ലാഹോർ: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റന്മാരായ നാസർ ഹുസൈനെയും മൈക്കൽ അതേർട്ടനെയും ഏകദിന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള കമന്ററി പാനലിൽ നിന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഒഴിവാക്കി. ജയിലിൽ കഴിയുന്ന മുൻ പാക്ക് ക്യാപ്റ്റൻ ഇമ്രാൻ ഖാന്റെ മക്കളുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കമാണ് ആറംഗ കമന്ററി പാനലിൽനിന്ന് ഇരുവരെയും മാറ്റാൻ കാരണം. 2024-ൽ ഇംഗ്ലണ്ട് പാക്കിസ്ഥാൻ പര്യടനം നടത്തിയപ്പോൾ അതേർട്ടനും ഹുസൈനും കമന്ററി ടീമിലുണ്ടായിരുന്നു. ഈ മാസം 18 മുതൽ 31 വരെയാണ് പാക്കിസ്ഥാൻ, ശ്രീലങ്ക, ഇംഗ്ലണ്ട് ടീമുകൾ പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പര നടക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റിൽ പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് ഇമ്രാന്റെ മക്കളായ കാസിം, സുലൈമാൻ ഖാൻ എന്നിവരുമായി അതേർട്ടൻ നടത്തിയ അഭിമുഖം സ്കൈ സ്പോർട്സ് സംപ്രേഷണം ചെയ്തത്. ലോർഡ്സ് ടെസ്റ്റിനിടെ സംപ്രേഷണം ചെയ്ത ഈ അഭിമുഖത്തിൽ പ്രതിഷേധിച്ച്, പാക്ക് താരങ്ങളെ ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ കളത്തിലിറക്കില്ലെന്ന് പിസിബി ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രിയായ മൊഹ്സിൻ നഖ്വിയാണ് നിലവിൽ പിസിബി ചെയർമാൻ.
അധികാരികൾ അവഗണനയിലൂടെയും ഒറ്റപ്പെടുത്തലിലൂടെയും ഇമ്രാൻ ഖാനെ കൊല്ലാൻ ശ്രമിക്കുകയാണെന്ന് അഭിമുഖത്തിനിടെ മക്കൾ ആരോപിച്ചിരുന്നു. ജയിലിൽ വച്ച് പല രാഷ്ട്രീയ തടവുകാരും മരണപ്പെട്ടിട്ടുണ്ടെന്നും പാക്ക് സർക്കാർ പിതാവിനോടും ഇത് തന്നെയാണ് ചെയ്യാൻ പദ്ധതിയിടുന്നതെന്നും ഇമ്രാന്റെ മകൻ കാസിം പറഞ്ഞു. പാക്കിസ്ഥാന് ലോകകപ്പ് നേടിത്തന്ന മുൻ പ്രധാനമന്ത്രി കൂടിയായ ഇമ്രാൻ ഖാൻ, ഒരു ചെറിയ സെല്ലിൽ ദിവസവും 23 മണിക്കൂറിലധികം തനിച്ചാണ് കഴിയുന്നതെന്നും ഇരുവരും വെളിപ്പെടുത്തി.
സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ ഭരണകൂടം തങ്ങൾക്ക് വീസ നിഷേധിച്ചതായും അവർ ആരോപിച്ചു. എന്നാൽ, ഇമ്രാന്റെ ബന്ധുക്കൾക്കോ അഭിഭാഷകർക്കോ ഡോക്ടർമാർക്കോ അദ്ദേഹത്തെ കാണുന്നതിന് വിലക്കേർപ്പെടുത്തിയിട്ടില്ലെന്നാണ് പാക്കിസ്ഥാൻ സർക്കാരിന്റെ വിശദീകരണം. ‘രാഷ്ട്രീയ സ്വഭാവമുള്ള’ ഈ അഭിമുഖം സംപ്രേഷണം ചെയ്തതിന് സ്കൈ സ്പോർട്സിന് പിസിബി ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.




