തന്റെ ശരീരഭാരം 25 കിലോയോളം കുറച്ചതിനെക്കുറിച്ചും 2020-ൽ മദ്യപാനം പൂർണ്ണമായി ഉപേക്ഷിച്ചതിനെക്കുറിച്ചും തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഫർദീൻ ഖാൻ. സൈറസ് ബ്രോച്ചയുമായുള്ള അഭിമുഖത്തിലാണ് ‘ഹൗസ്ഫുൾ 5’ താരം തന്റെ ജീവിതത്തിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ചും ആരോഗ്യകരമായ ജീവിതരീതികളെക്കുറിച്ചും സംസാരിച്ചത്. ഒരു പതിറ്റാണ്ടിലേറെയായി സിനിമാരംഗത്തുനിന്ന് വിട്ടുനിന്ന ഫർദീൻ, സഞ്ജയ് ലീലാ ഭൻസാലിയുടെ ‘ഹിരാമണ്ഡി’ എന്ന പരമ്പരയിലൂടെയാണ് അഭിനയത്തിലേക്ക് തിരികെയെത്തിയത്. അദ്ദേഹത്തിന്റെ പുതിയ ലുക്ക് ആരാധകർക്കിടയിൽ വൻ ശ്രദ്ധ നേടുകയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.
ശരീരഭാരം ഏറ്റവും കൂടുതലായിരുന്ന സമയത്ത് താൻ 102-103 കിലോയോളം ഉണ്ടായിരുന്നുവെന്നും, ഇപ്പോൾ അത് 78-79 കിലോയായി കുറച്ചെന്നും ഫർദീൻ വെളിപ്പെടുത്തി. തടിച്ച ശരീരപ്രകൃതി കാരണം സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വന്ന പരിഹാസങ്ങളെക്കുറിച്ചും തനിക്ക് സ്വന്തം ശരീരത്തിൽ തീർത്തും അസ്വസ്ഥത തോന്നിയിരുന്നതിനെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു.
2020 ലെ കോവിഡ് ലോക്ക്ഡൗൺ കാലത്താണ് മദ്യപാന ശീലം ഒറ്റയടിക്ക് ഉപേക്ഷിച്ചതെന്ന് ഫർദീൻ പറയുന്നു. മദ്യപാനം നിർത്തിയത് അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത്. നല്ല ഉറക്കം, മാനസികാരോഗ്യം, കരളിന്റെ പ്രവർത്തനം മെച്ചപ്പെടൽ തുടങ്ങി നിരവധി ഗുണങ്ങളാണ് മദ്യം ഉപേക്ഷിക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്നത്.
എന്നാൽ, സ്ഥിരമായി മദ്യപിക്കുന്നവർ ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ പെട്ടെന്ന് മദ്യപാനം നിർത്തുന്നത് അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പെട്ടെന്ന് നിർത്തുമ്പോൾ ഉണ്ടാകുന്ന വിത്ഡ്രോവൽ ലക്ഷണങ്ങൾ തലച്ചോറിനെയും മാനസികാരോഗ്യത്തെയും ബാധിച്ചേക്കാം. മദ്യപാനം ഉപേക്ഷിക്കുന്നത് കൊണ്ടുള്ള അഞ്ച് പ്രധാന ആരോഗ്യ ഗുണങ്ങൾ താഴെ പറയുന്നവയാണ്.
- തലച്ചോറിന്റെ ആരോഗ്യവും മാനസികസുഖവും മെച്ചപ്പെടുന്നു: മദ്യപാനം ഓർമ്മശക്തി, ഏകാഗ്രത, ഉറക്കം, മാനസികാവസ്ഥ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. മദ്യം ഉപേക്ഷിക്കുന്നതിലൂടെ മാനസിക വ്യക്തതയും നല്ല ഉറക്കവും മികച്ച മൂഡും തിരിച്ചുകിട്ടും.
- കരളിന്റെ പ്രവർത്തനം മെച്ചപ്പെടുന്നു: ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന കരളിലെ കോശങ്ങൾക്ക് മദ്യപാനം വലിയ നാശം വരുത്തുന്നു. മദ്യം ഉപേക്ഷിക്കുന്നത് കരളിനുണ്ടാകുന്ന വീക്കം കുറയ്ക്കാനും കരൾ രോഗങ്ങൾ തടയാനും സഹായിക്കും.
- കാൻസർ സാധ്യത കുറയ്ക്കുന്നു: വായ, തൊണ്ട, കരൾ, വൻകുൾ തുടങ്ങിയ ഭാഗങ്ങളിലുണ്ടാകുന്ന കാൻസർ സാധ്യത മദ്യപാനം വർദ്ധിപ്പിക്കുന്നു. മദ്യപാനം ഒഴിവാക്കുന്നത് ഇത്തരം രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും.
- ദഹന ആരോഗ്യം മെച്ചപ്പെടുന്നു: വയറിന്റെയും കുടലിന്റെയും ഭിത്തികളെ മദ്യം ദോഷകരമായി ബാധിക്കാറുണ്ട്. മദ്യം ഉപേക്ഷിക്കുന്നത് അസിഡിറ്റി, നെഞ്ചെരിച്ചിൽ, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ ശമിപ്പിക്കും.
- പൊതുവായ ആരോഗ്യം വർദ്ധിക്കുന്നു: അമിത മദ്യപാനം ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകാറുണ്ട്. കൂടാതെ മദ്യത്തിൽ ധാരാളം കാലറികൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് ശരീരഭാരം കൂട്ടുകയും ചെയ്യും. മദ്യം ഒഴിവാക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും രോഗസാധ്യതകൾ കുറയ്ക്കാനും സാധിക്കും.
അതേസമയം, കടുത്ത മദ്യപാന ശീലമുള്ളവർ കൃത്യമായ വൈദ്യസഹായത്തോടെ മാത്രമേ മദ്യപാനം നിർത്താവൂ എന്ന് ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു. പെട്ടെന്ന് നിർത്തുന്നത് അപസ്മാരം, അമിതമായ ഉത്കണ്ഠ, വിറയൽ തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.




