുമാസമുള്ളപ്പോൾ സഹായിയായിരുന്ന തൃശൂർ സ്വദേശി മാധവനെ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് സുനിത പറയുന്നത്. വളർത്തമ്മയിൽ നിന്ന് കടുത്ത ഉപദ്രവങ്ങൾ നേരിടേണ്ടി വന്നു. 17-ാം വയസ്സിൽ ജയലളിത തന്നെ കണ്ടെത്തി ചെന്നൈയിലേക്ക് വിളിപ്പിക്കുകയും ഡിഎൻഎ പരിശോധനയിലൂടെ മകളാണെന്ന് ഉറപ്പുവരുത്തിയ ശേഷം സത്യം വെളിപ്പെടുത്തുകയും ചെയ്തു. അന്ന് കൂടെയുണ്ടായിരുന്നവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ടിവികെ പാർട്ടിയുടെ കേരളത്തിലെ സംഘാടകനായ വ്യക്തി ജയലളിതയ്ക്കൊപ്പം ഉണ്ടായിരുന്നയാളും ഈ വിവരങ്ങൾ കൃത്യമായി അറിയാവുന്ന ആളുമാണ്. കഴിഞ്ഞ 10 വർഷമായി ഇയാളെ കാണാൻ ശ്രമിക്കുകയാണെന്നും സത്യം പുറത്തുപറയാൻ അദ്ദേഹം തയാറാകണമെന്നും സുനിത അഭ്യർത്ഥിച്ചു.

ശശികല അടക്കമുള്ളവർ ചേർന്ന് ജയലളിതയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും അതിന് താൻ ദൃക്സാക്ഷിയാണെന്നുമാണ് സുനിതയുടെ ഗുരുതരമായ ആരോപണം. 2016 സെപ്റ്റംബർ 22-ന് പോയസ് ഗാർഡനിലേക്ക് വിളിപ്പിച്ചപ്പോൾ അവിടെ ജയലളിത അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ടി.ടി.വി. ദിനകരൻ, ഇളവരസി, വി.കെ. സുധാകരൻ, ശശികല എന്നിവർ അവിടെയുണ്ടായിരുന്നുവെന്നും ശശികല ജയലളിതയെ ചവിട്ടുന്നത് കണ്ട് താൻ അലറിക്കരഞ്ഞപ്പോൾ സഹായി വായ പൊത്തിയെന്നും സുനിത പറയുന്നു. അവിടെനിന്ന് ഇറങ്ങിയോടിയ താൻ അന്നേ ദിവസം വൈകിട്ട് വാർത്താസമ്മേളനം നടത്തി ജയലളിത സ്വന്തം മകളെ പ്രഖ്യാപിക്കാനിരിക്കെയാണ് കൊല്ലപ്പെട്ടതെന്നും അവർ അവകാശപ്പെട്ടു. എറണാകുളം സ്വദേശിയായ പൊതുപ്രവർത്തകൻ ടി.എം. ശ്രീജിത്തിനൊപ്പമാണ് സുനിത വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.